ഓട്ടോറിക്ഷാ മോഷണം; പതിനാറുകാരനടക്കം രണ്ടുപേര്‍ പിടിയില്‍

Thursday 21 January 2016 9:18 pm IST

കട്ടപ്പന: ടൗണ്‍ കേന്ദ്രീകരിച്ചു നടന്ന ഓട്ടോറിക്ഷാ മോഷണവുമായി ബന്ധപ്പെട്ട് പതിനാറുകാരനടക്കം രണ്ടുപേര്‍ പിടിയില്‍. പതിനാറുകാരനെക്കൂടാതെ തൊവരയാര്‍ പാറയ്ക്കല്‍ രഞ്ജിത്തു(21)മാണ് പിടിയിലായത്. ഒരുമാസത്തിനിടെ പത്തോളം ഓട്ടോറിക്ഷകള്‍ നഗരത്തിന്റെ വിവിധ മേഖലകളില്‍ നിന്നു കവരുകയും മണിക്കൂറുകള്‍ക്കുശേഷം ഇവ പാതയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചേന്നാട്ടുമറ്റം ജങ്ഷനില്‍ നിന്ന് മോഷണം പോയ ഒരുവാഹനത്തിലേയ്ക്ക് ഒരു യുവാവ് കയറുന്ന ദൃശ്യം സമീപത്തെ ആഭരണശാലയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പതിനാറുകാരനാണ് ഓട്ടോറിക്ഷകള്‍ മോഷ്ടിച്ചിരുന്നത്. രഞ്ജിത്തില്‍ നിന്നാണ് ഇയാള്‍ മോഷണ രീതി പഠിച്ചത്. വാഹനം ഓടിക്കാനുള്ള താത്പര്യം മൂലമാണ് മോഷണം നടത്തിയിരുന്നതെന്ന പ്രതികളുടെ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. കഞ്ചാവ്, വ്യാജമദ്യം തുടങ്ങിയവയുടെ കടത്തിനോ മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന വിവരം പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ റിമാന്‍ഡു ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.