കളഞ്ഞുകിട്ടിയ പേഴ്‌സ് കൈമാറി വിദ്യാര്‍ത്ഥികള്‍ മാതൃകയായി

Thursday 21 January 2016 9:20 pm IST

മുഹമ്മ: കളഞ്ഞുകിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് പോലീസിന് കൈമാറി വിദ്യാര്‍ഥികള്‍ മാതൃകയായി. ദേശീയപാതയിലൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കഞ്ഞിക്കുഴിക്കും കണിച്ചുകുളങ്ങരയ്ക്കും ഇടയ്ക്കാണ് മണ്ണഞ്ചേരി പൊന്നാട് അഹ്‌ലന്‍ അഹ്‌ലില്‍ ടി. എസ്. കുഞ്ഞുമോന്റെ പേഴ്‌സ് നഷ്ടപ്പെട്ടത്. 4910 രൂപ, എടിഎം കാര്‍ഡ്,ഐഡി കാര്‍ഡ്, പോലീസ് ക്യാന്റീന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ പേഴ്‌സിലുണ്ടായിരുന്നു. ചേര്‍ത്തല ഫയര്‍ഫോഴ്‌സ് ഓഫീസില്‍ ഹോംഗാര്‍ഡായി ജോലിനോക്കുന്ന കുഞ്ഞുമോന്‍ പേഴ്‌സ് നഷ്ടപ്പെട്ട വിവരം മാരാരിക്കുളം സ്റ്റേഷനില്‍ അറിയിച്ചിരുന്നു. കണിച്ചുകുളങ്ങരയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ കണ്ടത്തിപറമ്പില്‍ രമണന്റെ മകന്‍ രഞ്ജിത്ത്, കണ്ടച്ചന്‍കാവ് ഷാജിയുടെ മകന്‍ അഭിജിത്ത് എന്നിവര്‍ക്കാണ് പേഴ്‌സ് റോഡരികില്‍ നിന്നും കിട്ടിയത്. ക്ലാസ്‌കഴിഞ്ഞ് വീട്ടിലെത്തിയ ഇവര്‍ പേഴ്‌സ് കിട്ടിയ വിവരം രക്ഷിതാക്കളെ ധരിപ്പിച്ചു. ഉടന്‍തന്നെ അഭിജിത്തിന്റെ മാതാവ് വിലാസിനി കുട്ടികളേയും കൂട്ടി മാരാരിക്കുളം സ്റ്റേഷനിലെത്ത് പേഴ്‌സ് എസ് ഐ ശ്രീകാന്ത് മിശ്രിയെ ഏല്‍പ്പിച്ചു. സിപിഒമാരായ ബിജു, കെ. പി. പ്രസാദ്, വി. പി. തിലകന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പേഴ്‌സ് എസ്‌ഐയ്ക്ക് കൈമാറിയത്. വിദ്യാര്‍ത്ഥികളുടെ സത്യസന്ധതയെ പോലീസുകാര്‍ അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.