ബസ് സര്‍വീസ് പുനഃസ്ഥാപിച്ചില്ല; മാമ്പുഴക്കരി - എടത്വാ റൂട്ടില്‍ യാത്രാക്ലേശം

Thursday 21 January 2016 8:35 pm IST

കുട്ടനാട്: നിര്‍ത്തിവച്ച ബസ് സര്‍വീസ് പുനഃസ്ഥാപിക്കാത്തതിനാല്‍ മാമ്പുഴക്കരി കളങ്ങര എടത്വാ റൂട്ടില്‍ യാത്രാക്ലേശം രൂക്ഷം. ആലപ്പുഴ, ചങ്ങനാശേരി ഡിപ്പോകളില്‍ നിന്ന് കളങ്ങര വഴി എടത്വായിലേക്ക് നടത്തിയിരുന്ന സര്‍വീസ് നിര്‍ത്തലാക്കിയതാണ് യാത്രാക്ലേശത്തിന് കാരണം. റൂട്ടില്‍ കളങ്ങര മുതല്‍ വെട്ടുതോടുവരെയുള്ള ഭാഗത്ത് ജല അഥോറിട്ടിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് മാസങ്ങള്‍ക്ക് മുമ്പ് സര്‍വീസ് നിര്‍ത്തിവച്ചത്. ഇതുമൂലം ഊരുക്കരി, പുതുക്കരി, തെക്കേ പുതുക്കരി, മാമ്പുഴക്കരി, മിത്രക്കരി കളങ്ങര പ്രദേശങ്ങളിലുളളവര്‍ക്കാണ് ഏറെയും യാത്രാദുരിതം. നിത്യേന നൂറുകണക്കിന് ആളുകളാണ് ഇവിടങ്ങളില്‍ നിന്നും ഈ സര്‍വീസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. ഇപ്പോള്‍ ആലപ്പുഴ, ചങ്ങനാശേരി ഡിപ്പോകളില്‍ നിന്ന് കളങ്ങരവരെ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് താല്‍ക്കാലിക പരിഹാരം മാത്രമെയാകുന്നുള്ളൂ. സര്‍വീസ് എടത്വാവരെ ആക്കിയെങ്കില്‍ മാത്രമെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകൂ. പൈപ്പ് ലൈന്‍ സ്ഥാപിച്ചുകഴിഞ്ഞ കളങ്ങര മുതല്‍ വെട്ടുതോടുവരെയുള്ള ഒന്നരകിലോമീറ്റര്‍ ഭാഗം മെറ്റല്‍ ചെയ്ത് ടാറിങ് നടത്താന്‍ വൈകുന്നതാണ് തടസമാകുന്നത്.പിഡബ്ല്യുഡി അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.