തൊടുപുഴ പാലം അപകടത്തില്‍

Tuesday 19 January 2016 8:21 pm IST

                  പാലത്തിന്റെ കോണ്‍ക്രീറ്റിനുള്ളില്‍ നിന്ന് കമ്പി പുറത്തുവന്ന് തുരുമ്പിച്ചിട്ടും നടപടി സ്വീകരിക്കുവാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല അനൂപ് തൊണ്ടിക്കുഴ തൊടുപുഴ: നഗരത്തിലെ പ്രധാന  പാലമായ തൊടുപുഴ പഴയപാലം അപകട ഭീഷണിയില്‍. പാലത്തിന്റെ അടിയില്‍ നിരവധി ഇടങ്ങളില്‍ കോണ്‍ക്രീറ്റ് ഇളകി തുരുമ്പെടുത്ത കമ്പികള്‍ പുറത്ത് വന്ന നിലയിലാണ്. പാലത്തിന്റെ ആരംഭത്തിലെ കരിങ്കല്‍ കെട്ട് വിണ്ട് കീറി ഏറെ അപകടകരമായി നിലനില്‍ക്കുകയാണ്. മിനി സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനെയും ഗാന്ധി സ്‌ക്വയറിനെയും  ബന്ധിപ്പിക്കുന്ന പാലം തൊടുപുഴ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നിന്നാണ് ആരംഭിക്കുന്നത്. അല്പം മാറി പുതിയ പാലം നിര്‍മ്മിച്ചെങ്കിലും പഴയപാലം വഴിയുള്ള തിരക്കിന് കുറവുണ്ടായില്ല. കല്ല് കൊണ്ട് നിര്‍മ്മിച്ച തൂണുകള്‍ ഉയരം കൂട്ടി 6 അടിയോളം  കോണ്‍ക്രീറ്റ് ചെയ്താണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ മദ്ധ്യഭാഗത്ത് ഉള്‍പ്പെടെ ബീമുകളും തകര്‍ച്ചയുടെ വക്കിലാണ്. നിലവില്‍ പാലത്തിന്റെ പഴക്കം വര്‍ദ്ധിച്ചതിനാല്‍ ഭാര വാഹനങ്ങള്‍ക്ക് കര്‍ശ്ശന നിയന്ത്രണമുണ്ട്. ഒരു വശത്തുകൂടി മാത്രമാണ്  പകല്‍ ബസ് കടത്തിവിടുന്നത്. വീതി കുറഞ്ഞ പാലത്തില്‍ ഇരുവശങ്ങളിലും   നടപ്പാലം നിര്‍മ്മിച്ചിടുണ്ട്. പാലത്തിലൂടെ നടക്കുമ്പോള്‍ ചെറിയ വാഹനങ്ങള്‍ കടന്ന് പോയാല്‍ പോലും കുലുക്കം അനുഭവപ്പെടുന്നത് ഭീതി വര്‍ദ്ധിപ്പിക്കുന്നു.  നൂറുക്കണക്കിന് വാഹനങ്ങളാണ് തലങ്ങും വിലങ്ങും ഇതിലൂടെ പായുന്നത്. അധികാരികള്‍ വേണ്ടത്ത ശ്രദ്ധ ചെലുത്താത്തതും പരിശോധനകള്‍ നടത്താത്തതുമാണ് പാലം തകര്‍ച്ചയിലേക്ക് നീങ്ങാന്‍ കാരണമാകുന്നത്. ബ്രിട്ടീഷ് കാരുടെ കാലത്ത് നിര്‍മ്മിച്ച തടിപ്പാലം മാറ്റിയാണ് 1970ല്‍ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ പുതിയ പാലം ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ അപകടസ്ഥിതി എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ നിരവധി ജീവനുകളാകും അപകടത്തിലേക്ക് വഴുതി വീഴേണ്ടിവരുക. പൊതുമരാമത്ത്  ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പാലത്തിന്റെ അപകടസ്ഥിതിക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.