കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കിയാല്‍ കേരളം സമൃദ്ധമാകും

Saturday 8 April 2017 10:43 pm IST

നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കി തുടങ്ങിയ പദ്ധതികള്‍കൊണ്ട്മാത്രം കേരളത്തെ സമൃദ്ധമാക്കാന്‍ കഴിയുമെന്ന് കുമ്മനം രാജശേഖരന്‍. ഭാരതത്തിന്റെ ചരിത്രത്തില്‍ പുതിയ അദ്ധ്യായവും പരിവര്‍ത്തനവും സൃഷ്ടിക്കുന്നതാണ് കേന്ദ്രപദ്ധതികളെല്ലാം. പദ്ധതികള്‍ പ്രഖ്യാപിക്കുകയും പിന്നീടത് വിസ്മൃതിയിലാവുകയും ചെയ്യുന്നതാണ് പതിവ് രീതി. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ ആ പതിവ് തെറ്റിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന പ്രഖ്യാപനം റിപ്പബ്ലിക്ദിനമാകുമ്പോഴേക്കും ആരംഭിക്കുന്നതാണ് പുതിയ ചരിത്രം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ''സ്റ്റാര്‍ട്ട്പ്പ് ഇന്ത്യ, സ്റ്റാന്റപ്പ് ഇന്ത്യ'' പദ്ധതി. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കേരള വിമോചനയാത്രയുടെ പശ്ചാത്തലത്തില്‍ ജന്മഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. അഴിമതിരഹിതവും ജനപക്ഷ പിന്തുണയുമുള്ള ഒരു ഭരണം നടക്കണമെന്ന ആത്മാര്‍ത്ഥചിന്തയും ശ്രമവുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ആരോടുമില്ല പ്രീണനം, എല്ലാവര്‍ക്കും തുല്യനീതി എന്ന ബിജെപിയുടെ പ്രഖ്യാപിത നയം പൂര്‍ണമായും നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിന്റെ വ്യക്തമായ തെളിവുകളാണ് കഴിഞ്ഞ 20 മാസത്തെ ഭരണത്തിനിടയില്‍ കാണാനായത്. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനവിഭാഗത്തിനാണ് മോദിസര്‍ക്കാരിന്റെ മുന്തിയ പരിഗണന. അന്നം, മണ്ണ്, വെള്ളം, പാര്‍പ്പിടം, തൊഴില്‍ എന്നിവ ഉറപ്പാക്കണം. അതിനുതകുന്ന പദ്ധതികളാണ് ആദ്യം തുടങ്ങിയത്. ജന്‍ധന്‍ പദ്ധതിയും ആരോഗ്യസുരക്ഷാപദ്ധതികളും ഇന്‍ഷുറന്‍സ് സ്‌കീമുകളുമെല്ലാം പാവപ്പെട്ടവരെ ലക്ഷ്യമിട്ടുകൊണ്ടാണ്. മുദ്രാബാങ്കിന്റെ ആനുകൂല്യം അര്‍ഹതപ്പെട്ടവര്‍ വാങ്ങിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കാലിയാക്കിയ ഖജനാവിനെ ശക്തിപ്പെടുത്തിയാലേ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ കഴിയൂ. പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിടിവ് അതിന് തെല്ലൊരാശ്വാസമായി. ഖജനാവിലെത്തുന്ന ഒരു പൈസപോലും പാഴാക്കില്ല. അത് ജനങ്ങള്‍ക്ക് തിരിച്ചുനല്‍കും. ഒരുരൂപാപോലും അടിച്ചുമാറ്റാനും അനുവദിക്കില്ല. ഇത് നരേന്ദ്രമോദി ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ്. രാജ്യത്തിനകത്തും