കേരളത്തിലെ വനവാസി സമൂഹത്തിന്റെ അവസ്ഥ പരിതാപകരം : കുമ്മനം

Saturday 23 January 2016 7:05 am IST

കല്‍പ്പറ്റ: കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വനവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി കേരളം ഭരിച്ച ഇരുമുന്നണികള്‍ യാതൊന്നും ചെയ്തില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി. വനാവകാശ നിയമപ്രകാരം കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ ഫണ്ട് വിനിയോഗിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ഒറ്റപ്പൈസ പോലും ഇതുവരെ വിനിയോഗിച്ചിട്ടില്ല. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു. വിമോചനയാത്രയുടെ നാലാം ദിവസം കല്‍പ്പറ്റയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍. മുത്തങ്ങയില്‍ പ്രക്ഷോഭം നടത്തിയ ആദിവാസികള്‍ക്ക് ഭൂമിയുടെ പട്ടയം നല്‍കുമെന്ന് പറഞ്ഞുവെങ്കിലും വാഗ്ദാനം ലംഘിക്കപ്പെട്ടു. 1200 ഓളം അപേക്ഷയില്‍ ഏകദേശം 285 പേര്‍ക്ക് മാത്രമേ പട്ടയം കിട്ടിയിട്ടുള്ളൂ. പട്ടക്കാലാവധി കഴിഞ്ഞ അറുപതിനായിരം ഏക്കര്‍ ഭൂമി ഉണ്ടെങ്കിലും അത് പിടിച്ചെടുത്ത് ആദിവാദികള്‍ക്ക് നല്‍കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. വിമോചന യാത്ര ഭൂമി, കിടപ്പാടം, ആഹാരം എന്നിവയ്ക്കും പവപ്പെട്ട നിരാശ്രയരായര്‍ക്കും നിരാലംബര്‍ക്കും വേണ്ടിയുള്ളതാണ്. വയനാട് പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമാണ്. സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ മൂലം ആവാസവ്യവസ്ഥയില്‍ പരിസ്ഥിതി തകര്‍ന്ന് തരിപ്പണമായി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല. കര്‍ഷിക മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വളരെയേറെ സഹായം ചെയ്യുന്നുണ്ട്. റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി ഇറക്കുമതി തീരുവ കുറച്ചു. ഭക്ഷ്യസുരക്ഷാ നടപടികളുമായി കേന്ദ്രം ഏറെ മുന്നോട്ടു പോയി. ഇതിന് വരുന്ന ചെലവിന്റെ അമ്പത് ശതമാനം കേന്ദ്രം സഹായിക്കുമെന്ന് പറഞ്ഞിട്ടും. കേരളം ഇതിനെതിരെ മുഖം തിരിച്ചിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. കേരളത്തില്‍ രാഷ്ട്രീയ ധ്രൂവീകരണം നടക്കുകയാണ്. ഇരുമുന്നണികളും ഒറ്റക്കെട്ടായി ബിജെപിയെ വിമര്‍ശിക്കുന്നു. കേരളത്തില്‍ സിപി‌എമ്മും കോണ്‍ഗ്രസും നടത്തുന്നത് ജനവിരുദ്ധ നടപടികളാണ്. ഇവിടത്തെ ദളിത് വിഷയങ്ങള്‍ കാണാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഇവരെന്നും കുമ്മനം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.