തിരുവൈരാണിക്കുളം ശ്രീ പാര്‍വതി ദേവിയുടെ നടതുറപ്പ്‌ മഹോത്സവം എട്ട്‌ മുതല്‍

Thursday 5 January 2012 7:15 pm IST

കൊച്ചി : ചരിത്രപ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ്‌ മഹോത്സവത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 8 ന്‌ രാത്രി 8 മണി മുതല്‍ ജനുവരി 19 രാത്രി 8 മണി വരെയാണ്‌ ഉത്സവം. ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന്‌ ദര്‍ശനം ലഭിക്കുകയുള്ളു വെന്നത്‌ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌. നടതുറപ്പ്‌ മഹോത്സവ വേളയില്‍ ശ്രീ മഹാദേവനേയും ശ്രീപാര്‍വതീദേവിയേയും ദര്‍ശനം നടത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ മംഗല്യ സൗഭാഗ്യവും ഇഷ്ടസന്താന ലബ്ധിയും ദീര്‍ഘ മംഗല്യവും അഭീഷ്ടവരസിദ്ധിയും കൈവരുമെന്നാണ്‌ വിശ്വാസം. ഈ വേളയില്‍ ദര്‍ശനം നടത്തുന്നത്‌ ഏറിയ പങ്കും സ്ത്രീകളായതിനാല്‍ പെരിയാറിന്റെ തീരത്തെ ഈ പുണ്യക്ഷേത്രത്തെ 'സ്ത്രീകളുടെ ശബരിമല' എന്ന്‌ വിശേഷിപ്പിക്കുന്നു.
നടതുറപ്പ്‌ മഹോത്സവത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ എട്ടിന്‌ വൈകിട്ട്‌ നാലിന്‌ ശ്രീ പാര്‍വ്വതീദേവിക്ക്‌ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര അകവൂര്‍ മനയില്‍ നിന്നും ആരംഭിക്കും. മനയിലെ കുടുംബപരദേവതയായ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി കെടാവിളക്കില്‍ നിന്നും ദീപം പകര്‍ന്നതിനുശേഷം തങ്കഗോളക, തങ്കചന്ദ്രക്കല, തങ്കക്കിരീടം, തിരുമുഖം എന്നിവയുള്‍പ്പെടെയുള്ള തിരുവാഭരണങ്ങള്‍ മനയിലെ കാരണവര്‍ മഹാദേവക്ഷേത്രം ട്രസ്റ്റ്‌ ഭാരവാഹികള്‍ക്ക്‌ കൈമാറും. തുടര്‍ന്ന്‌ പറനറയ്ക്കല്‍ മറ്റ്‌ ആചാരങ്ങള്‍ക്ക്‌ ശേഷം താലം, പെരുമ്പറമേളം, നാദസ്വരം തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേയ്ക്ക്‌ പുറപ്പെടും. ക്ഷേത്രത്തിലെത്തിയ ശേഷം രാത്രി എട്ടുമണിയോടെ ആചാരപരമായ രീതിയില്‍ നടതുറപ്പ്‌ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന്‌ മൂന്ന്‌ ഊരാണ്‍മ പ്രതിനിധികളുടെയും സമുദായം തിരുമേനിയുടെയും ദേവിയുടെ തോഴിയായ പുഷ്പിണിയുടെയും അനുവാദത്തോടെ നട തുറക്കുന്നതോടെ ഉത്സവത്തിന്‌ തുടക്കമാകും.
നടതുറപ്പ്‌ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം 50,000 പേര്‍ക്ക്‌ ക്യൂ നില്‍ക്കാവുന്ന തരത്തില്‍ 15000 ചതുരശ്ര മീറ്റര്‍ വലിപ്പത്തില്‍ പന്തലും ഫ്ലൈ ഓവറും നിര്‍മ്മിച്ചിട്ടുണ്ട്‌. ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്ക്‌ മെഡിക്കേറ്റഡ്‌ വാട്ടര്‍ നല്‍കുന്നതിന്‌ 150 ഓളം വാളന്റിയേഴ്സ്‌ എപ്പോഴുമുണ്ടാകും. മുപ്പതോളം സുരക്ഷാ ക്യാമറകളും ക്ഷേത്രത്തില്‍ സ്ഥപിച്ചിട്ടുണ്ട്‌. ഒരേ സമയം 1500 വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന തരത്തില്‍ 4 പാര്‍ക്കിംഗ്‌ ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. മെയിന്‍ പാര്‍ക്കിംഗ്‌ ഗ്രൗണ്ട്‌ കൈലാസം ഗ്രൗണ്ടില്‍ കെ.എസ്‌.ആര്‍.ടി.സി. സ്റ്റാന്റ്‌ പ്രവര്‍ത്തിക്കും. സൗപര്‍ണ്ണിക, കൃഷ്ണഗിരി തുടങ്ങിയ പാര്‍ക്കിംഗ്‌ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്‌. വാഴക്കുളത്ത്‌ രണ്ടര ഏക്കര്‍ സ്ഥലത്ത്‌ പാര്‍ക്കിംഗ്‌ സൗകര്യം, കെഎസ്‌ആര്‍ടിസി പാര്‍ക്കു ചെയ്യാന്‍ ഇരവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപവും, ഇരുചക്രവാഹനങ്ങള്‍ക്കായി ഗൗരീശങ്കരം പാര്‍ക്കിംഗ്‌ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്‌. ക്ഷേത്രമതിലിനകത്ത്‌ 26000 ചതുരശ്ര അടിവിസ്തീര്‍ണത്തില്‍ സ്ഥിരം നടപ്പന്തല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.
ഒരേ സമയം 1500 പേര്‍ക്ക്‌ അന്നദാനം കഴിക്കാവുന്ന തരത്തില്‍ നലാന്റ അന്നദാന മണ്ഡപം സ്കൂളിന്‌ മുന്‍വശത്ത്‌ ഒരുക്കിയിട്ടുണ്ട്‌. പത്രസമ്മേളനത്തില്‍ പ്രസിഡന്റ്‌ ആര്‍.ശരത്‌ ചന്ദ്രന്‍ നായര്‍, സെക്രട്ടറി കെ.ജി.ദിലീപ്‌ കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി.നാരായണന്‍, മാനേജര്‍ നന്ദകുമാര്‍, ഊരാണ്മ പ്രതിനിധി അകവൂര്‍ കൃഷ്ണന്‍നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.