പുറത്തും ശത്രുക്കളുണ്ടാകരുതെന്നാണ് എന്‍ഡിഎ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തുടക്കം മുതല്‍ അതിനായി ബോധപൂര്‍വമായ ശ്രമം നടക്കുന്നു. സത്യപ്രതിജ്ഞയ്ക്ക് സാര്‍ക്ക് രാജ്യത്തലവന്മാരെ ദല്‍ഹിയിലെത്തിച്ചത് അതിന്റെ ഭാഗമാണ്. പ്രതിയോഗികള്‍ പ്രചരിപ്പിക്കുന്നതുപോലെയല്ല. പ്രധാനമന്ത്രിയുടെ വിദേശരാഷ്ട്ര സന്ദര്‍ശനങ്ങളും അതുമൂലമുണ്ടായ നേട്ടങ്ങളും അത്ഭുതാവഹമാണ്. ലോകത്തിന്റെ പ്രശ്‌നങ്ങള്‍ എന്തായാലും ഭാരതം എന്തുപറയുന്നു എന്നറിയാനാണ് രാഷ്ട്രത്തലവന്മാര്‍ കാതോര്‍ക്കുന്നത്. പരിസ്ഥിതിയായാലും ഭീകരതയായാലും അതാണ് സ്ഥിതി. വികസിത രാഷ്ട്രത്തലവന്മാരുടെ തോളോപ്പമോ ഒരുപടി മുന്നിലോ ആണ് നമ്മുടെ പ്രധാനമന്ത്രി. നിരവധി സമ്പന്നരാജ്യങ്ങളുടെ നിക്ഷേപം ഭാരതത്തിലേക്ക് വരാന്‍ പോകുന്നു. നമുക്ക് വേണ്ടത് മാത്രമല്ല ലോകത്തിനുവേണ്ടതെന്തും ഇവിടെ നിര്‍മ്മിക്കുന്നതിനാണ് ശ്രമം. മെയ്ക്ക് ഇന്ത്യ കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. ? പക്ഷേ പ്രതിപക്ഷവും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് മറിച്ചല്ലേ. = ശരിയാണ്. പ്രതിപക്ഷ നേതൃത്വവും ചില മാധ്യമങ്ങളും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. എന്നാല്‍ കാര്യങ്ങള്‍ ശരിയായി വിലയിരുത്താന്‍ ജനങ്ങള്‍ പ്രാപ്തരായി. എല്ലാം അവര്‍ നേരിട്ട് കാണുന്നു. അനുഭവമാണല്ലൊ ഗുരുനാഥന്‍. ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കളടക്കം നിരവധി ആനുകൂല്യങ്ങള്‍ കേന്ദ്രം അര്‍ഹരാക്കി. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ യഥാവിധി മനസ്സിലാക്കി പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു. വിള ഇന്‍ഷുറന്‍സ് പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഏത് വിളയും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുംവിധമാണ് പദ്ധതി. ? കേരളത്തില്‍ ഇപ്പോള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെതിരെയാണല്ലോ മുഖ്യമായും പ്രസംഗിക്കുന്നത്. = കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഒന്നാണ്. അവര്‍ ചേര്‍ന്നാണല്ലൊ യുപിഎ ഉണ്ടാക്കിയത്. 10 വര്‍ഷം ഉണ്ടായ യുപിഎ ഭരണമാണ് നാട്ടിനെ നശിപ്പിച്ചത്. അഴിമതിയാണ് അവരുടെ മുഖമുദ്ര. രാജ്യത്തെ മറന്ന് അഴിമതിമാത്രം ലക്ഷ്യംവച്ച ഭരണം. വിത്തെടുത്ത് കുത്തി ഭക്ഷിച്ച അവസ്ഥ. അതില്‍നിന്നു ഭിന്നമായ ഒരു ഭരണമാണിപ്പോള്‍ നടക്കുന്നത്. അതവര്‍ക്ക് സഹിക്കുന്നില്ല. ശരിക്കുപറഞ്ഞാല്‍ അവര്‍ക്കാണ് അസഹിഷ്ണുത. ബിജെപി ഭരണത്തില്‍ അസഹിഷ്ണുത എന്ന് പ്രചരിപ്പിക്കുന്നത് കള്ളന്റെ കൗശലമാണ്. അത് പൊളിഞ്ഞുകഴിഞ്ഞു. വര്‍ഗീയ ഫാസിസമാണ് മറ്റൊരാരോപണം. എന്ത് വര്‍ഗീയ സമീപനമാണ് സ്വീകരിച്ചത്? ഫാസിസത്തെ കുറിച്ച് പറയാന്‍ കോണ്‍ഗ്രസ്സിന് എന്താണവകാശം. