കൊച്ചി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് (ഐആര്‍സിറ്റിസി) ട്രെയിന്‍ യാത്രക്കാര്‍ക്കായി നടപ്പിലാക്കിയ ഇ-കാറ്ററിംഗ് പദ്ധതിയില്‍ കുടുംബശ്രീയും പങ്കാളിയാകുന്നു. കോര്‍പ്പറേറ്റുകള്‍ മാത്രമുണ്ടായിരുന്ന ഈ മേഖലയില്‍ ഇന്ത്യയിലാദ്യമായി വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും അവസരം ലഭിക്കുന്നു. ഇന്ന് രാവിലെ 10ന് ഐആര്‍സിറ്റിസി കഫേ കുടുംബശ്രീ ഇ-കാറ്ററിംഗ് പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി ഡോ.എം.കെ. മുനീര്‍ നിര്‍വ്വഹിക്കും. കുടുംബശ്രീയുടെ കാറ്ററിംഗ് ബ്രാന്‍ഡായ കഫേ കുടുംബശ്രീയാണ് റെയില്‍വേ യാത്രക്കാര്‍ക്കായി ഭക്ഷണം ഒരുക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ ഒരുക്കുന്ന രുചികരമായ ഭക്ഷ്യ വിഭവങ്ങള്‍ റെയില്‍വേ യാത്രക്കാര്‍ക്ക് ഇ ടിക്കറ്റ് എടുക്കുന്ന സമയത്ത് ബുക്ക് ചെയ്യാവുന്നതാണ്. യാത്ര പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പുവരെ ഈ സൗകര്യം ലഭ്യമാക്കാവുന്നതാണ്.
പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഭക്ഷണം ലഭ്യമാക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുന്നതാണ്. ആദ്യ ദിവസങ്ങളില്‍ ഉച്ചഭക്ഷണവും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഭാത ഭക്ഷണം, നാടന്‍ സ്നാക്സുകള്‍, രാത്രിയിലെ ഭക്ഷണം എന്നിവയും ലഭ്യമാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: