പന്നിക്കുഴി പാലത്തിലൂടെ നാട്ടുകാര്‍ വാഹനങ്ങള്‍ കടത്തിവിട്ടു

Tuesday 19 January 2016 8:42 pm IST

തിരുവല്ല: പന്നിക്കുഴി പഴയപാലത്തിന് സമീപമുള്ള ഗട്ടറില്‍വീണ് ഇന്നലയും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെട്ടതോടെ നിര്‍മ്മാണം പാതിവഴിയിലായ പുതിയ പാലത്തിലൂടെ നാട്ടുകാരുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടു. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി എംസിറോഡിലേക്ക് ഇറക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍മൂലം റോഡിന്റെ വീതി കുറഞ്ഞതും ഇവിടെ രൂപപ്പെട്ട അഗാതഗര്‍ത്തവും അപകടങ്ങള്‍ക്ക് ഇടയാക്കി. ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ ഇറങ്ങി മറിഞ്ഞ് നിരവധി യാത്രകര്‍ക്ക് പരുക്കേറ്റിരുന്നു. കുഴിയില്‍ ഇറങ്ങി കരകയറാനുള്ള ചെറുവാഹനങ്ങളുടെ ബുദ്ധിമുട്ടുമൂലം ഇവിടെ ഗതാഗതക്കുരുക്ക് പതിവായിരുന്നു. പാലത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡുകളുടെ ജോലിയാണ് ഇനിയും ബാക്കിനില്‍ക്കുകയാണ്. അപ്രോച്ച് റോഡുകളുടെ വശങ്ങളില്‍ കൈവരികള്‍ സ്ഥാപിക്കുന്ന ജോലി ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. പഴയ റോഡുമായി അപ്രോച്ച് റോഡിനെ ബന്ധിപ്പിക്കുന്ന ജോലികളും ബാക്കിയാണ്. 2014 സെപ്റ്റംബറില്‍ എട്ടുമാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന കരാറില്‍ കെഎസ്ടിപിയാണ് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്. പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പാലനിര്‍മ്മാണം നീണ്ടുപോയതോടെ എംസിറോഡില്‍ രൂപപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്ക് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള കെഎസ്ടിപി പദ്ധതിയിലാണ് പാലം നിര്‍മ്മാണവും ഉള്‍പ്പെടുത്തിയിരുന്നത്. പാലനിര്‍മ്മാണം പൂര്‍ത്തിയാക്കി ടാറിംഗ് നടത്തി വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങിയെങ്കിലും ഭാരവാഹനങ്ങള്‍ കയറിയിറങ്ങിയതോടെ റോഡ് ഇടിഞ്ഞ് താണതുമൂലം വീണ്ടും ഇതുവഴിയുള്ള വാഹവഗതാഗതം അധികൃതര്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. അപ്രോച്ച് റോഡ് അടക്കമുള്ള നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ റോഡ് തുറന്ന് കൊടുക്കൂ എന്ന തീരുമാനത്തിലായിരുന്നു അധികൃതര്‍. എന്നാല്‍ അപകടങ്ങള്‍ പതിവായതോടെ ഇന്നലെ നാട്ടുകാരാണ് ഗതാഗത തടസ്സങ്ങള്‍ നീക്കം ചെയ്ത് റോഡ് ഗതാഗതത്തിനായി തുറന്നു കോടുത്തത്. പുതിയ പാലത്തിലൂടെ വാഹനങ്ങല്‍ ഓടിത്തുടങ്ങിയതോടെ എംസിറോഡില്‍ നിലനിന്നിരുന്ന ഗതാഗതക്കുരുക്ക് പരിപൂര്‍ണ്ണമായും ഇല്ലാതായിട്ടുണ്ട്. വീതികുറഞ്ഞ എംസിറോഡും ഇടുങ്ങിയ പഴയപാലവും മൂലം എംസി റോഡില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് രൂപപെട്ടിരുന്നു. ഇതുമൂലം ഇടിഞ്ഞില്ലം മുതല്‍ തിരുവല്ല നഗരം വരെ കുരുക്ക് വ്യപിക്കുവാന്‍ ഇടയാക്കിയിരുന്നു. പാലനിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്നത് സംബന്ധിച്ച് നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രതിഷേധത്തിന് ഇടക്കിയെങ്കിലും ഇതൊന്നുന്നും വകവയ്ക്കുവാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. പാലം ഇതു വരെയും ഗതാഗതത്തിന് തുറന്ന് കൊടുക്കാത്തതില്‍ എംഎല്‍എ കഴിഞ്ഞദിവസം ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദംനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയും ജില്ലാകളക്ടറും വിളിച്ചു ചേര്‍ത്ത അവലോകന യോഗങ്ങളില്‍ കെഎസ്ടി.പി അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പലകുറി അട്ടിമറിക്കപ്പെട്ടതായി നിവേദനത്തില്‍ ആരോപിപ്പിരുന്നു. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ പഴയ റോഡ് വളരെ ഇടുങ്ങിയ സ്ഥിതിയിലായെന്നും ഇവിടെ ഉണ്ടാകുന്ന കിലോമീറ്ററുകള്‍ നീളുന്ന കുരുക്കില്‍ ആംബുലന്‍സുകള്‍ അടക്കും അകപ്പെടുന്നതായും നിവേദനത്തില്‍ എംല്‍എ ചൂണ്ടിക്കാട്ടി. പാലം എത്രയും വേഗം ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്നും അടിയന്തരമായി ഒറ്റവരി ഗതാഗതത്തിനുളള സംവിധാനം ഒരുക്കാന്‍ ഇടനടി അനുമതി നല്‍കണമെന്നും മാത്യു ടി തോമസ് എംഎല്‍എ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. എംസി റോഡിലെ ഏറ്റവും ഇടുങ്ങിയ പാലങ്ങളില്‍ ഒന്നായ പന്നിക്കുഴി പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി പ്രതിഷേധ സമരങ്ങളും മാര്‍ച്ചുകളും നടത്തിയതിനെ തുടര്‍ന്നായിരുന്നു പാലനിര്‍മ്മാണം ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.