ഇടക്കൊച്ചി സ്റ്റേഡിയത്തിനായി ഭൂമി ഇടപാട്‌ സിബിഐ അന്വേഷിക്കണമെന്ന്‌

Thursday 5 January 2012 7:16 pm IST

കൊച്ചി: ഇടക്കൊച്ചി അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്റെ പേരില്‍ നടന്നിട്ടുളള ഭൂമി ഇടപാടുകളെക്കുറിച്ചും കേരള ക്രിക്കറ്റ്‌ അസോസിയേഷനില്‍ നടന്നിട്ടുള്ള അഴിമതികളെക്കുറിച്ചും സിബിഐ അന്വേഷിക്കണമെന്ന്‌ പ്രമുഖ പരിസ്ഥതിപ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടക്കൊച്ചി അന്താരാഷ്ട്ര ക്രിക്കറ്റ്സ്റ്റേഡിയത്തിന്റെ പേരില്‍ നടന്ന ഭൂമി ഇടപാടും കേരള ക്രിക്കറ്റ്‌ അസോസിയേഷനുമായി ബന്ധപ്പെട്ട്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവനുസരിച്ച്‌ വിജിലന്‍സിനെ അന്വേഷണം ഏല്‍പ്പിച്ച മറ്റ്‌ രണ്ട്‌ അഴിമതിക്കേസുകളും സംസ്ഥാന വിജിലന്‍സ്‌ വിഭാഗമാണ്‌ അന്വേഷിക്കുന്നത്‌. അന്വേഷണ ഉദ്യോഗസ്ഥരും പ്രതികളും ചേര്‍ന്ന്‌ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനാലാണ്‌ കേസുകള്‍ സിബിഐയെ ഏല്‍പ്പിക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌.
കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ പൊതുസ്ഥാപനമാണെന്ന സുപ്രീംകോടതി ഉത്തരവോടെയാണ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതികളായുള്ള കേസുകള്‍ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജലന്‍സ്‌ കോടതി ഉത്തരവിട്ടത്‌. കോട്ടയം സ്വദേശി ബാലാജി അയ്യങ്കാര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ അന്വേഷണസംഘം 2.68 കോടി രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു. സിആര്‍ഇസഡ്‌ റഗുലേഷനുകളില്‍പ്പെട്ട പരിസ്ഥിതി ദുര്‍ബല പ്രദേശത്ത്‌ സ്റ്റേഡിയം നിര്‍മിക്കല്‍ അസാധ്യമാണെന്നറിയാമായിരുന്നിട്ടും ക്രിക്കറ്റ്സ്റ്റേഡിയത്തിന്റെ പേരില്‍ പൊതുപണം ഉപയോഗിച്ച്‌ കെസിഎ നടത്തിയ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസും ഈ ഭൂമിയുടെ രജിസ്ട്രേഷന്‌ സ്റ്റാമ്പ്‌ ഡ്യൂട്ടി ഇളവ്‌ അനുവദിച്ചതുള്‍പ്പെടെ 21.6 കോടി രൂപയുടെ അഴിമതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്‌.
ഭൂമിയുടെ രജിസ്ട്രേഷന്‌ സ്റ്റാമ്പ്‌ ഡ്യൂട്ടി ഇളവ്‌ അനുവദിച്ചതിലൂടെ സര്‍ക്കാരിനുണ്ടായ നഷ്ടം 2.25 കോടി രൂപയാണ്‌. കെസിഎ സെക്രട്ടറി ടി.സി. മാത്യുവിനെ കൂടാതെ മുന്‍ രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി എസ്‌. ശര്‍മയടക്കം 18 പേര്‍ ഈ കേസില്‍ പ്രതികളാണ്‌. ഈ കേസിലെ സാക്ഷിപ്പട്ടികയിലുള്ളവരുടെ സ്റ്റേറ്റ്മെന്റ്‌ രേഖപ്പെടുത്തുകയോ രേഖപട്ടികയിലെ തെളിവുകള്‍ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹര്‍ജിക്കാരന്‍ ജോയ്‌ കൈതാരത്തിന്റെ സ്റ്റേറ്റ്മെന്റ്‌ ഔപചാരികമായി രേഖപ്പെടുത്തി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതിനാല്‍ ഹര്‍ജിക്കാരന്‍ സ്വയം തയ്യാറാക്കിയ വിശദമായ സ്റ്റേറ്റ്മെന്റ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും അയച്ചുകൊടുത്തിട്ടുണ്ട്‌.
കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഫ്ലഡ്ലൈറ്റ്‌ സ്ഥാപിക്കുന്നതിനുവേണ്ടി നടത്തിയപ്രവര്‍ത്തനത്തില്‍ ഒരു കോടി രൂപയുടെ അഴിമതിയാണ്‌ ഈ കേസിന്റെ ഹര്‍ജിക്കാരന്‍ പി.കെ. ജേക്കബ്‌ ചൂണ്ടിക്കാണിച്ചിരിക്കുന്നത്‌. ബാലാജി അയ്യങ്കാറുടെ ഹര്‍ജിയില്‍ കഴിഞ്ഞ സപ്തംബര്‍ ആറിന്‌ കുറ്റപത്രം സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടിരുന്നു. പ്രസ്തുത കേസും അട്ടിമറിക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരും പ്രതികളും ചേര്‍ന്ന്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌.
ഇടക്കൊച്ചിയിലെ സ്റ്റേഡിയ നിര്‍മാണത്തിനുള്ള അനുമതി കേന്ദ്ര വനം-പരിസ്ഥിതി വകുപ്പും നിഷേധിച്ചിട്ടും ഹൈക്കോടതി ഉള്‍പ്പെടെയുള്ള നീതിപീഠങ്ങളുടെ വിലക്കുകള്‍ വിലകല്‍പ്പിക്കാതെയും സ്റ്റേഡിയനിര്‍മാണത്തിന്‌ ലണ്ടന്‍ കേന്ദ്രമായ കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിക്കലും 86 ലക്ഷം രൂപ നിര്‍മാണച്ചെലവിലേക്ക്‌ അഡ്വാന്‍സ്‌ നല്‍കുകയും ചെയ്തതായി കെസിഎയുടെ ആനുവല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജോയ്‌ കൈതാരത്ത്‌, എം. അബൂബക്കര്‍ എന്നിവരും പങ്കെടുത്തു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.