സ്വാമിനി വിജയപൂര്‍ണ്ണിമാമയി പുണ്യ സ്മൃതിയായി

Sunday 24 January 2016 4:31 pm IST

ജാനമ്മാമ്മയുടെ കുടുംബം
വിജയാനന്ദ സ്വാമികള്‍ക്കൊപ്പം

പൂര്‍വ്വാശ്രമത്തില്‍ കോഴഞ്ചേരി മേലുകരയില്‍ കുമ്പഴയമ്മ എന്ന വിളിപ്പേരുള്ള നാരായണീയമ്മയുടെയും നാരായണപിള്ളയുടേയും ഏകമകളും ചിറ്റേടത്ത് ശങ്കുപിള്ളയുടെ അനന്തിരവളുമായ കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമത്തിലെ സ്വാമിനി വിജയപൂര്‍ണ്ണിമാമയി പുണ്യ സ്മൃതിയായി.

പുഴയുടേയും പുണ്യാത്മാക്കളുടേയും കുലം ആരും തിരക്കാറില്ല. എങ്കിലും കവിയൂര്‍വന്ന് കാഷായം അണിഞ്ഞ് നവോത്ഥാനത്തിന്റെ പ്രചാരകനായി തിരുവിതാംകൂറില്‍ ജൈത്രയാത്രനടത്തിയ പുണ്യാത്മാവായിരുന്നു കവിയൂര്‍ ശ്രീ വിജയാനന്ദസ്വാമികള്‍.
സ്വാമികളുടെ സാന്നിദ്ധ്യം കോഴഞ്ചേരി താലൂക്കിലെ ചെറുകോല്‍ മേലുകര ഗ്രാമങ്ങളിലെ ഭഗവല്‍ നാമജപ കേന്ദ്രങ്ങളില്‍ ഭക്തിയുടെ നവചൈതന്യം വിതറിയ കാലം. തന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ഒരു സ്ഥിരകേന്ദ്രം വേണമെന്ന സ്വാമിജിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമം ഉദയം ചെയ്തത്. ഈ കാലത്തുതന്നെ മദ്ധ്യതിരുവിതാംകൂറിലെ ധാരാളം സുമനസ്സുകള്‍ ഈ ആശ്രമത്തിലായി ഗുരുദേവന് സര്‍വ്വസ്വവും സമര്‍പ്പിച്ചിരുന്നു. അവരില്‍ പ്രമുഖരായിരുന്നു സ്വാമിനിയുടെ മാതാവായ കുമ്പഴയമ്മ. അങ്ങനെ കുട്ടികാലത്തുതന്നെ ആശ്രമത്തില്‍ ആന്തേവാസിയായ ജാനകി വിജയാനന്ദ ഗുരുദേവനില്‍ നിന്ന് നേരിട്ട് സന്യാസം സ്വീകരിച്ച നാല്‍വരില്‍ ഒരാളായി.

ചട്ടമ്പിസ്വാമികള്‍ രചിച്ച “പിള്ളത്താലോലിപ്പ്” എന്ന പുസ്തകത്തിന്റെ സമ്പാദകയായിരുന്നു സ്വാമിനി. അഗതികള്‍ക്ക് അമ്മയായ സ്വാമിനി അവര്‍ക്കെല്ലാം ജാനമ്മാമ്മ ആയിരുന്നു. ആശ്രമത്തിന്റെ മാതൃശ്ചായ ജാനമ്മാമ്മയില്‍ നിന്നും സന്ദര്‍ശകര്‍ ആവോളം അനുഭവിച്ചിരിന്നു. 2016 ജനുവരി 21 ന് നിത്യത പ്രാപിച്ച ജാനമ്മാമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.