കോട്ടയം ജില്ലാ ഷാഡോ പോലീസ് വിങ്ങ് രൂപീകരിച്ചു

Wednesday 20 January 2016 10:36 pm IST

കോട്ടയം: ജില്ലയില്‍ ട്രാഫിക് കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും ലഹരിമരുന്ന് കേസുകള്‍ കണ്ടുപിടിക്കുന്നതിലേക്കുമായി പ്രത്യേക ഷാഡോ പോലീസ് വിങ്ങ് രൂപീകരിച്ചു. ഓരോ പോലീസ് സ്‌റ്റേഷനില്‍ നിന്നും രണ്ട് പോലീസുദ്യോഗസ്ഥരെ വീതം തെരഞ്ഞെടുത്ത് രൂപീകരിച്ചിരിക്കുന്ന ഈ ഷാഡോ പോലീസ് സേനയില്‍ ജില്ലയില്‍ 62 അംഗങ്ങളുണ്ടാകും. ഓരോ സബ്ഡിവിഷന്റെയും ചുമതലയുള്ള ഡിവൈഎസ്പിമാരുടെ കര്‍ശനമായ മേല്‍നോട്ടത്തിലായിരിക്കും ഷാഡോ പോലീസ് പ്രവര്‍ത്തിക്കുക. ജില്ലയിലെ എല്ലാ പ്രദേശത്തും മഫ്തിയില്‍ സഞ്ചരിച്ച് ഷാഡോ പോലീസ് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിച്ച് അതാത് ലോക്കല്‍ പോലീസുദ്യോഗസ്ഥരെ അറിയിച്ച് നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുന്ന ബസ് ഡ്രൈവര്‍മാര്‍, സ്‌കൂള്‍ സമയത്ത് വിദ്യാര്‍ത്ഥികളെ കയറ്റാതെ ട്രിപ്പ് നടത്തുന്ന സ്വകാര്യ ബസുകള്‍ എന്നിവ പ്രത്യേകം നിരീക്ഷിക്കാന്‍ ഷാഡോപോലീസിന് ജില്ലാ പോലീസ് മേധാവി പ്രത്യേകം നിര്‍ദ്ദേശം നല്‍കി. കൂടാതെ സ്‌കൂളുകളിലും പരിസരപ്രദേഷശങ്ങളിലുമുള്ള ലഹരികലര്‍ന്ന ഐസ്‌ക്രീം, മിഠായികള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടിച്ചെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാഗമ്പടം, കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകള്‍, തിരുനക്കര മൈതാനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാമൂഹ്യവിരുദ്ധരെ പിടികൂടാനും ഷാഡോ പോലീസിന്റെ ചുമതലയുള്ള ഡിവൈഎസ്പിമാര്‍ക്ക് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹന പരിശോധന സമയത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സാന്നിധ്യം ഉറപ്പാക്കുവാനും നിമയമങ്ങളെല്ലാം അനുസരിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കുട്ടി പോലീസിന്റെ വക സമ്മാനങ്ങള്‍ നല്‍കുവാനും തീരുമാനമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.