ഋതാവാങ്മുനി ചെയ്ത ഇതിഹാസ വര്‍ണ്ണനം

Thursday 21 January 2016 8:56 pm IST

രേവതി നക്ഷത്രത്തിന്റെ തേജസ്സില്‍ നിന്നും അതിസുന്ദരിയായ ഒരു കന്യക സംജാതയായി. ലക്ഷ്മീദേവിക്കൊത്ത അവളെ കണ്ടെടുത്ത പ്രമുചമുനി രേവതിയെന്ന പേരിട്ടു സ്വന്തം മകളെപ്പോലെ അവളെ വളര്‍ത്തി. കാലക്രമത്തില്‍ അവള്‍ക്ക് യോജിച്ചൊരു വരന്‍ ആരാകും എന്ന് മുനി ആലോചിച്ചു. യജ്ഞശാലയിലെ അഗ്‌നി, മുനിയോടു പറഞ്ഞത് അവള്‍ക്ക് അനുയോജ്യനായ വരന്‍ ധര്‍മ്മിഷ്ഠനും ബലവാനും വീരനും പ്രിയംവദനുമായ ദുര്‍ദ്ദമന്‍ എന്ന രാജാവായിരിക്കും എന്നാണ്. ആ സമയം നായാട്ടിനായി ദുര്‍ദ്ദമന്‍ കാട്ടില്‍ എത്തിച്ചേര്‍ന്നു. വിക്രമശീലന്റെയും കാളിന്ദിയുടെയും പുത്രനായ അദ്ദേഹം ആശ്രമത്തില്‍ കടന്നു ചെന്ന്. മുനിയെ കാണാഞ്ഞ്, രേവതിയോട് 'പ്രിയേ' എന്നു സംബോധന ചെയ്ത് വിളിച്ച് മുനിയെവിടെ എന്നന്വേഷിച്ചു. 'മഹര്‍ഷി അഗ്‌നിശാലയില്‍പ്പോയിരിക്കുന്നു' എന്ന് കന്യക മറുപടിയും പറഞ്ഞു. മുനി അഗ്‌നിശാലയ്ക്കരുകില്‍ തേജസ്വിയായ രാജാവിനെ കണ്ടു. തന്റെ മകള്‍ക്ക് യോജിച്ചവന്‍ തന്നെയിദ്ദേഹം എന്ന് മുനി നിശ്ചയിച്ചു. 'രാജ്യത്തിനും അങ്ങേയ്ക്കും മാതാപിതാക്കന്മാര്‍ക്കും സൗഖ്യമാണല്ലോ, അല്ലെ? അങ്ങയുടെ പ്രിയപത്‌നീ ഇവിടെയുണ്ടല്ലോ അതുകൊണ്ട് അങ്ങ് മറ്റുള്ളവരുടെ വിശേഷങ്ങള്‍ എന്തൊക്കെയെന്നു പറയൂ.' രാജാവ് ചിന്താക്കുഴപ്പത്തിലായി. 'ആരാണ് എന്റെ പത്‌നിയായി ഒരുവള്‍ ഇവിടെക്കഴിയുന്നത്?' 'നിന്റെ പത്‌നി, അതിസുന്ദരിയായ രേവതിയെ നീയറിയില്ലെന്നോ?' 'എനിക്ക് കൊട്ടാരത്തില്‍ ഭാര്യമാരുണ്ട്. എന്നാല്‍ അങ്ങ് പറഞ്ഞയാളെ ഞാനറിയില്ല.' 'നീയിപ്പോള്‍ പ്രിയേ എന്ന് വിളിച്ചില്ലേ? അവളാണ് നിന്റെ ഭാര്യ. അഗ്‌നിയുടെ അനുഗ്രഹ പ്രഭാവത്താലാണ് നീയവളെ പ്രിയേ എന്ന് അഭിസംബോധന ചെയ്തത്'. തന്റെ വേളിക്കായി ഒരുക്കം നടത്തുന്നതുകണ്ട് രേവതി പറഞ്ഞു: അച്ഛാ, എന്റെ വിവാഹം രേവതി നാളില്‍ത്തന്നെ നടത്തണം.'. 'പണ്ട് രേവതിയെ ഭൂമിയിലേയ്ക്ക് ഇറക്കി കൊണ്ടുവന്ന ഋതവാക്ക്മുനി തടുത്താല്‍ രേവതി ദിനത്തില്‍ മംഗലം നടക്കാതെ പോവുമല്ലോ?' എന്ന് പിതാവ് ശങ്ക പൂണ്ടു. 