എറണാകുളം മെഡിക്കല്‍ കോളേജിലെ ഹൃദ്‌രോഗവിഭാഗത്തിലെ അപര്യാപ്തത വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Friday 22 January 2016 10:03 pm IST

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജിലെ ഹൃദ്‌രോഗവിഭാഗത്തിലെ അപര്യാപ്തതകളെ കുറിച്ച് ആരോഗ്യ-കുടുംബക്ഷേമവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. ഫെബ്രുവരി 22ന് രാവിലെ 11ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗിലാണ് വിശദീകരണം ഫയല്‍ ചെയ്യേണ്ടത്. ദിവസേന നൂറുകണക്കിന് രോഗികളാണ് ഹൃദ്‌രോഗ ബാധയുമായി എറണാകുളം മെഡിക്കല്‍ കോളേജിലെത്തുന്നത്. എന്നാല്‍ ഇവിടെ ആഴ്ചയില്‍ 3 ദിവസം മാത്രമാണ് ഹൃദ്‌രോഗവിദഗ്ദ്ധന്‍ ആശുപത്രിയിലെത്തുന്നത്. ഇതില്‍ ഒരു ദിവസം മാത്രം ഒ.പി. വിഭാഗത്തില്‍ രോഗികളെ കാണും. ഒരു ഡോക്ടര്‍ മാത്രമുള്ളതിനാല്‍ ഏതാനും രോഗികളെ മാത്രമേ പരിശോധിക്കാന്‍ കഴിയുകയുള്ളൂ. കാത്ത് ലാബ് ഇല്ലാത്തതിനാല്‍ ദിവസേനെ പത്ത് രോഗികളെയെങ്കിലും കോട്ടയം മെഡിക്കല്‍ കോളേജിലേക്കയയ്ക്കുന്നു. ഇവരില്‍ പലരും യാത്രാ മദ്ധ്യേ മരിക്കും. ഒരു വര്‍ഷം മുമ്പ് കാര്‍ഡിയോളജി വിഭാഗവും കാത്ത്‌ലാബും തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. പെട്ടിക്കടകള്‍ പോലെ മെഡിക്കല്‍ കോളേജ് ഉണ്ടാക്കിയിട്ട് കാര്യമില്ലെന്നും പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജില്‍ യൂറോളജി വിഭാഗമില്ല. ലക്ഷങ്ങള്‍ ചെലവാക്കി വാങ്ങിയ യൂറോളജി യന്ത്രങ്ങള്‍ പൊടിപിടിച്ച് കിടക്കുന്നു. ന്യൂറോ സര്‍ജന്റെ സേവനം 24 മണിക്കൂറും ലഭ്യമല്ല. ഒരു മുറിയില്‍ അഞ്ചു വിദ്യാര്‍ത്ഥികളെയാണ് ഹോസ്റ്റലില്‍ താമസിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ എക്‌സ്‌റേ സംവിധാനം നടപ്പിലാക്കണമെന്നും ആവശ്യമുണ്ട്. സ്വകാര്യ കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന സി.റ്റി. സ്‌കാന്‍ ആശുപത്രി വികസന സമിതിക്ക് കീഴിലാക്കണം. എം.ആര്‍.ഐ സൗകര്യം ഏര്‍പ്പെടുത്തണമെന്നും പരാതിയില്‍ പറയുന്നു. കേരള ഹൗസ് സര്‍ജന്‍സ് അസോസിയേഷനു വേണ്ടി ഡോ. ജയസൂര്യ പി.ജി. സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.