വാഷിംഗ്ടെണ്‍: സൗരയൂഥത്തില്‍ പുതിയ ഗ്രഹത്തെ കണ്ടെത്തിയതായി അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍. ഭൂമിയേക്കാള്‍ പതിന്മടങ്ങ് ഭീമമായ മഞ്ഞുനിറഞ്ഞ ഗ്രഹമാമെന്നാണ് പറയപ്പെടുന്നത്.പ്ലൂട്ടോയ്ക്കും ദൂരെയാണ് ഭൂമിയേക്കാള്‍ അഞ്ച് മുതല്‍ 10 മടങ്ങ് വരെ വലിപ്പമുള്ള പുതിയ ഗ്രഹം. പ്ലാനറ്റ് 9 എന്നാണ് നിലവില്‍ ഇതിനെ വിളിയ്ക്കുന്നത്.
വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നിവയ്ക്ക് ശേഷം അഞ്ചാമത്തെ വലിയ ഗ്രഹമായിരിയ്ക്കും അംഗീകരിയ്ക്കപ്പെട്ടാല്‍ പ്ലാനറ്റ് 9. അതേ സമയം സൂര്യനില്‍ നിന്ന് ഏറ്റവും ദൂരെ സ്ഥിതി ചെയ്യുന്ന ഗ്രഹമായ നെപ്റ്റിയൂണില്‍ നിന്ന് വളരെയേറെ ദുരെ സ്ഥിതി ചെയ്യുന്നതിനാല്‍ കാര്യമായി സൂര്യപ്രകാശം പ്രതിഫലിപ്പിയ്ക്കാന്‍ ഒമ്പതാം ഗ്രഹത്തിന് കഴിയില്ല. ഇത് ഏറ്റവും ശക്തമായ ടെലസ്കോപ്പുകള്ക്ക് പോലും ഗ്രഹത്തെ കണ്ടെത്തുക ദുഷ്കരമാക്കും.
1930ല്‍ കണ്ടെത്തിയ പ്ലൂട്ടോ 75 വര്‍ഷത്തോളം ഒന്‍പതാം ഗ്രഹമായി അറിയപ്പെട്ടിരുന്നത്. എന്നാല്‍ മൈക് ബ്രൗണിന്റെ പഠനങ്ങളിലൂടെ പ്ലൂട്ടോയ്ക്ക് ഗ്രഹമെന്ന സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഇപ്പോള്‍ ഒന്‍പതാം ഗ്രഹമെന്ന സ്ഥാനം നല്കി പുതിയ ഗ്രഹത്തെ സ്വീകരിക്കാനിരിക്കുകയാണ് ശാസ്ത്രലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: