വിമോചനയാത്ര സര്‍വ്വമേഖലകളിലും തകര്‍ച്ച നേരിടുന്ന കേരളത്തെ രക്ഷിക്കാന്‍: കുമ്മനം

Friday 22 January 2016 10:37 pm IST

മട്ടന്നൂര്‍: മറ്റുള്ളവരെ പഴിപറയലും അധിക്ഷേപിക്കലുമാണ് കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എല്ലാവിധ തകര്‍ച്ചകളില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനാണ് വിമോചനയാത്രയെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ടും വിമോചനയാത്രാ നായകനുമായ കുമ്മനം രാജശേഖരന്‍. വിമോചന യാത്രക്ക് മട്ടന്നൂരില്‍ നല്‍കിയ പ്രൗഡഗംഭീര സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കാര്‍ഷിക വളര്‍ച്ചയും വ്യവസായവും തകര്‍ന്നിരിക്കുകയാണ്. ഒരു നല്ല സ്വപ്നം കണ്ടുണരാന്‍ കേരളത്തിലെ ജനങ്ങള്‍ ദാഹിക്കുകയാണ്. അതിനെ സ്പര്‍ശിക്കാതെ എന്ത് യാത്ര നടത്തിയാലും അത് കടുത്ത അവഗണനയാണ്. ഒന്നുമില്ലാത്തവന്‍ എന്നുമെന്നും ഒന്നുമില്ലാത്തവനായിത്തന്നെയിരിക്കുകയാണ്. ജനത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവന് മാത്രമേ അവന്റെ അടിസ്ഥാന പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. ഇവിടെ ദാരിദ്ര്യം എത്രമാത്രമുണ്ടെന്നതിന്റെ തെളിവാണ് മാലിന്യക്കൂമ്പാരത്തില്‍ കയ്യിട്ട് വിശപ്പടക്കേണ്ടി വരുന്നത്. സുഭിക്ഷമായി ആഹാരം കഴുക്കുമ്പോള്‍ നമ്മള്‍ അവരെക്കുറിച്ച് ഓര്‍ക്കണം. അതുകൊണ്ടാണ് അന്നത്തിനും വെള്ളത്തിനും മണ്ണിനും തൊഴിലിനും തുല്യനീതിക്കും വേണ്ടി വിമോചനയാത്ര നടത്തുന്നത്. കതിരൂര്‍ മനോജ് വധവുമായി ബന്ധപ്പെട്ട് കുറ്റവാളികളെ പിടികൂടാന്‍ കഴിയുന്ന അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെയും നിയമസംവിധാനത്തോടും സിപിഎം കാട്ടുന്ന അസഹിഷ്ണുത, രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ഇവരുടെ രീതി ജനം മനസ്സിലാക്കും. ലാവ്‌ലിന്‍ കേസില്‍ പിണറായി തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് വെപ്രാളപ്പെടണം. രാഷ്ട്രീയ രംഗത്ത് സമാധാനമുണ്ടാകണം. മത-ജാതി, കാര്‍ഷിക-വ്യവസായ-തൊഴില്‍ രംഗങ്ങളില്‍ സമാധാനം വേണം. സിപിഎമ്മിന് വേണ്ടത് ചോരയാണ്. എന്നുമെന്നും അവര്‍ അതിനുവേണ്ടി കൊല്ലും കൊലയും നടത്തിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ബിഷപ്പുമാരെയും മറ്റ് മതനേതാക്കളെയും കാണാന്‍ പോകുന്നത് വോട്ടിനു വേണ്ടി മാത്രമാണ്. പക്ഷെ ബിജെപി അങ്ങനെയല്ല. മതസൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും ആഗ്രഹിച്ചാണ്. അതില്‍ സ്വാര്‍ത്ഥതയില്ല. ആര്‍എസ്എസ് പരമോന്നത അധികാരി മോഹന്‍ഭാഗവത് സമാധാന ചര്‍ച്ചയാകാം എന്ന് പറയുന്നത് സിപിഎമ്മിനെ ഭയന്നുകൊണ്ടല്ല. ഉത്തരവാദിത്തമുള്ള നേതാക്കള്‍ അങ്ങനെയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലത്തില്‍ നിന്നും ബിജെപിക്ക് ഒരു എംഎല്‍എയെ തരണമെന്ന് ആറന്മുള സമരനായകന്‍ കൂടിയായ കുമ്മനം ആവശ്യപ്പെട്ടപ്പോള്‍ സ്ഥലത്ത് കൂടിച്ചേര്‍ന്ന ആയിരങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് അതിന് മറുപടി നല്‍കിയത്. നിയോജക മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.കൂമുള്ളി ശിവരാമന്‍ കുമ്മനം രാജശേഖരനെ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു. തുടര്‍ന്ന് മണ്ഡലം കമ്മറ്റിക്കു വേണ്ടി സി.വി.വിജയന്‍ മാസ്റ്റര്‍, വിവിധ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍, ബൂത്ത് കമ്മറ്റി ഭാരവാഹികള്‍, എബിവിപി, ബിഎംഎസ് തുടങ്ങി വിവിധ പരിവാര്‍ സംഘടനാ ഭാരവാഹികള്‍, പെരിഞ്ചേരി വനിതാ സഹകരണ സംഘം പ്രസിഡണ്ട് എന്‍.പി.രജനി തുടങ്ങിയവര്‍ അദ്ദേഹത്തെ ഹാരാര്‍പ്പണം ചെയ്തു. സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെ കുമ്മനം രാജശേഖരന്‍ അനുമോദിച്ചു. എ.കൃഷ്ണന്‍ സ്വാഗതവും പി.രാജന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.