'തപസ്സുചെയ്ത് പ്രബലരായിത്തീര്‍ന്നവരില്‍ ഋതവാക്ക് മാത്രമല്ലല്ലോ ഈ ഭൂമിയില്‍ ഉള്ളത്? അച്ഛന്റെ തപ:ശക്തി എനിക്കറിയാം. രേവതീ നക്ഷത്രത്തെ യഥാ സ്ഥാനത്ത് വച്ചിട്ട് എന്റെ വിവാഹം നടത്തിത്തന്നാലും.' അങ്ങനെയാകട്ടെ എന്ന് പറഞ്ഞു മുനി നക്ഷത്രത്തെ ചന്ദ്രവീഥിയില്‍ പുന:സ്ഥാപിച്ചു. എന്നിട്ട് രേവതി നാളില്‍ കന്യാദാനവും നടത്തി. വിവാഹാനന്തരം എന്താണ് വരന്റെ ആഗ്രഹം എന്ന് ദുര്‍ദ്ദമനോട് ചോദിച്ചപ്പോള്‍ 'ഞാന്‍ സ്വയംഭുവമനുവിന്റെ കുലത്തില്‍ ജനിച്ചവനാണെന്നും അതിനാല്‍ മന്വന്തരാധിപനായ ഒരു പുത്രനുണ്ടാവാന്‍ ഞങ്ങളെ അനുഗ്രഹിക്കണം' എന്നുമദ്ദേഹം പറഞ്ഞു. 'അതാണ് നിന്റെ അഭീഷ്ടമെങ്കില്‍ നീ ദേവിയെ ആരാധിക്കുക. മന്വന്തരാധിപനായ പുത്രന്‍ നിനക്കുണ്ടാവും. അഞ്ചാംവേദമെന്ന് പുകള്‍പെറ്റ ദേവീഭാഗവതം അഞ്ചു നാള്‍ കേട്ടാല്‍ത്തന്നെ നിന്റെ ആഗ്രഹങ്ങള്‍ സാധിക്കും. രേവതിയില്‍ നിനക്കുണ്ടാവുന്ന അഞ്ചാമത്തെ പുത്രനാണ് മനുവാകുക.' വേദജ്ഞനും ധര്‍മ്മിഷ്ഠനുമായിരിക്കും ആ മനുവെന്നു മുനി അവരെ അനുഗ്രഹിച്ചയച്ചു. സ്വന്തം മക്കളെപ്പോലെയാണ് ദുര്‍ദ്ദമന്‍ തന്റെ പ്രജകളെ പരിപാലിച്ചിരുന്നത്. അക്കാലം ഒരു ദിനം ലോമേശന്‍ എന്ന് പേരായ മുനി കൊട്ടാരത്തിലെത്തി. അര്‍ഘ്യങ്ങള്‍ അര്‍പ്പിച്ചശേഷം രാജാവ് മുനിയോട് പുത്രലാഭത്തിനായി തനിക്ക് ദേവീഭാഗവതം കേള്‍ക്കണമെന്നുണ്ട് എന്നഭ്യര്‍ത്ഥിച്ചു. 'എല്ലാവര്‍ക്കും സമാരാദ്ധ്യയായ ജഗജ്ജനനിയെപ്പറ്റി കേള്‍ക്കാനായാണല്ലോ നീയാഗ്രഹിച്ചത്. ഇത് കേട്ടാല്‍പ്പിന്നെ നിന്നില്‍ ആഗ്രഹങ്ങളൊന്നും ബാക്കിയാവില്ല.' നല്ലൊരു നാളില്‍ സമാരംഭിച്ച് അഞ്ചുദിവസം കൊണ്ട് രാജാവും രാജ്ഞിയും ദേവിയുടെ കഥകേട്ടു. ഏഴാം നാളില്‍ രാജാവും മുനിയും പുരാണത്തെ പൂജിച്ചു. എല്ലാവര്‍ക്കും സമ്മാനങ്ങളും നല്‍കി. കാലക്രമത്തില്‍ രാജ്ഞി ഗര്‍ഭിണിയായി. ഉചിതമായ ഒരു ശുഭമുഹൂര്‍ത്തത്തില്‍ രാജ്ഞിക്ക് ഒരു പുത്രനെ പ്രസവിച്ചു. രാജാവ് അതീവ സന്തുഷ്ടനായി. രൈവതന്‍ എന്ന് പേരിട്ട്, അവനെ എല്ലാ വിദ്യകളും പഠിപ്പിച്ചു. ഉപനയനാദി കര്‍മ്മങ്ങള്‍ കഴിപ്പിച്ച് ഉത്തമനായി അവനെ വളര്‍ത്തി. സര്‍വ്വവിദ്യാവിചക്ഷണനും പണ്ഡിതനുമായ രൈവതനെ ബ്രഹ്മാവ് മനുവായി വാഴിച്ചു. സൂതന്‍ പറഞ്ഞു: ഇങ്ങനെ ദേവീഭാഗവത മാഹാത്മ്യം പറഞ്ഞതിന് ശേഷം അഗസ്ത്യമുനി സ്‌കന്ദനെ വണങ്ങി സ്വന്തം ആശ്രമത്തിലേയ്ക്ക് മടങ്ങി. ഇതൊക്കെയാണ് ദേവീ ഭാഗവതത്തിന്റെ മാഹാത്മ്യം. ഇത് പൂര്‍ണ്ണമായി വര്‍ണ്ണിക്കാന്‍ ആര്‍ക്കുമാവില്ലതന്നെ. ഇത് കേള്‍ക്കുന്നവര്‍ക്ക് സകല ഐശ്വര്യങ്ങളും ഒടുവില്‍ മുക്തിയും ലഭ്യമാകും. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.