ശമ്പളപരിഷ്‌കരണത്തിലെ സത്യവും മിഥ്യയും

Friday 22 January 2016 1:46 am IST

  സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജനങ്ങളേയും ജീവനക്കാരേയും ഒരേപോലെ വിഡ്ഢികളാക്കുവാന്‍ ശ്രമിക്കുകയാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്തതും അര്‍ദ്ധസത്യങ്ങള്‍ നിറഞ്ഞതുമായ വിവരണങ്ങളാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലുടനീളം മുഖ്യമന്ത്രിയും ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുംകൂടി നടത്തിയത്. 2013 നവംബര്‍ 30-ന് നിയമിക്കപ്പെട്ട 10-ാം ശമ്പളകമ്മീഷന്‍ ദീര്‍ഘമായ 25 മാസത്തിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കേവലം രണ്ടുമാസംകൊണ്ട് ഉപസമിതി എന്നുള്ള പേരില്‍ തട്ടിക്കൂട്ടിയ ഒരു സമിതി ഈ രീതിയില്‍ വികലമാക്കിയത്. ശമ്പളകമ്മീഷന്‍ സമര്‍പ്പിച്ച പ്രധാന ശുപാര്‍ശകള്‍ എല്ലാംതന്നെ അട്ടിമറിക്കപ്പെട്ടു. യാഥാര്‍ത്ഥ്യം എന്താണ്? 10-ാം ശമ്പളപരിഷ്‌കരണത്തിലൂടെ വന്‍സാമ്പത്തിക ഭാരം പൊതുഖജനാവിനുണ്ടാകുമെന്നാണ് ഊതിവീര്‍പ്പിച്ച കണക്കുകള്‍ എന്നു പറഞ്ഞ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? കഴിഞ്ഞ നാലുവര്‍ഷത്തെ കേരളത്തിന്റെ സാമ്പത്തിക റിപ്പോര്‍ട്ട് പരിശോധിച്ചാല്‍തന്നെ ഈ കള്ളപ്രചാരണത്തിന്റെ മുനയൊടിയും. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം റവന്യൂവരവിന്റെ 42.31 ശതമാനം ശമ്പളയിനത്തിലും 22.89 ശതമാനം പെന്‍ഷന്‍ ഇനത്തിലുമായി ആകെ 65.20 ശതമാനം ചെലവഴിച്ച സ്ഥാനത്ത് 2014-15 ആകുമ്പോഴേക്ക് ശമ്പളത്തിനായി 35.76 ശതമാനവും പെന്‍ഷന്‍ നല്‍കുന്നതിനായി 17.54 ശതമാനവും ഉള്‍പ്പെടെ ആകെ 53.30 ശതമാനം തുകയാണ് ചെലവഴിക്കപ്പെട്ടത്. അതായത് കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് ഈയിനത്തിലെ ചെലവ് 12 ശതമാനത്തോളം കുറയുകയാണുണ്ടായത്. ഇപ്പോള്‍ ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്ത 12 ശതമാനം ശമ്പളവര്‍ദ്ധനവ് അംഗീകരിച്ചാല്‍ പോലും മൊത്തം റവന്യൂ വരവിന്റെ ആറ് ശതമാനത്തില്‍താഴെ മാത്രമേ വര്‍ദ്ധനവ് ഉണ്ടാകുകയുള്ളൂ. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ശമ്പളപരിഷ്‌കരണത്തിലൂടെ റവന്യൂ ചെലവിലുണ്ടാകുന്ന വര്‍ദ്ധനവ് ഇത്രമാത്രമാണെന്നിരിക്കെ ഈ തുക പെരുപ്പിച്ച് കാട്ടി സംസ്ഥാനത്തിന്റെ പലിശഭാരംകൂടി ജീവനക്കാരുടെ ശമ്പള ചെലവില്‍ ചേര്‍ത്ത് റവന്യൂ വരവിന്റെ 80 ശതമാനവും ശമ്പളത്തിന് ചെലവാക്കുന്നു എന്നുള്ള തരത്തില്‍ ആടിനെ പട്ടിയാക്കുന്ന പ്രചാരണമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ശമ്പള വര്‍ദ്ധനവ് നാമമാത്രം 10-ാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്ത