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് 20 മാസക്കാലം രാജ്യമാകെ തടവറയാക്കിയവരല്ലെ അവര്‍. പത്രമാധ്യമങ്ങള്‍ക്ക് വിലക്ക്, ഭിന്നാഭിപ്രായക്കാര്‍ക്ക് തടവ് ഇതല്ലേ അന്ന് നടന്നത്. എത്രപേരെ ഉരുട്ടിക്കൊന്നു. ഇത് നരേന്ദ്രമോദി ചെയ്തതല്ലല്ലോ. നരേന്ദ്രമോദി എന്തിനെങ്കിലും വിലക്ക് ഏര്‍പ്പെടുത്തിയോ, പത്രം നിരോധിച്ചോ, പുസ്തകം നിരോധിച്ചോ, സിനിമ നിരോധിച്ചോ? പിന്നെന്തിനാണ് പുരസ്‌കാര തിരസ്‌കാരം നടത്തിയത്? നരേന്ദ്രമോദി പ്രധാനമന്ത്രിയായതിലുള്ള അസഹിഷ്ണുതയാണ് പ്രകടിപ്പിച്ചത്. ? കേന്ദ്രമന്ത്രിക്കെതിരെ ആരോപണമുയര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടോ. = 20 മാസത്തിനിടയില്‍ ഒരഴിമതിയും ഒരാള്‍ക്കെതിരെയും ചൂണ്ടിക്കാണിക്കാനായിട്ടില്ല. അരുണ്‍ജെയ്റ്റിലിക്കെതിരെയും നിതിന്‍ ഗഡ്കരിക്കെതിരെയും ചില പ്രസ്താവനകള്‍ നടത്തി. അതെല്ലാം ഉണ്ടയില്ലാ വെടികളാണ്. പുകമറ സൃഷ്ടിച്ച് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണത്. ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരും വിചാരണ നേരിടാന്‍ പോവുകയാണ്. ദല്‍ഹിയില്‍ മാത്രമല്ല കേരളത്തിലും അഴിമതിയുടെ ദര്‍ബാറാണ് നടക്കുന്നത്. സോളാര്‍ അഴിമതിക്ക് മുഖ്യമന്ത്രി തന്നെ അന്വേഷണ കമ്മീഷന് മുന്നില്‍ ചെല്ലേണ്ടിവരുന്നു. ബാര്‍ കോഴക്കേസില്‍ മുഖ്യപ്രതി ആരെന്ന ചിന്തയാണിപ്പോള്‍. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും കോഴയില്‍ പങ്കെന്ന് മൊഴിയുണ്ട്. എക്‌സൈസ് മന്ത്രിക്കെതിരെ അന്വേഷണം നടത്താത്തതെന്തുകൊണ്ടെന്ന് ഹൈക്കോടതി തന്നെ ചോദിച്ചുകഴിഞ്ഞു. വിജിലന്‍സ് അന്വേഷണത്തിന്റെ അട്ടിമറിയും കോടതിയുടെ വിമര്‍ശനത്തിന് വിധേയമായി. വിജിലന്‍സ് ഒട്ടും വിജിലന്റ് അല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവച്ച കെ.എം.മാണിയെ രക്ഷിക്കാന്‍ വിജിലന്‍സ് തകിടംമറിയുകയായിരുന്നില്ലേ. അഴിമതിക്കാരായ മന്ത്രിമാരെ ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്റാണ് അഴിമതിക്കെതിരെ ജാഥ നടത്തുന്നത്. സിപിഎം യാത്ര നയിക്കുന്ന പിണറായി വിജയന്‍ ലാവ്‌ലിന്‍ കേസില്‍ വിചാരണ നേരിടേണ്ടിവരുമെന്നുറപ്പായി. വിചാരണ ചെയ്യാതെ കേസ് അവസാനിപ്പിച്ചതിന്റെ സാംഗത്യമാണ് ഹൈക്കോടതി ആരാഞ്ഞിരിക്കുന്നത്. ഇതുപോലുള്ള ഒരു സാഹചര്യവും ബിജെപി നേരിടുന്നില്ല. ? താങ്കള്‍ നയിക്കുന്ന യാത്രയ്ക്ക് 'വിമോചനയാത്ര' എന്നാണല്ലോ പേരിട്ടിരിക്കുന്നത്? കേരള ജനത ആഗ്രഹിക്കുന്ന പേരാണത്. നാലു വര്‍ഷത്തെ ഗവര്‍ണ്ണര്‍ ഭരണം ഒഴിച്ചാല്‍ 56 വര്‍ഷമായി കേരളം കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് മുന്നണികളുടെ ഭരണം മാറിമാറി നടക്കുകയാണ്. