റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അശ്വതി ന്യൂദില്ലിക്ക്

Friday 22 January 2016 8:15 pm IST

തൊടുപുഴ: രാജ്യത്തെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ എന്‍.സി.സിയുടെ പരമോന്നത ക്യാമ്പായ റിപ്പബ്ലിക് ദിന പരേഡിലേക്ക് ന്യൂമാന്‍ കോളേജിലെ രണ്ടാം വര്‍ഷ സാമ്പത്തിക ശാസ്ത്രവിദ്യാര്‍ത്ഥിനിയായ അശ്വതി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ഡ്രില്‍, ഗാര്‍ഡ് ഓഫ്  ഓണര്‍, കലാപരമായ മികവ്, വ്യക്തിഗതമികവ്  എന്നിങ്ങനെ വിവിധ മേഖലകളിലുള്ള കേഡറ്റിന്റെ വൈദഗ്ധ്യമാണ് ആര്‍.ഡി.സി. തെരഞ്ഞെടുപ്പില്‍ പരിശോധിക്കപ്പെടുന്നത്. പന്ത്രണ്ട് ലക്ഷത്തിലധികം അംഗബലമുള്ള എന്‍.സി.സി. സേനയില്‍ കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിലുള്ള 49000 കേഡറ്റുകളില്‍ വനിതാവിഭാഗത്തില്‍ 4 പേരാണ് ഈ വര്‍ഷം ആര്‍.ഡി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 100 ദിവസം നീളുന്ന ക്രമകരമായ സെലക്ഷന്‍ പ്രക്രിയയില്‍ മുവാറ്റുപുഴ 18 കേരളബറ്റാലിയനില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട അശ്വതി ഉടുമ്പന്നൂര്‍ കരയില്‍ തണ്ടേല്‍ വീട്ടില്‍ പി.കെ. രാജേഷ്, ഗീതാ രാജേഷ് ദമ്പതികളുടെ മകളാണ്. 2015 ലെ തല്‍സൈനിക് ക്യാമ്പില്‍  2 വെള്ളി മെഡല്‍ അടക്കം മികച്ച പ്രകടനം കാഴ്ചവച്ച ന്യൂമാന്‍ കോളേജ് എന്‍സിസി യൂണിറ്റിന് പൊന്‍തൂവലായി അശ്വതിയുടെ ഈ നേട്ടം. 26 ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ 18 കേരള ബറ്റാലിയനെ പ്രതിനിധീകരിക്കുന്ന ഏക കേഡറ്റായ അശ്വതിയെ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ്, 18 കേരള കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ അജയ് സൂധ്, എന്‍സിസി ഓഫീസര്‍ ലഫ്. പ്രജീഷ് സി. മാത്യു, കോളേജ് ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍ എന്നിവര്‍ അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.