നാലു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Wednesday 20 January 2016 3:09 pm IST

കുന്ദമംഗലം: തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണി കുന്ദമംഗലം പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് മധുര ജില്ലയിലെ ഉസലാംപെട്ടി സ്വദേശി ചന്ദ്രനെ(33)യാണ് പിടികൂടിയത്. വില്‍പ്പനക്കായി കൊണ്ടുവന്ന നാലുകിലോ കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. കുറച്ച് കാലമായി കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കൂടിവരുന്നതായി മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി നോര്‍ത്ത് അസി. കമ്മീഷണര്‍ ജോസി ചെറിയാന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കഞ്ചാവും മയക്കുമരുന്നും കോഴിക്കോട്ടെത്തിച്ച് വില്‍പ്പന നടത്തുന്നതായി വ്യക്തമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവ് വാങ്ങി കോഴിക്കോട് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ചന്ദ്രന്‍. കേരളത്തില്‍ ആദ്യമായിട്ടാണ് ഇയാള്‍ പിടിയിലാവുന്നത്. കോഴിക്കോട്ടെ ഒരു കുപ്രസിദ്ധ ഗുണ്ടക്ക് വേണ്ടിയാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസിന്റെ അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും സംഘത്തിലെ മുഖ്യകണ്ണികളെക്കുറിച്ചും ചേവായൂര്‍ സിഐ സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയാണ്. കോഴിക്കോട് സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാന്‍ ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ എം.ടി. ജേക്കബ്, വി.വി. വിമല്‍, സിറ്റി പോലീസ് കമ്മീഷണറുടെ ഷാഡോ പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് ഷാഫി, സജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ്, മുഹമ്മദ്, അഖിലേഷ്, ശ്രീകാന്ത്, സുനില്‍, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.