ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കണ്ടെത്താമായിരുന്നിട്ടും ഭൂരഹിതരെ സര്‍ക്കാര്‍ അവഗണിക്കുന്നു

Friday 22 January 2016 3:54 am IST

പത്തനംതിട്ട: ലക്ഷക്കണക്കിന് ഏക്കര്‍ഭൂമി കണ്ടെത്താമായിരുന്നിട്ടും നടപടികള്‍ സ്വീകരിക്കാതെ ഭൂരഹിതരെ സര്‍ക്കാര്‍ അവഗണിക്കുന്നു. സംസ്ഥാനത്ത് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് അനധികൃതമായി വന്‍കിടകമ്പനികള്‍ കൈവശം വെച്ചിരിക്കുന്നത്. എന്നാല്‍ മാറിമാറി ഭരണത്തിലെത്തിയ ഇരുമുന്നണികളും ഇതുമനസ്സിലാക്കിയിട്ടും സര്‍ക്കാരിനവകാശപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ല. മരിച്ചാല്‍ മൃതദേഹം അടക്കാന്‍പോലും ആറടി മണ്ണില്ലാതെ ലക്ഷക്കണക്കിനാളുകള്‍ ദുരിതംപേറുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നിസ്സംഗത. സംസ്ഥാനത്തെ തോട്ടം മേഖലയിലാണ് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി വന്‍കിട കമ്പനിക്കാര്‍ കൈവശം വെച്ചിരിക്കുന്നത്. ഏകദേശം അഞ്ചുലക്ഷത്തോളം ഏക്കര്‍ ഭൂമി ഇത്തരത്തില്‍ വന്‍കിടകമ്പനികളുടെ കൈവശമുണ്ടെന്നാണ് ഏകദേശ കണക്ക്. ഹാരിസണ്‍,ടാറ്റ തുടങ്ങിയ വന്‍കിടക്കാരാണ് ഏറെ ഭൂമിയും അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. ഇതിനുപുറമേ നിരവധി ചെറുകിട കമ്പനികളുടെ കൈവശവും അനധികൃത ഭൂമിയുണ്ട്. സംസ്ഥാനത്ത് ഭൂരഹിതരായവരുടെ എണ്ണവും ലക്ഷങ്ങള്‍ വരും. 2013 ല്‍ മൂന്നര ലക്ഷത്തിലേറെ ആളുകളാണ് ഭൂമിയ്ക്കുവേണ്ടി സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ഇതില്‍ രണ്ടലക്ഷത്തി നാല്‍പ്പതിനായിരത്തോളം ആളുകളുടെ അപേക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അരലക്ഷം പേര്‍ക്കുപോലും ഭൂമി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിലവില്‍ സംസ്ഥാനത്തെ ഭൂരഹിതര്‍ക്കെല്ലാം കിടപ്പാടം നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം ഉള്ള ഭൂമിയുടെ പകുതിപോലും വേണ്ടിവരില്ല. ഹാരിസണ്‍ കമ്പനിയുടെ അനധികൃത ഭൂമി കണ്ടെത്തുന്നതിന് 2014 ല്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം തിരുവിതാംകൂര്‍ മേഖലയില്‍ മാത്രം മുപ്പതിനായിരത്തിലേറെ ഏക്കര്‍ അനധികൃത ഭൂമി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ അനധികൃത ഭൂമിമാത്രമാണിത്. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഹാരിസണ്‍ കമ്പനിയ്ക്ക് വന്‍തോതില്‍ ഭൂമിയുണ്ട്. തൊണ്ണൂറ്റാറായിരത്തിലേറെ ഏക്കര്‍ ഭൂമി തങ്ങളുടെ കൈവശമുണ്ടെന്ന് ടാറ്റാതന്നെ അവകാശപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഇതിലും ഏറെയാണ് അവരുടെ കൈയിലുള്ള ഭൂമി എന്നാണ് സൂചന. ഇതിനുപുറമേ പത്തിലേറെ ചെറുകിട കമ്പനികളും പതിനായിരക്കണക്കിന് ഏക്കര്‍ അനധികൃത ഭൂമി കൈവശം വെച്ചിട്ടുണ്ട്. ബ്രിട്ടീഷ് കമ്പനികള്‍ തങ്ങള്‍ക്ക് ഭൂമി കൈമാറ്റം ചെയ്തു എന്ന് ആധാരം ചമച്ചാണ് വന്‍കിടകമ്പിനികളൊക്കെ അനധികൃത ഭൂമി കൈവശം വച്ചിരിക്കുന്നത്. ഈ ആധാരങ്ങളൊക്കെ തയ്യാറാക്കിയത് ഭാരതം സ്വാതന്ത്ര്യം പ്രാപിച്ച് ബ്രീട്ടീഷ്‌കമ്പിനികള്‍ രാജ്യംവിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടശേഷമാണ്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഭൂമി െെകമാറ്റം ചെയ്യുന്നതിനുള്ള അവകാശം ഇല്ലാതായി എന്നതാണ് യാഥാര്‍ത്ഥ്യം.നിയമസാധുതയില്ലാത്തതും രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതുമായ വാദങ്ങളുടെ പിന്‍ബലത്തിലാണ് വന്‍കിടക്കാര്‍ വന്‍തോതില്‍ അനധികൃതഭൂമി കൈവശം വച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.