ചന്ദ്രബോസ് വധം:നിസാം കുറ്റക്കാരന്‍; ശിക്ഷ ഇന്ന്

Thursday 21 January 2016 10:20 am IST

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചുകൊന്ന കേസില്‍ പ്രതി മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. പ്രതി കരുതിക്കൂട്ടി കൊലപാതകം നടത്തുകയായിരുന്നുവെന്ന് പറഞ്ഞ കോടതി ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കൊലപാതകമടക്കം മുഹമ്മദ് നിസാമിനെതിരായ ഒമ്പത് കുറ്റങ്ങളും തെളിഞ്ഞതായും കോടതി വ്യക്തമാക്കി. 2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ഹമ്മര്‍ ജീപ്പുകൊണ്ടിടിച്ചും ജാക്കി ലിവര്‍കൊണ്ട് അടിച്ചും ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് ഉച്ചക്ക് ചന്ദ്രബോസ് മരിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തില്‍ പ്രതിയുടെ ക്രൂരത കണക്കിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതിസമ്പന്നനായ പ്രതിയില്‍ നിന്നും അഞ്ചുകോടി രൂപ പിഴയായി ഈടാക്കി ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. യാദൃശ്ചികമായുണ്ടായ അപകടമാണ് മരണകാരണമായതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മുപ്പത് മിനിറ്റ് നേരത്തെ വാദം കേള്‍ക്കലിനു ശേഷം പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു, പ്രോസിക്യൂട്ടര്‍മാരായ ടി.എസ്.രാജന്‍, സി.എസ്.ഋത്വിക്ക്, സലില്‍ നാരായണന്‍ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വി.രാമന്‍പിള്ളയും ഹാജരായി. വിധികേള്‍ക്കാന്‍ ചന്ദ്രബോസിന്റെ അമ്മയും ഭാര്യയും മകനും കോടതിയിലെത്തിയിരുന്നു. പേരാമംഗലം സിഐ ആയിരുന്ന പി.സി.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് കേസന്വേഷിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.