ശമ്പള വര്‍ദ്ധനവ് നാമമാത്രമാണ്. കേരളത്തിലെ കൂലിവ്യവസ്ഥയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ടുണ്ടായ മാറ്റം കണക്കിലെടുക്കാതെയാണ് കമ്മീഷന്‍ ഏറ്റവും കുറഞ്ഞ ശമ്പളമായി 17000 രൂപ നിശ്ചയിച്ചത്. അതനുസരിച്ചുപോലും ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഏറ്റവും കുറഞ്ഞ ശമ്പളമായി ലഭിക്കുന്നത് പ്രതിദിനം 566 രൂപ മാത്രമാണ് ഈ ആനുകൂല്യംപോലും കൂടുതലെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ കുറഞ്ഞ ശമ്പളം 16,500 ആയി കുറവ് ചെയ്തത്. ഇതനുസരിച്ച് ഒരു സര്‍ക്കാര്‍ ജീവനക്കാരനുണ്ടാകുന്ന വര്‍ദ്ധനവ് പരിശോധിക്കാം. 1.07.2014 ല്‍ ഒരു ക്ലാസ് കഢ ജീവനക്കാരന് അടിസ്ഥാനശമ്പളമായി 8500 രൂപയും അതിന്റെ 80% ക്ഷാമബത്തയായ 6800 രൂപയും ചേര്‍ത്ത് 15300 രൂപ ലഭിച്ച സ്ഥാനത്താണ് രണ്ടും കൂടി ചേര്‍ത്ത് 16500 രൂപയായി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വര്‍ദ്ധനവ് 1200 രൂപമാത്രമാണ്. അതുപോലെ തന്നെ ഒരു എല്‍ഡി ക്ലാര്‍ക്കിന് 9940 രൂപ അടിസ്ഥാനശമ്പളവും 80 ശതമാനം ക്ഷാമബത്തയായ 7952 രൂപയും ചേര്‍ത്ത് ആകെ 17892 രൂപ ലഭിച്ച സ്ഥാനത്ത് പുതിയ പരിഷ്‌കരണം വഴി ലഭിക്കുന്നത് 19000 രൂപയാണ് വര്‍ദ്ധനവ് 1108 രൂപ മാത്രമാണ്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ്, കേവലം സാങ്കേതികമായ അടിസ്ഥാനശമ്പള വര്‍ദ്ധനവ് തെറ്റിദ്ധാരണാജനകമായി അവതരിപ്പിച്ചുകൊണ്ട് ശമ്പളം ഇരട്ടിയായി എന്നുള്ള തരത്തില്‍ പ്രചാരണം നടത്തുന്നത്. കമ്മീഷന്‍ ശുപാര്‍ശകള്‍ അട്ടിമറിക്കപ്പെടുന്നു 10-ാംശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്ത നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. സമയബന്ധിത ഹയര്‍ഗ്രേഡ് ഓരോ ഏഴ് വര്‍ഷം കൂടുമ്പോഴും നല്‍കണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതുപോലെ തന്നെ ഫുള്‍ പെന്‍ഷന്റെ കാലാവധി കേന്ദ്രത്തില്‍ 20 വര്‍ഷമാണ്. കേരളത്തില്‍ അത് 30 വര്‍ഷമെന്നുള്ളത് 25 വര്‍ഷമായി കുറവ് ചെയ്യണമെന്നുള്ള ശുപാര്‍ശയും അംഗീകരിച്ചിട്ടില്ല. പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തിലും കേന്ദ്രതുല്യതയില്‍ 60 വയസ്സായി ഉയര്‍ത്തണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത് കമ്മീഷന്‍ അത് 58 വയസ്സായി ശുപാര്‍ശ ചെയ്തിരുന്നു. അതും അംഗീകരിച്ചില്ല. അഞ്ചുവര്‍ഷതത്വവും കുടിശ്ശിഖ തുകയും 1968 മുതല്‍ കേരളത്തില്‍ നിലനില്‍ക്കുന്ന അഞ്ചുവര്‍ഷതത്വം അട്ടിമറിക്കുന്നതിന് വളരെ കാലങ്ങളായി യുഡിഎഫ് സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 37 മാസത്തെ ആനുകൂല്യങ്ങളാണ് ഇത്തരത്തില്‍ കവര്‍ന്നെടുത്തത്. ഇപ്പോഴും അത്തരത്തിലുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. 