കേരളാടീമിലേക്ക് കൊല്ലത്തിന്റെ പെണ്‍കരുത്ത്; തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി നേതൃനിര

Wednesday 20 January 2016 12:43 pm IST

കൊല്ലം: ബിജെപിയുടെ കേരളാ ടീമിലേക്ക് കൊല്ലത്തിന്റെ പെണ്‍കരുത്ത്. സംസ്ഥാന വൈസ്പ്രസിഡന്റായി നിയോഗിക്കപ്പെട്ട ബി.രാധാമണിയും സംസ്ഥാനസെക്രട്ടറിയായി തുടരുന്ന രാജിപ്രസാദുമാണ് ബിജെപി നേതൃനിരയിലെ കൊല്ലത്തിന്റെ സാന്നിധ്യങ്ങള്‍. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യം കരുത്താക്കിയാണ് പുനലൂരിന്റെ സ്വന്തം രാധാമണിചേച്ചി സംസ്ഥാന വൈസ് പ്രസിഡന്റാവുന്നത്. രാജിപ്രസാദാകട്ടെ പോയ കാലയളവില്‍ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ കഴിവ് തെളിയിച്ചിട്ടുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിന് കരുത്തുപകര്‍ന്ന് പാര്‍ട്ടിഘടനയില്‍ മേഖലാസംവിധാനം സമ്പൂര്‍ണമാക്കിയപ്പോള്‍ അതിന്റെ ചുക്കാന്‍ ഏല്‍പ്പിക്കാനും പാര്‍ട്ടി തെരഞ്ഞെടുത്തത് കൊല്ലത്തിന്റെ കരുത്തിനെത്തന്നെ. ചുരുങ്ങിയകാലം കൊണ്ട് ജില്ലയിലെ സംഘടനാസംവിധാനത്തെ അച്ചടക്കമുള്ള പ്രവര്‍ത്തകനിരയാക്കി മാറ്റിയെ ടുത്ത എം.സുനിലിന് നേതൃത്വം നല്‍കുന്ന അംഗീകാരമായി ദക്ഷിണമേഖലാ ജനറല്‍സെക്രട്ടറി പദവി. നേരത്തെ മേഖലക്ക് സംഘടനാസെക്രട്ടറിയും ഒരു ജനറല്‍സെക്രട്ടറിയും മാത്രമാണുണ്ടായിരുന്നത്. മേഖലാസംവിധാനം സമ്പൂര്‍ണ സമിതിയായി മാറ്റിയപ്പോള്‍ നിലവിലുള്ള ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാറിനൊപ്പം സംഘടനയെ നയിക്കാന്‍ സുനിലിനെ കൂടി പാര്‍ട്ടി നിയോഗിക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളടങ്ങുന്നതാണ് പാര്‍ട്ടിയുടെ ദക്ഷിണമേഖല. നിലവില്‍ ദക്ഷിണമേഖലയുടെ സംഘടനാസെക്രട്ടറി ആയിരുന്ന ജി.ഗോപിനാഥനെയാണ് സുനിലിന് പകരം കൊല്ലം ജില്ലാ പ്രസിഡന്റായി പാര്‍ട്ടി നിയോഗിച്ചത്. ഗോപിനാഥന്റെ സ്ഥാനത്ത് ആര്‍എസ്എസ് ശബരിഗിരിവിഭാഗ് കാര്യവാഹായ എല്‍.പത്മകുമാര്‍ നിയോഗിക്കപ്പെടുകയും ചെയ്തു. നേരത്തെ കൊല്ലം ജില്ലാ ജനറല്‍സെക്രട്ടറിയായിരുന്ന വെള്ളിമണ്‍ ദിലീപ് മേഖലാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. ജി.ഗോപിനാഥിനൊപ്പം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയ അഡ്വ.പി.അരുള്‍ ബിജെപി രാഷ്ട്രീയത്തില്‍ പുതുമുഖമാണ്. എബിവിപിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് അരുള്‍ എത്തുന്നത്. എബിവിപിയുടെ ജില്ലാപ്രമുഖ് ആയിരുന്ന അരുള്‍ പിന്നീട് ഹിന്ദുഐക്യവേദിയുടെ ജില്ലാസെക്രട്ടറി ചുമതലയും വഹിച്ചു. എസ്എന്‍ യൂത്ത് മൂവ്‌മെന്റിന്റെ അമരക്കാരനായി ജനശ്രദ്ധ നേടിയ അരുള്‍ അഭിഭാഷകപരിഷത്ത് ജില്ലാ പ്രസിഡന്റ് ആയിരിക്കെയാണ് ബിജെപിയുടെ ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ തവണ ജില്ലാ സെക്രട്ടറിയായി ചുമതല നോക്കിയിരുന്ന സുജിത്ത് സുകുമാരന്‍ ആര്‍എസ്എസിലൂടെയാണ് ബിജെപിയില്‍ എത്തിപ്പെടുന്നത്. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജി.ഗോപിനാഥിനൊപ്പം അരുളും സുജിത്ത് സുകുമാരനും ഒത്തുചേരുന്നതോടെ കൊല്ലത്ത് പാര്‍ട്ടിയുടെ മുഖത്തിന് പരിചയസമ്പന്നതയും യുവത്വവും ഒത്തുചേരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.