സ്വാഭാവിക റബ്ബര്‍ ഇറക്കുമതിക്ക് നിയന്ത്രണം

Friday 22 January 2016 2:26 am IST

ന്യൂദല്‍ഹി: സ്വാഭാവിക റബ്ബര്‍ ഇറക്കുമതി നിയന്ത്രിച്ചുകൊണ്ട് കേന്ദ്രവാണിജ്യമന്ത്രാലയം ഉത്തരവിറക്കി. ഇനി മുതല്‍ രാജ്യത്ത് രണ്ട് തുറമുഖം വഴി മാത്രമേ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കൂ. ആഭ്യന്തരവിപണിയിലെ റബര്‍ വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ പുതിയ തീരുമാനം സഹായിക്കും. കേരളത്തിലെ ആയിരക്കണക്കിന് ചെറുകിട റബ്ബര്‍കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവില്‍ രാജ്യത്തെ 39 തുറമുഖങ്ങള്‍ വഴിയാണ് റബ്ബര്‍ ഇറക്കുമതി നടക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ തീരുമാനങ്ങളുടെ ഫലമായി കഴിഞ്ഞ വര്‍ഷം മാത്രം 3 ലക്ഷം ടണ്‍ റബ്ബറാണ് ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്തത്. ഇതോടെയാണ് ആഭ്യന്തരവിപണിയിലെ റബ്ബര്‍വിലയില്‍ വന്‍ തകര്‍ച്ച ഉണ്ടായത്. വിലയിടിവ് തടയുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ റബര്‍ ഇറക്കുമതി നിയന്ത്രിച്ചതെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രസ്താവിച്ചു. കേന്ദ്രവാണിജ്യമന്ത്രാലയം ഇറക്കുമതി നിയന്ത്രിച്ചത് ചെറുകിട റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനായാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വിലയിടിഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയ്ക്ക് കേന്ദ്രതീരുമാനത്തോടെ വലിയ പരിഹാരമാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ചെന്നൈ തുറമുഖം വഴിയും നവിമുംബൈയിലെ ജവഹര്‍ലാല്‍ നെഹ്രു തുറമുഖം വഴിയും മാത്രമേ ഇനി ഭാരതത്തിലേക്ക് റബ്ബര്‍ ഇറക്കുമതി ചെയ്യാനാകൂ. ഇതോടെ അന്താരാഷ്ട്രവിപണിയില്‍ നിന്നുള്ള റബര്‍ ഇറക്കുമതി നാലിലൊന്നായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തരവിപണിയിലെ റബ്ബറിന് കൂടുതല്‍ വില ലഭിക്കുന്നതിനും പുതിയ തീരുമാനം വഴിവെയ്ക്കും. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുക വഴി ആഭ്യന്തരവിപണിയിലെ റബ്ബര്‍ വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ് കേന്ദ്രവാണിജ്യമന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ഫോണില്‍ വിളിച്ച് കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.