അയ്യപ്പ സേവാസമാജം പൂങ്കാവനം ശുചീകരിച്ചു

Wednesday 20 January 2016 10:47 pm IST

ശബരിമല: മണ്ഡല -മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമല ശ്രീകോവില്‍ തിരുനട ഇന്ന് അടയ്ക്കും. ഇന്ന് രാവിലെ മുന്‍ പന്തളം രാജപ്രതിനിധി മകയിരം തിരുനാള്‍ കേരളവര്‍മ്മരാജ സാന്നിദ്ധ്യമറിയിക്കാനായി ശബരീശ ദര്‍ശനം നടത്തും. ഇത്തവണ രാജപ്രതിനിധിയായി എത്തേണ്ടിയിരുന്ന മൂലം തിരുനാള്‍ പി.ജി ശശികുമാര വര്‍മ്മയ്ക്ക് ജ്യേഷ്ഠന്‍ അന്തരിച്ചത് കാരണം അശൂലം ആയതുകൊണ്ട് എത്തുവാന്‍ കഴിയാത്തതിനാല്‍ മറ്റ് ചടങ്ങുകള്‍ ഇല്ല. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍നമ്പൂതിരി അയ്യപ്പനെ ഭസ്മാഭിഷിക്തനാക്കി യോഗദണ്ഡ് ധരിപ്പിച്ച് ധ്യാനനിമഗ്നനാക്കും.തുടര്‍ന്ന് തിരുനടയടച്ച് താക്കോല്‍ കൈമാറുന്നതോടെ ഇക്കൊല്ലത്തെ തീര്‍ത്ഥാടനത്തിന് പരിസമാപ്തിയാകും. കുംഭമാസപൂജകള്‍ക്കായി ഫെബ്രുവരി 13 വൈകിട്ട് 5 ന് തിരുനടതുറക്കും. ശബരിമലയില്‍ ഇന്നലെ അയ്യപ്പസേവാസമാജത്തിന്റെ വകയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി ആയിരത്തിഅഞ്ഞൂറോളം പ്രവര്‍ത്തകര്‍ സ്വഛ് ശബരിമല ശുചീകരണ പരിപാടിയില്‍ പങ്കാളികളായി. ഇതില്‍ അഞ്ഞൂറോളം മാളികപ്പുറങ്ങളും ഉണ്ടായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തന്ത്രവിദ്യാപീഠം അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിസന്നിധാനത്ത് ഉദ്ഘാടനം ചെയ്തു. അയ്യപ്പസേവാസമാജം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഇറോഡ് രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ശുചീകരണ പരിപാടികള്‍ക്ക് സംസ്ഥാന സംഘടന കാര്യദര്‍ശി വി.കെ. വിശ്വനാഥന്‍, സഹ. സംഘടനാസെക്രട്ടറി പി.കെ. കുട്ടന്‍, കേരള ക്ഷേത്രസംരക്ഷണ സമിതി സംഘടനാ സെക്രട്ടറി ടി.യു. മോഹന്‍, ദുരൈശങ്കര്‍, ദുരൈസ്വാമി, ഡോ. എസ്.ബി. ബാലസുബ്രഹ്മണ്യം, പി.വി. ലക്ഷ്മീ നാരായണന്‍, കെ. ശിവരാമന്‍, ബി. ഹരി എന്നിവര്‍ നേതൃത്വം നല്‍കി. വനം വകുപ്പിന്റെ സഹായത്തോടെ ഉരക്കുഴി, പാണ്ടിത്താവളം അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളില്‍ ഉള്‍ക്കാടുകളില്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇവര്‍ നീക്കം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.