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനത്തിന്റെ ഭരണം നയിച്ചത് കമ്മ്യൂണിസ്റ്റ് നേതാക്കളാണ്. തൊട്ടടുത്ത് തന്നെയുണ്ട് കോണ്‍ഗ്രസ് നേതൃത്വവും. ഹ്രസ്വകാലമാണ് പട്ടവും മുഹമ്മദ് കോയയും മുഖ്യമന്ത്രിമാരായിരുന്നത്. ഭൗതിക സാഹചര്യങ്ങളെല്ലാം ഉണ്ടായിട്ടും കേരളം ആശിച്ചതോ ആഗ്രഹിച്ചതോ ആയ വളര്‍ച്ച നമുക്ക് നേടാനായില്ല. ഇടക്കാലത്ത് ' കേരള മാതൃക' എന്ന് പുകഴ്ത്തി പാടി. അതിന്ന് കേള്‍ക്കാനില്ല. ആ മാതൃക തകര്‍ന്നടിഞ്ഞു. കേരളത്തില്‍ ഇന്ന് കേള്‍ക്കാന്‍ കഴിയുക ഇല്ലായ്മകളുടെ കഥയാണ്. ഉപ്പുതൊട്ട് കര്‍പ്പുരം വരെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കണം. അവിടങ്ങളില്‍ ഒരു പണിമുടക്കുണ്ടായാല്‍ കേരളം പട്ടിണിയിലാകും. ? അതിവേഗ റോഡ് ഇടനാഴിയെ കുറിച്ചാണ് ഇപ്പോള്‍ സിപിഎം ചിന്തിക്കുന്നത്. = ഞാന്‍ നേരത്തെ പറഞ്ഞല്ലോ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരാണ് ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്നതെന്ന്. എന്തെ അന്നൊന്നും ഈ ചിന്ത ഉണ്ടായില്ല. സൂപ്പര്‍ ഹൈവേയെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ ഏറെ എതിര്‍പ്പുമായി വന്നത് ഈ നേതാക്കള്‍ തന്നെയല്ലെ. ആദ്യം എതിര്‍ക്കുക പിന്നെ സ്വീകരിക്കുക അതാണ് കമ്മ്യൂണിസ്റ്റ് ശൈലി. കമ്പ്യൂട്ടറിനെതിരെ എത്ര രൂക്ഷമായ സമരമാണവര്‍ നടത്തിയത്. ഇന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്ത സഖാക്കളുണ്ടോ? ട്രാക്ടറിനെതിരെ, കൊയ്ത്ത് യന്ത്രത്തിനെതിരെ സമരത്തിന്റെ പരമ്പര നടത്തി. കൃഷിക്ക് ആളെ കിട്ടാത്ത നാട്ടില്‍ ട്രാക്ടര്‍ അനിവാര്യമായിരുന്നില്ലേ? ഫലം എന്തായി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. കൃഷി ലാഭകരമാക്കാന്‍ ഇടതു വലതു മുന്നണികള്‍ക്ക് ഒന്നും ചെയ്യാനായില്ല. ? അതിവേഗ റോഡിനെ ബിജെപിക്ക് എതിര്‍ക്കാനാകുമോ? = എല്ലാറ്റിനെയും എതിര്‍ക്കുക എന്ന സമീപനം ബിജെപിക്കില്ല. നല്ലതിനെ അംഗീകരിക്കുക എന്നതാണ് പാര്‍ട്ടിയുടെ സമീപനം. സ്ഥലപരിമിതിയുള്ള കേരളത്തിന് ഇനിയൊരു വലിയപാത സാധ്യമാണോ? അതിനൊരു ബദലില്ലേ. കേരളത്തിന് ഇനി വരേണ്ടത് ജലപാതയാണ്. കടല്‍ തീരത്തിന്റെയും പുഴകളുടെയും കായലുകളുടെയും ഗതാഗത സാധ്യതകള്‍പ്രയോജനപ്പെടുത്താന്‍ നമുക്ക് ഇനിയും സാധിച്ചിട്ടില്ല. 44 നദികളില്‍ 41 നദികളും ഗതാഗതത്തിന് യോഗ്യമായതാണ്. 