ഭക്തി മനുഷ്യന്റെ ഏറ്റവും വലിയ സ്വത്ത്: മാതാ അമൃതാനന്ദമയി

Friday 22 January 2016 3:57 am IST

ചേര്‍ത്തല: സാധാരണക്കാരനുപോലും സ്വായത്തമാക്കുവാന്‍ കഴിയുന്ന പ്രായോഗിക ശാസ്ത്രമാണ് ഭക്തിയെന്ന് മാതാ അമൃതാനന്ദമയി. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിന്റെ ചുറ്റമ്പല സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന സത്സംഗില്‍ സംസാരിക്കുകയായിരുന്നു അമ്മ. മനുഷ്യന്റെ ഏറ്റവും വലിയ സ്വത്ത് ഭക്തിയാണ്. എവിടെ ഭക്തിയുണ്ടോ അവിടെ ജീവാത്മാവും പരമാത്മാവും കൂടിച്ചേരുന്നു. സ്വാര്‍ത്ഥത കൊടികുത്തി വാഴുന്ന സമൂഹത്തില്‍ ജനങ്ങളില്‍ ധര്‍മബോധം വളര്‍ത്താനും സഹജീവികളോട് കരുണ കാട്ടുവാനും ഭക്തിയിലൂടെ കഴിയും. ഒരു ക്ഷേത്രം പുരോഗമിക്കുമ്പോള്‍ ഗ്രാമത്തിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കും. മാനുഷിക മൂല്യങ്ങള്‍ കൈവിടാതെ സൂക്ഷിച്ചാല്‍ ഐശ്വര്യപൂര്‍ണമായ ജീവിതം സ്വന്തമാക്കാം. സമൂഹത്തെ കുറ്റപ്പെടുത്താതെ മാറ്റം അവനവനില്‍ നിന്ന് തുടങ്ങണം. മൂല്യങ്ങള്‍ തകര്‍ന്ന വിദ്യാഭ്യാസമാണ് നമ്മുടെ ശാപം. പഴയകാലത്ത് സംസ്‌കാരത്തിന്റെ കളിത്തൊട്ടിലുകളായിരുന്നു നമ്മുടെ ഗുരുകുലങ്ങള്‍. സ്‌നേഹവും കാരുണ്യവും സംസ്‌കാരവുമാണ് വിദ്യാഭ്യാസത്തിലൂടെ നേടേണ്ടത്. വിജ്ഞാനത്തിനതീതമായി മാനുഷിക മൂല്യങ്ങള്‍ കൂടി പകര്‍ന്നു കൊടുത്ത് കുട്ടികളുടെ മാനസികവികാസം ലക്ഷ്യമിടുന്നതായിരിക്കണം വിദ്യാഭ്യാസം. ഇന്നത്ത വിദ്യാഭ്യാസത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യക്കുള്ള പ്രാധാന്യം തള്ളിക്കളയാനാകില്ല. എങ്കിലും കുട്ടികളെ നേര്‍വഴിക്ക് നടത്തുവാന്‍ മാതാപിതാക്കളും അധ്യാപകരും ചില മുന്‍ കരുതലുകള്‍ എടുക്കണം. കുളങ്ങളും, കാവുകളും നശിപ്പിച്ചതിലൂടെ മനുഷ്യന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. സമീപഭാവിയില്‍ കുടിവെള്ളം കിട്ടാതെ അലയുന്ന അവസ്ഥ സംജാതമാകും. അവസാനത്തെ കുളവും മലിനമായി കഴിയുമ്പോള്‍ മാത്രമേ പണം തിന്ന് വയറു നിറയ്ക്കാനാകില്ല എന്ന് നാം മനസിലാക്കൂ. ശുദ്ധവായു ലഭിക്കുന്ന കാവുകള്‍ നമ്മള്‍ സംരക്ഷിക്കണം. നല്ലതിലും ചീത്തയിലും ഈശ്വരനെ കൈവിടരുത്. നമ്മുടെ വാക്കുകളും പ്രവര്‍ത്തിയും ജീവിതകാലം മുഴുവന്‍ പിന്തുടരുന്നുണ്ട്. പ്രേമം, ഏത് വെല്ലുവിളിയെയും നേരിടാന്‍ പ്രാപ്തിയാക്കുന്ന ശക്തിമന്ത്രമാണ്. അത് ചുണ്ട് കൊണ്ട് ജപിക്കേണ്ടതല്ല. ഹൃദയം കൊണ്ട് അറിയേണ്ടതാണ്. അമ്മയുടെ വാല്‍സല്യവും, അച്ഛന്റെ സ്‌നേഹവും ശിക്ഷണവും ലഭിച്ചാല്‍ മാത്രമേ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തിന്റെ മറുകര വിജയകരമായി താണ്ടാനാകൂ. ജ്ഞാനവും നിഷ്ഠയും ചേര്‍ന്ന ഭക്തി പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകുവാന്‍ നമ്മളെ സഹായിക്കുമെന്നും അമ്മ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.