മനോജ് വധം; ജയരാജന്റെ അറസ്റ്റിന് കളമൊരുങ്ങുന്നു

Tuesday 19 January 2016 8:26 pm IST

പാനൂര്‍: കതിരൂര്‍ മനോജ് വധത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അറസ്റ്റിനു സാധ്യത തെളിയുന്നു. അറസ്റ്റില്‍ നിന്നും രക്ഷനേടാന്‍ പണിപതിനെട്ടും പയറ്റിയിട്ടും പരാജയപ്പെട്ട സിപിഎമ്മിന് പി.ജയരാജനെ ഇനി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കുകയല്ലാതെ മറ്റൊരു പോംവഴിയില്ലായെന്ന നിലയാണ് നിലവില്‍. ഇനി നോട്ടീസ് നല്‍കി വിളിപ്പിക്കില്ലെന്ന നിലപാടിലാണ് സിബിഐ. അതിനാല്‍ കസ്റ്റഡിയിലെടുക്കാന്‍ അവസരമൊരുക്കാതെ നേരിട്ടു ഹാജരാക്കാനുളള നീക്കമാണ് സിപിഎം ആലോചിക്കുന്നത്. കേസിലെ ആസൂത്രണത്തില്‍ മുഖ്യപങ്കു വഹിച്ച ജയരാജന്‍ കേസില്‍ പ്രതിയാകും മുന്‍പു രണ്ടുവട്ടം മുന്‍കൂര്‍ ജാമ്യത്തിനു കോടതിയെ സമീപിക്കുകയായിരുന്നു. ഇതു പി.ജയരാജന്റെ പങ്ക് ബലപ്പെടുത്തുന്നതായി. മുന്‍കൂര്‍ വാദത്തിനിടെ കേസില്‍ പ്രതിയാകും മുന്‍പു ഭയപ്പെടുന്നതെന്തിനെന്നു സിബിഐ പ്രോസിക്യൂട്ടര്‍ ചോദിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി വിക്രമനെ ദൗത്യമേല്‍പ്പിച്ചതു പി.ജയരാജനാണെന്നു വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ സിബിഐ ശേഖരിച്ചിട്ടുണ്ട്. കൊലപാതകം നടത്തുന്നതിനു മാസങ്ങള്‍ക്കു മുന്‍പു തന്നെ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. 16 അംഗ കൊലയാളി സംഘമടക്കം 24 പേര്‍ നിലവില്‍ കേസില്‍ പ്രതിയായിട്ടുണ്ട്. പി.ജയരാജനെ ചോദ്യം ചെയ്താല്‍ ആസൂത്രണത്തില്‍ പങ്കാളികളായ മറ്റു നേതാക്കളുടെ പേരു പുറത്തു വരുമെന്ന ഭയമായിരുന്നു മുന്‍കൂര്‍ ജാമ്യത്തിനായുളള ഭഗീരഥ പ്രയത്‌നം. ശാരീരിക അവശത ചൂണ്ടിക്കാട്ടി രക്ഷനേടാന്‍ ശ്രമം നടത്തിയെങ്കിലും പഴുതടച്ച നീക്കമാണ് സിബിഐ നടത്തിയത്. ഇതു സിപിഎമ്മിനു തിരിച്ചടിയായി. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 505 ദിവസമായിട്ടും തന്റെ കക്ഷിക്കെതിരെ യാതൊരു തെളിവും നല്‍കാന്‍ കഴിഞ്ഞില്ലായെന്ന് പി.ജയരാജന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. തെളിവുകള്‍ ഹാജരാക്കാന്‍ കോടതിയിലൂടെ സമ്മര്‍ദ്ധം ചെലുത്താനുളള ശ്രമമായിരുന്നു അഭിഭാഷകന്‍ നടത്തിയത്. പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയ സിപിഎം പി.ജയരാജനെ ഹാജരാക്കാതെ ഹൈക്കോടതിയെ സമീപിക്കാനുളള നീക്കവും സിബിഐ തളളികളയുന്നില്ല. അതിനാല്‍ ജാഗ്രതയോടെയാണ് സിബിഐ കരുക്കള്‍ നീക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.