586 കടല്‍തീരം നമുക്കുണ്ട്. വാഹനപ്പെരുപ്പമുള്ള കേരളത്തിലെ റോഡ് യാത്ര പലപ്പോഴും ദുരന്തമാകുന്നു. ജലഗതാഗതം മെച്ചപ്പെടുത്തുകയായിരിക്കും ബിജെപിക്ക് അവസരം ലഭിച്ചാല്‍ നല്‍കുന്ന മുന്‍ഗണന. ? മറ്റെന്തൊക്കെയാണ് താങ്കളുടെ സ്വപ്നങ്ങള്‍ = മോദി സര്‍ക്കാരിന്റെ ചുവടുപിടിച്ച് ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് തീവ്രശ്രമം നടത്തണം. കൃഷിയെ പ്രോത്സാഹിപ്പിക്കണം. ഭൂമി തരിശായി ഇടുന്നത് നിര്‍ത്തണം. കൃഷിയോഗ്യമല്ലാത്ത ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുമ്പോള്‍ കൊടിനാട്ടി തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണം. യോഗ്യരായ എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പരിപോഷിപ്പിക്കണം. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് താങ്ങും തണലും നല്‍കേണ്ടതുണ്ട്. നാളികേരം, റബ്ബര്‍ തുടങ്ങിയ നാണ്യവിളകളുടെ താങ്ങുവില കര്‍ഷകര്‍ക്ക് തണലേകുംവിധം പരിഷ്‌ക്കരിക്കണം. മലകള്‍ തുരക്കുകയും തീരങ്ങള്‍ തീറെഴുതിക്കൊടുക്കുകയും ചെയ്യുന്ന സ്ഥിതി മാറണം. എല്ലാവര്‍ക്കും മണ്ണ്, വെള്ളം, കിടപ്പാടം, ഭക്ഷണം, തൊഴില്‍ ഇതിനാകണം മുന്തിയ പരിഗണന. ആദിവാസി ഊരുകളിലടക്കം ഇപ്പോഴും പട്ടിണി മരണം നടക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളും രൂക്ഷമാണ്. ഇതിന് പരിഹാരം വേണം. കേരളത്തില്‍ ഇപ്പോഴും വിശപ്പടക്കാന്‍ വകയില്ലാത്തവരേറെയുണ്ട്. പാവപ്പെട്ടവന് ഇപ്പോഴും കഞ്ഞി കുമ്പിളില്‍ തന്നെ. നമുക്കാവശ്യമുള്ളതിന്റെ 15 ശതമാനം അരിയുല്‍പാദനം മാത്രമാണിവിടെ നടക്കുന്നത്. 14.7 ശതമാനം പരമ ദരിദ്രരുള്ള സംസ്ഥാനമാണിത്. 48 ശതമാനമാണ് ദരിദ്രര്‍. സര്‍ക്കാരുകളുടെ മുന്‍പില്‍ ഇതൊന്നും പ്രശ്‌നമായിട്ടില്ല. ? സാമ്പത്തിക പരിമിതിയല്ലെ ഇതിനൊക്കെ വഴിവയ്ക്കുന്നത്. =ഒരിക്കലുമല്ല.ലഭിക്കുന്ന തുക യഥാവിധി ഉപയോഗിക്കുന്നില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയിലേക്ക് കേന്ദ്രം അനുവദിക്കുന്ന തുക അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തുന്നില്ല. ആദിവാസികള്‍ക്ക് കിടപ്പാടം ഉണ്ടാക്കിക്കൊടുക്കാന്‍ എത്രയെത്ര പദ്ധതികള്‍ വന്നു. എന്നിട്ടും പ്രശ്‌നം പരിഹരിക്കാനായോ? എവിടെയാണ് തകരാറ്. ഭരിക്കുന്നവര്‍ക്കല്ലെ. കേരളത്തിന് ലഭിക്കുന്ന വരുമാനം ശമ്പളവും പെന്‍ഷനും നല്‍കുമ്പോള്‍ തീരുന്നു. അതിലുമപ്പുറം ധൂര്‍ത്ത്. എംഎല്‍എമാര്‍ക്ക് സുഖചികിത്സയ്ക്ക് പണത്തിന് ഒരു പഞ്ഞവുമില്ല. ഞെട്ടിപ്പിക്കുന്ന കണക്കാണ് എംഎല്‍എമാരുടെ ചികിത്സയ്ക്ക് മുടക്കിയത്. നാലുകോടിയിലധികം ഒരു എംഎല്‍എയ്ക്ക് ചെലവായി. ആ തുക ഉണ്ടെങ്കില്‍ മുഴുവന്‍ ആദിവാസികള്‍ക്കും ചികിത്സാ സംവിധാനം ഒരുക്കാന്‍ കഴിയും. ? ബിജെപി ആഗ്രഹിക്കുന്നതുപോലെ കേരളത്തില്‍ വന്നാല്‍ കേന്ദ്രത്തിന്റെ ഉദാരസഹായം സംസ്ഥാനത്തിന് ലഭിക്കില്ലേ = കേരളത്തില്‍ ഒരു എംഎല്‍എയോ ഒരു എംപിയോ ബിജെപിക്കില്ല. ഇരുമുന്നണികളും കേന്ദ്രസര്‍ക്കാരിനെ ശക്തമായി എതിര്‍ക്കുകയാണ്. എന്നിട്ടും കേരളത്തിന്റെ വികസനത്തില്‍ കേന്ദ്രം നല്ല താല്‍പര്യമെടുക്കുന്നുണ്ട്. മുമ്പുള്ളപോലെ കേന്ദ്ര അവഗണന എന്ന പല്ലവി ഇന്നില്ലല്ലോ. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് എന്‍ഡിഎഭരണം വന്നതുകൊണ്ടുമാത്രമാണല്ലോ. 25 വര്‍ഷമായി അതിനുവേണ്ടി മുന്നണികള്‍ തട്ടിക്കളിച്ച പദ്ധതിയാണിത്. 10 വര്‍ഷം കോണ്‍ഗ്രസ് പ്രധാനമന്ത്രി രാജ്യംഭരിച്ചു. 8 കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായി. എന്നിട്ടും വിഴിഞ്ഞത്തിന് അനുമതി നേടിയെടുക്കാന്‍ കഴിഞ്ഞില്ല. നിതിന്‍ ഗഡ്കരിക്ക് ഒ.രാജഗോപാല്‍ നിവേദനം നല്‍കിയപ്പോഴാണ് പദ്ധതിക്ക് ജീവന്‍ വച്ചത്. റോഡ് വികസനത്തിന് വന്‍തുകയാണ് ഇപ്പോള്‍ ലഭിച്ചത്. ബിജെപിക്ക് മേല്‍കൈ ഉള്ള ഒരു സര്‍ക്കാര്‍ സംസ്ഥാനത്തുണ്ടായാല്‍ കേരളം കേരളീയര്‍ക്ക് ഊഹിക്കാന്‍ പോലും പറ്റാത്ത പുരോഗതിയിലെത്താന്‍ സാധിക്കും. ? ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരത്തിന്റെ നായകനാണല്ലോ താങ്കള്‍. വിമാനത്താവളം വരാന്‍ സാധ്യതയുണ്ടോ? = ഒരു സാധ്യതയുമില്ല മറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനവുമില്ല. ? റബ്ബറിനെ രക്ഷിക്കാന്‍ ജോസ് കെ മാണി സമരത്തിലാണ്. = റബറിന്റെ പ്രശ്‌നം കേന്ദ്രം പരിഹരിക്കാന്‍ പോവുകയാണ്. അതറിഞ്ഞുകൊണ്ടുള്ള നാടകമാണത്. ബിജെപി സംസ്ഥാന ഘടകം ശരിയായ രീതിയില്‍ റബര്‍ വിഷയം കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. ? പശ്ചിമ ഘട്ടത്തിന്റെ ഭാവി എന്താകും = പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു സമീപനത്തിനും ബിജെപി കൂട്ടുനില്‍ക്കില്ല. പശ്ചിമഘട്ട വിഷയത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നു തന്നെയാണ് ബിജെപിയുടെ നിപാട്. വിമോചനയാത്രയില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കും. എല്ലാ ദുഷ്പ്രവണതകള്‍ക്കും അന്ത്യം കുറിക്കാനുള്ള ധര്‍മ്മയാത്രയാണ് വിമോചനയാത്ര. യാത്രയിലും തുടര്‍ന്നുള്ള പരിപാടികളിലും എല്ലാവിഭാഗം ജനങ്ങളുടെ പങ്കാളിത്തവും സഹായവും സഹകരണവും പ്രതീക്ഷിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.