അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു; നഗരത്തില്‍ സംഘര്‍ഷാവസ്ഥ

Tuesday 19 January 2016 9:07 pm IST

ആലപ്പുഴ: നഗരത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചുതുടങ്ങി. തൊഴിലാളി സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ രാവിലെ മുതല്‍ ജില്ലാ കോടതി ജങ്ഷന്‍ മുതല്‍ വടക്കോട്ടാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങിയത്. റോഡിലേക്ക് ഇറക്കിക്കെട്ടിയ ഷീറ്റുകളും മറ്റും പൊളിച്ചു നീക്കി. അതിനിടെ എഐടിയുസി ഓഫീസിന്റെ ബോര്‍ഡ് നീക്കംചെയ്‌തെന്നാരോപിച്ച് എഐടിയുസിക്കാര്‍ നഗരത്തില്‍ വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ കോടതി പാലത്തിനു സമീപത്തെ തൊഴിലാളി യൂണിയനുകളുടെ വിശ്രമകേന്ദ്രങ്ങള്‍ പൊളിക്കാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. തൊഴിലാളിയൂണിയന്‍ പ്രവര്‍ത്തകര് വൈകിട്ട് ജില്ലാകോടതി പാലത്തില്‍ റോഡ് ഉപരോധിച്ചത് വന്‍ ഗതാഗതക്കുരുക്കിനുമിടയാക്കി. കയ്യേറ്റമൊഴിപ്പിക്കുന്നതിനെതിരെ ഇന്നുമുതല്‍ സമരം ശക്തമാക്കുമെന്ന് വിവിധ തൊഴിലാളി യൂണിയനുകള്‍ മുന്നറിയിപ്പു നല്‍കി. അതിനിടെ റോഡു കയ്യേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ തയ്യാറായിട്ടില്ല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കി മാത്രമേ ഇവരെ ഒഴിപ്പിക്കൂവെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലാ ഭരണകൂടം, പിഡബ്ല്യൂഡി, നഗരസഭ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ തുടരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.