ചന്ദ്രന്‍ വധം; പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി

Tuesday 19 January 2016 8:10 pm IST

മാവേലിക്കര: ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹായിരുന്ന വള്ളികുന്നം നെടിയത്ത് ജി. ചന്ദ്രനെ(39) സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷി വിസ്താരം പൂര്‍ത്തിയായി. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് മൂന്നാം തീയതി തുടങ്ങിയ സാക്ഷി വിസ്താരമാണ് രണ്ട് ഷെഡ്യൂളുകളിലായി മാവേലിക്കര അഡീഷല്‍ സെഷന്‍സ് കോടതി (മൂന്ന്) മുന്‍പാകെ പൂര്‍ത്തീകരിച്ചത്. കോടതി നേരിട്ട് പ്രതികളുടെ മൊഴിയെടുക്കുന്നത് മാത്രമാണ് കേസില്‍ ഇനിയും പൂര്‍ത്തിയാകാനുള്ളത്. കേസിന്റെ അന്വേഷണ ഉദ്യേഗസ്ഥനായിരുന്ന അന്നത്തെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബി. രവീന്ദ്രപ്രസാദ് ഹാജരാക്കിയ കുറ്റപത്രത്തിലെ സാക്ഷികളെ കൂടാതെ പ്രോസിക്യൂഷന്‍ കൂടുതലായി ഹാജരാക്കിയ സാക്ഷിപ്പട്ടികയിലെ സാക്ഷിയെയും കോടതി മുമ്പാകെ വിസ്തരിച്ചു. ചന്ദ്രനെ സിപിഎമ്മുകാരായ പ്രതികള്‍ വെട്ടിയും അടിച്ചും കൊലപ്പെടുത്തുന്നത് ഒന്നാം സാക്ഷി രാജീവ് കോടതി മുന്‍പാകെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിവരിച്ചത്. കൊലപാതകത്തിന് ദൃക്‌സാക്ഷികളായ ഒന്നു മുതല്‍ മൂന്നുവരെ സാക്ഷികളുടെ വിസ്താരം ദിവസങ്ങളോളമാണ് നീണ്ടുനിന്നത്. തുടര്‍ന്നു വിസ്തരിച്ച സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്. കേസിന്റെ വിചാരണയുടെ തുടക്കം മുതല്‍ തന്നെ സാക്ഷികളെ പ്രലോഭിപ്പിച്ച് വിചാരണ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പ്രതികള്‍ സ്വീകരിച്ചത്. 2007 ഏപ്രില്‍ 20ന് രാത്രിയില്‍ വെട്ടിയാര്‍ പഠിപ്പുര ജംഗ്ഷനു സമീപമാണ് ചന്ദ്രനെ കൊലപ്പെടുത്തിയത്. സിപിഎമ്മുകാരായ വെട്ടിയാര്‍ കോട്ടയ്ക്കകത്ത് ഓമനക്കുട്ടന്‍ (45), റോബിന്‍വില്ലയില്‍ റോഷന്‍(30), സഹോദരന്‍ റോബിന്‍ (25), കോട്ടയ്ക്കകത്ത് പ്രദീപ് (30), സഹോദരന്‍ പ്രവീണ്‍ (27), മുളംകുറ്റിയില്‍ വീട്ടില്‍ സുനില്‍ (37), നെടുംങ്കണ്ടത്തില്‍ വീട്ടില്‍ കുഞ്ഞുമോന്‍ (60) എന്നിവരാണ് കേസിലെ പ്രതികള്‍. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍, ശ്രീദേവി പ്രതാപ് എന്നിവര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.