രാജ്യത്ത് അതീവ ജാഗ്രത

Friday 22 January 2016 10:24 pm IST

ന്യൂദല്‍ഹി: പത്താന്‍കോട്ടില്‍ നിന്നും ഓട്ടം വിളിച്ച ടാക്‌സിയുടെ ഡ്രൈവറെ കൊന്ന് മൂന്നംഗ അജ്ഞാത സംഘം കാറുമായി കടന്ന പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഭാരതത്തിലെങ്ങും അതീവ ജാഗ്രത പുലര്‍ത്താനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ നിന്നാണ് ടാക്‌സി ഡ്രൈവറുടെ മൃതദേഹം ലഭിച്ചത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് എസ്.പിയുടെ വാഹനം തട്ടിയെടുത്ത മാതൃകയില്‍ വാഹനവുമായി കടന്നത് അതിര്‍ത്തികടന്നെത്തിയ ഭീകരരാണോ എന്ന സംശയത്തിലാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വെളുത്ത നിറത്തിലുള്ള എച്ച്പി1 ഡി 2440 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറാണ് മൂന്നംഗ സംഘത്തിന്റെ കൈയിലുള്ളത്. ഡ്രൈവര്‍ വിജയകുമാറിനെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ദല്‍ഹി പോലീസ് പുറത്തിറക്കിയ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളെപ്പറ്റി പരസ്യമായി പറയുന്നില്ലെന്നും പോലീസ് അതീവ ജാഗ്രതയിലാണെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി പറഞ്ഞു. അതിനിടെ ഐഎസുമായി ബന്ധമുള്ള 14 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എന്‍ഐഎ ഇന്നലെ കസ്റ്റഡിയിലെടുത്തു. ആറുപേരെ കര്‍ണ്ണാടകത്തില്‍ നിന്നും നാലു പേരെ ഹൈദരാബാദില്‍ നിന്നും രണ്ടുപേരെ വീതം മൂംബൈ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്‍പതുപേരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരിക്കുകയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്റെയുടെ സന്ദര്‍ശനത്തിനെതിരെ ബെംഗളൂരുവിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലേക്ക് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നാണ് ഇത് ഇ- മെയില്‍ ചെയ്തിരിക്കുന്നത്. നവംബറില്‍ പാരീസില്‍ നടന്ന ഐഎസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐഎസുമായി ബന്ധമുള്ള മുഴുവന്‍ പേരെയും പിടികൂടാനാണ് രാജ്യത്തെ സുരക്ഷാ ഏജന്‍സികളുടെ ശ്രമം. പഴുതുകളടച്ച സുരക്ഷാക്രമീകരണങ്ങളാണ് ദല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദല്‍ഹിയില്‍ 10000 അര്‍ധ സൈനികരെ വിന്യസിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ദല്‍ഹിയും രാജ്യവും സുരക്ഷാവലയത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.