ഈരാറ്റുപേട്ട: കൂലി ചോദിച്ച പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴിലാളിയായ വൃദ്ധനെ മര്‍ദ്ദിച്ചു.
മര്‍ദ്ദനത്തില്‍ വാരിയെല്ലിന് സാരമായി ക്ഷതമേറ്റ കുറിഞ്ഞിപ്ലാവ് ചാമപ്പാറയില്‍ സി.എസ് പോളിനെ(66) ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തെ പണികഴിഞ്ഞ് തിങ്കളാഴ്ച വൈകിട്ട് കൂലി ചോദിച്ച പോളിനെ കുറിഞ്ഞിപ്ലാവ് സ്വദേശി അപ്പച്ചന് എന്നയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വടികൊണ്ടുള്ള അടിയേറ്റ് പുറം ചതഞ്ഞിട്ടുമുണ്ട്.
ഒറ്റയ്ക്കു താമസിക്കുന്ന പോള്‍ മര്‍ദനമേറ്റ വിവരം ആരോടും പറഞ്ഞില്ല. എന്നാല്‍ ചൊവ്വാഴ്ച രാവിലെ വേദനസഹിക്കാന് സാധിക്കാതെ നിലവിളിച്ചപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് നാട്ടുകാരാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്. ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: