നിര്‍ഭയത്തോടെ മുന്നേറാന്‍ രംഗു സൂര്യ

Tuesday 19 January 2016 8:15 pm IST

എങ്ങും പതിയിരിക്കുന്ന ചൂഷകര്‍, തരംകിട്ടിയാല്‍ കഴുകനെപ്പോലെ പറന്നെത്തി റാഞ്ചാന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍. ഇവരില്‍ നിന്നും തള്ളക്കോഴിയെപ്പോലെ, കുഞ്ഞുങ്ങളെ ചിറകിനടിയിലൊളിപ്പിച്ച് സംരക്ഷിക്കുകയാണ് രംഗു സൂര്യയെന്ന ഡാര്‍ജലിങ് സ്വദേശിനി. സ്വയം രക്ഷയ്ക്ക് ഒന്നുറക്കെക്കരയാന്‍ പോലും ശേഷിയില്ലാത്ത ബാല്യങ്ങള്‍ മുതല്‍ കൗമാരത്തിലേക്ക് കാലൂന്നിയവരെ വരെ ചൂഷിതരില്‍ നിന്നും പോരാട്ടത്തിലൂടെ വീണ്ടെടുത്തിട്ടുണ്ട് ഇവര്‍. മനുഷ്യക്കടത്തിന് ഇരയായ 500 ഓളം പെണ്‍കുട്ടികളെയാണ് ഈ പെണ്‍കരങ്ങള്‍ രക്ഷിച്ചെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വേശ്യാലയങ്ങളില്‍ എത്തപ്പെട്ട് ചൂഷണത്തിനിരയായവരാണ് ഇവരില്‍ ഭൂരിഭാഗവും. ലൈംഗിക അടിമകളാക്കപ്പെട്ട ഈ പെണ്‍കുട്ടികളെ രക്ഷിക്കുകയെന്നതാണ് സൂര്യ ജീവിത ദൗത്യമായി കരുതുന്നതും. മാഫിയകളില്‍ നിന്നുള്ള ഭീഷണി ഒരുവശത്ത ശക്തമാകുമ്പോഴും സ്വന്തം കൈയില്‍ നിന്നും കാശുമുടക്കിയാണ് സൂര്യയുടെ സേവന പ്രവര്‍ത്തനങ്ങള്‍. സിക്കിം, വടക്കന്‍ ബംഗാള്‍, നേപ്പാള്‍, അസം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ലൈംഗിക അടിമകളായി വില്‍ക്കുകയാണ് ചെയ്യുന്നത്. ഡാര്‍ജലിങിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്ത്രീകളെ കടത്തുന്നതിനെക്കുറിച്ചും അവരെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും സൂര്യ ബോധവതിയാകുന്നത്. പിന്നെ അവരെ രക്ഷിക്കുന്നതിനായി ജീവിതംതന്നെ സമര്‍പ്പിക്കുകയായിരുന്നു. കാഞ്ചന്‍ജംഗ ഉദ്ധാര്‍ കേന്ദ്ര എന്ന സന്നദ്ധസംഘടനയുമായി ചേര്‍ന്നാണ് സൂര്യ പ്രവര്‍ത്തിക്കുന്നത്. മാഫിയയില്‍ നിന്നും ഭീഷണി മാത്രമല്ല, തന്റെ ഉദ്യമത്തില്‍ നിന്നും പിന്മാറുന്നതിനായി വന്‍തോതില്‍ പണവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഈ രണ്ടുകാര്യത്തിനുമുന്നിലും മുട്ടുമടക്കാന്‍ സൂര്യ തയ്യാറല്ല. 2004 ല്‍ തുടങ്ങിയതാണ് സൂര്യയുടെ ഈ മഹത്തായ സേവനം. തന്റെ വീടിന് സമീപത്തുനിന്നും ഒരു 13 വയസുകാരിയെ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരാള്‍ കടത്തിക്കൊണ്ടുപോയതിനെത്തുടര്‍ന്നാണ് ചൂഷണത്തിന് ഇരയാകുന്ന കുട്ടികളെ തടവില്‍ നിന്നും രക്ഷിക്കുകയെന്നത് തന്റെ ലക്ഷ്യമാക്കി മാറ്റിയത്. ഒരു ഭീഷണിയ്ക്കും തന്നെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നും സൂര്യ വ്യക്തമാക്കുന്നു. പുരുഷന്മാര്‍പോലും ധൈര്യത്തോടെ ഇടപെടാത്ത പ്രവര്‍ത്തനങ്ങളിലാണ് സൂര്യ ഏര്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇവരെ ഹീറോയെന്ന് വിശേഷിപ്പിക്കുന്നതും. ഗോഡ്‌ഫ്രെ ഫിലിപ്‌സ് സോഷ്യല്‍ ബ്രേവറി അവാര്‍ഡ്, 2009 ല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വുമണ്‍ അച്ചീവേഴ്‌സ് അവാര്‍ഡ് എന്നിവ സൂര്യയെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ 20 ഓളം പ്രാദേശിക അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.