2014 ജൂലായ് മുതല്‍ 2016 ഫെബ്രുവരി വരെയുള്ള 20 മാസത്തെ കുടിശ്ശിഖ 2017 ഏപ്രില്‍ മുതല്‍ നാലു ഗഡുക്കളായി പലിശ സഹിതം നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പ്രസ്തുത തുക പ്രോവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് പകരം ഇത്തരം ഒരു തീരുമാനം എടുത്തതു തന്നെ കുടിശ്ശിഖ തുക നിഷേധിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിനും വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗംകൂടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ കുടിശ്ശിക ആരാണ് കണക്കാക്കുന്നതെന്നോ അത് എവിടെ നിക്ഷേപിക്കും എന്നുള്ളതിനോ യാതൊരു വ്യക്തതയും വരുത്താതെ അടുത്തു വരുന്ന സര്‍ക്കാരിന്റെ മുന്നില്‍ ചോദിക്കണം എന്ന് പറയുന്നത് തന്നെ അത് നല്‍കുവാന്‍ ഉദ്ദേശിക്കുന്നില്ലായെന്ന് പറയുന്നതിന് തുല്യമാണ്. അത് നല്‍കാനായിരുന്നുവെങ്കില്‍ മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ പിഎഫില്‍ നിക്ഷേപിക്കുമെന്ന് പറയുമായിരുന്നു. അതുണ്ടായില്ല. അതുകൂടാതെ കമ്മീഷന്റെ ശുപാര്‍ശ മറികടന്ന് ചില അലവന്‍സുകളില്‍ 10 ശതമാനംവരെ വര്‍ദ്ധനവ് വരുത്തി എന്നാണ് പറഞ്ഞത്. അതില്‍ പ്രധാനപ്പെട്ടത് റിസ്‌ക് അലവന്‍സാണ്. നൂറ്റന്‍പത് രൂപമാത്രം ലഭിക്കുന്ന ഇതിന്റെ 10 ശതമാനമെന്നുള്ളത് പതിനഞ്ച് രൂപ മാത്രമാണ്. അതാണ് വലിയ വര്‍ദ്ധനവ് വരുത്തി എന്നുള്ള രീതിയില്‍ അവതരിപ്പിച്ചത്. അതുപോലെതന്നെ ക്ഷാമബത്തയുടെ കാര്യത്തിലും ഉണ്ടായത്. 01.01.2015 ല്‍ മൂന്ന് ശതമാനവും 01.07.2015 ല്‍ മൂന്ന് ശതമാനവും ചേര്‍ത്ത് ആകെ ആറ് ശതമാനം മാത്രമാണ് ലഭിക്കുന്നത്. അതും തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ 01.01.2015 ല്‍ മൂന്ന് ശതമാനമെന്നും 01.07.15 ല്‍ ആറു ശതമാനവും ലഭിക്കുമെന്നും പറഞ്ഞുകൊണ്ട് ആകെ ഒന്‍പത് ശതമാനമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നു എന്ന വ്യാജേന ജീവനക്കാരേയും ജനങ്ങളെയും മാദ്ധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഇത്തരത്തില്‍ ഒരു പരിഷ്‌കരണം നടപ്പിലാക്കുന്നതിനായിരുന്നു ഉദ്ദേശിച്ചതെങ്കില്‍ എന്തിനായിരുന്നു പൊതുഖജനാവിലെ മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് 25 മാസംകൊണ്ട് ഒരു കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥരെകൊണ്ട് രണ്ട് മാസംകൊണ്ട് തട്ടിക്കൂട്ടാമായിരുന്നു ഇത്തരത്തില്‍ ഒരെണ്ണം. എന്തായാലും എല്ലാവരേയും എല്ലാ കാലത്തും കബളിപ്പിക്കുവാന്‍ കഴിയില്ലായെന്നുള്ള ചരിത്രസത്യം സര്‍ക്കാരിനും ബാധകമാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.