ആവേശലഹരിയില്‍ നാടും നഗരവും

Saturday 23 January 2016 2:12 pm IST

മലപ്പുറം: എല്ലാവര്‍ക്കും അന്നം, വെള്ളം, തൊഴില്‍, ഭൂമി, തുല്യനീതി എന്ന മുദ്രാവാക്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര നാളെ ജില്ലയില്‍ പര്യടനം ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി പതിനാറ് കേന്ദ്രങ്ങലില്‍ സ്വീകരണം നല്‍കും. വിപുലമായ ഒരുക്കങ്ങളാണ് ജില്ലയില്‍ നടത്തിയിട്ടുള്ളത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് ജില്ലയില്‍ പ്രവേശിക്കുന്ന യാത്രക്ക് ജില്ലാ അതിര്‍ത്തിയില്‍ ഊഷ്മള സ്വീകരണം നല്‍കും. ബൈക്ക് റാലിയുടെയും വാദ്യമേളങ്ങളുടെയും ആയിരകണക്കിന് പ്രവര്‍ത്തകരുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിക്കുന്ന യാത്രക്ക് കൊണ്ടോട്ടി മണ്ഡലത്തിലെ പുളിക്കലില്‍ സ്വീകരണം നല്‍കും. വള്ളിക്കുന്ന് മണ്ഡലത്തിലെ സ്വീകരണ കേന്ദ്രം ചേളാരിയാണ്. രണ്ടാം ദിവസമായ 25ന് വേങ്ങര, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, എടപ്പാള്‍, ചമ്രവട്ടം ജംഗ്ഷന്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം കോട്ടക്കലില്‍ സമാപിക്കും. 26ന് പര്യടനം ഉണ്ടാകുകയില്ല. 27ന് രാവിലെ 10ന് അങ്ങാടിപ്പുറത്ത് നിന്നും യാത്ര ആരംഭിക്കും. മലപ്പുറം, മഞ്ചേരി, എടവണ്ണ, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പെരിന്തല്‍മണ്ണയില്‍ സമാപിക്കും. യാത്രയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും യുഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ വിലയിരുത്തികൊണ്ടുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും. ഭാരതീയ ജനതാപാര്‍ട്ടി പ്രവര്‍ത്തകര്‍ നയിക്കുന്ന തെരുവ് നാടകം യാത്രയുടെ മുഖ്യ ആകര്‍ഷണമാകും. ഭാരതീയ ജനതാപാര്‍ട്ടിയെ പ്രതീക്ഷയോടെ കാണുന്ന ആര്‍ക്കും എന്റെ നാട് എന്റെ പ്രതീക്ഷ എന്ന വിഷയത്തില്‍ അഭിപ്രായ കുറിപ്പുകള്‍ എഴുതി പെട്ടിയിലിടാനുള്ള സൗകര്യവും യാത്രയിലുടനീളം ഒരുക്കിയിട്ടുണ്ട്. കേരളം ഇന്നൊരു പരിവര്‍ത്തനത്തിന്റെ പാതയിലാണ്. കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം ഭരിച്ച ഇരുമുന്നണികളും വരുത്തിവെച്ച വികസനമുരടിപ്പിന്റെ ആഴകയങ്ങളില്‍ നിന്നും കരകയറണമെങ്കില്‍ സുപ്രധാനമായ ഒരു രാഷ്ട്രീയ മാറ്റം വേണമെന്ന തിരിച്ചറിവിലാണ് കേരളം. എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഎഫ് എന്ന പതിവുരീതികള്‍ വരുത്തിവെച്ച ദുരന്തത്തില്‍ നിന്നും കേരളജനത പഠിച്ച പാഠത്തില്‍ നിന്നാണ് പരിവര്‍ത്തനം രൂപമെടുക്കുന്നത്. മുന്നണി ഭരണത്തിന്റെ കെടുതികളില്‍ നിന്ന് മറ്റൊരു പോംവഴിയില്ലെന്ന സാഹചര്യമാണ്. ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഇരുമുന്നണികളില്‍ നിന്നും വിടുതല്‍ തേടി വികസന മുന്നേറ്റത്തിന്റെ മറ്റൊരു കേരളം സാധ്യമാണെന്ന സുപ്രധാനമായ തിരിച്ചറിവാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്. അവഗണിക്കപ്പെട്ട ദരിദ്രപക്ഷത്തിന്റെ മുന്നേറ്റമാണ് അത്. അന്നം. വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ രാഷ്ട്രീയമാണത്. തകര്‍ന്ന കേരളാ മോഡലിന്റെ ചാരകൂമ്പാരത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങാനുള്ള നവകേരളത്തിന്റെ പുതിയ മുദ്രാവാക്യം. ജനപക്ഷ വികസനത്തിന്റെയും പരിസ്ഥിതിരഞ്ജകമായ സ്ഥായിയായ വികസനത്തിന്റെയും സുസ്ഥിര സമീപനമാണത്. അടിച്ചമര്‍ത്തപ്പെട്ട വനവാസി സമൂഹത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നോക്ക വിഭാഗത്തിന്റെയും മോചനത്തിനുള്ള പുതിയ മാര്‍ഗ്ഗമാണത്. കേരളത്തെ കയ്യടക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ് മൂലധനത്തിനെതിരായ മുന്നേറ്റമാണത്. കേരളത്തിന്റെ മനസാക്ഷിയെ തൊട്ടറിഞ്ഞ പാവങ്ങളുടെ പടത്തലവന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി നവകേരളത്തെ സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിലാണ്. കേരളത്തെ പുറകോട്ട് നയിച്ച ഇരുമുന്നണികളില്‍ നിന്നും മാത്രമല്ല നാടിന്റെ ഭദ്രതയെ തകര്‍ക്കുന്ന എല്ലാവിധ ശക്തികളില്‍ നിന്നുമുള്ള സ്ഥിരമോചനമാണ് വിമോചനയാത്രയുടെ ലക്ഷ്യവും ഉള്ളടക്കവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.