കൊച്ചി മെട്രോ: ആദ്യപരീക്ഷണ ഓട്ടം വിജയകരം

Thursday 21 January 2016 10:39 pm IST

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണം വിജയകരമെന്ന് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും (ഡിഎംആര്‍സി) കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍) അറിയിച്ചു. ഇന്നലെ രാവിലെയാണ് ആലുവ മുട്ടം യാര്‍ഡില്‍ തയ്യാറാക്കിയിരുന്ന ടെസ്റ്റ് ട്രാക്കിലൂടെ കോച്ചുകള്‍ പരീക്ഷണ ഓട്ടം നടത്തിയത്. മണിക്കൂറില്‍ 5 കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം. ഇന്നും പരീക്ഷണ ഓട്ടം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നാളെയാണ് പാളത്തിലൂടെയുള്ള പരീക്ഷണ ഓട്ടം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പരീക്ഷണ ഓട്ടം ഫഌഗ് ഓഫ് ചെയ്യും. പൈലറ്റില്ലാത്ത മെട്രോയാണ് കൊച്ചിക്കായി വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും പൈലറ്റിനെ വെച്ചായിരിക്കും പരീക്ഷണ ഓട്ടം നടത്തുക. കോച്ചുകളിലെ ഗ്രാഫിക്‌സുകളും മറ്റും പൂര്‍ത്തിയായ പൂര്‍ണ സജ്ജമായ മെട്രോ ട്രെയിനിന്റെ ആദ്യ രൂപവും നാളെ പുറത്തുവരും. അടുത്തമാസം മുതല്‍ ആലുവയില്‍ നിന്ന് തുടങ്ങുന്ന മെട്രോ ട്രാക്കിലൂടെ തുടര്‍ച്ചയായി പരീക്ഷണ ഓട്ടമുണ്ടാവും. മാസങ്ങള്‍ നീളുന്ന പരീക്ഷണ ഓട്ടത്തിനു ശേഷമേ യാത്രാ സര്‍വീസിന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കൂ. ആന്ധ്രയിലെ ശ്രീസിറ്റിയില്‍ നിന്ന് ഈ മാസം 2നാണ് കോച്ചുകള്‍ കേരളത്തിലേയ്ക്ക് എത്തിച്ചത്. പത്ത് ദിവസം റോഡുമാര്‍ഗമുള്ള യാത്രയ്ക്ക് ശേഷം 12ന് മുട്ടത്തെത്തിയ മെട്രോയുടെ മൂന്ന് കോച്ചുകള്‍ ഇവിടെ വെച്ചാണ് കൂട്ടിയോജിപ്പിച്ചത്. ജൂണില്‍ യാത്രാ സര്‍വീസ് തുടങ്ങുമെന്നായിരുന്നു മുന്‍ പ്രഖ്യാപനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിനായി 2016 അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. ആലുവ മുതലുള്ള റൂട്ടില്‍ നിര്‍മാണം പുരോഗമിക്കുന്നതേയുള്ളൂ. സ്റ്റേഷന്‍ നിര്‍മാണവും പാളം സ്ഥാപിക്കലും ഉള്‍പ്പെടെയുള്ള ജോലികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.