കോമളപുരം സ്പിന്നിങ് മില്ലില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു

Saturday 23 January 2016 8:50 pm IST

ആലപ്പുഴ: കോമളപുരം സ്പിന്നിങ് മില്ലില്‍ യന്ത്രങ്ങളുടെ ട്രയല്‍ റണ്‍ തുടങ്ങി. വൈദ്യുതി കണക്ഷന്‍ കഴിഞ്ഞ ദിവസം കെഎസ്ഇബി നല്‍കി. ഫെബ്രുവരി പകുതിയോടെ തുറക്കുന്ന കോമളപുരം സ്പിന്നിങ്-വീവിങ് മില്ലിന്റെ പ്രവര്‍ത്തന പുരോഗതി ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ സ്പിന്നിങ് മില്ലിലെത്തി വിലയിരുത്തി. മില്ലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷനാണ് പൂര്‍ത്തിയാക്കിവരുന്നത്. മില്ലില്‍ യന്ത്രങ്ങളെല്ലാം സ്ഥാപിച്ചുകഴിഞ്ഞു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കോമളപുരം മില്ലില്‍ അവലോകന യോഗവും നടന്നു. ജീവനക്കാരുടെ നിയമനത്തിന് മുന്നോടിയായി മുമ്പ് ജോലിചെയ്തിരുന്ന സ്ഥിരം ജീവനക്കാര്‍ക്കും ബദലികള്‍ക്കുമായി നടത്തിയ സ്‌കില്‍ ടെസ്റ്റ് പൂര്‍ത്തിയാക്കി. ആദ്യ ഘട്ടത്തില്‍ 115 പേരെയാണ് ആവശ്യമായുള്ളത്. 153 പേരാണ് സ്‌കില്‍ ടെസ്റ്റില്‍ പങ്കെടുത്തത്. സിട്രയുടെ ലിസ്റ്റ് വന്നാലുടന്‍ ഇവരുടെ സീനിയോറിറ്റി അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് അടുത്തയാഴ്ച പ്രസിദ്ധീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. 56 വയസ്സില്‍ താഴെയുള്ളവരെയാണ് പരിഗണിക്കുന്നത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ട്രേറ്റ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് വൈദ്യുതികണക്ഷന്‍ നല്‍കിയത്. വാട്ടര്‍ കണക്ഷനായി നല്‍കിയ അപേക്ഷയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 10 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടറോടൊപ്പം ഡെപ്യൂട്ടി കളക്ടര്‍ കെ.ആര്‍. ചിത്രാധരന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍. ഹരികുമാര്‍, കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ബി. ഉദയവര്‍മ്മ, കെ.എസ്.ഡബ്യൂ.എം. സ്‌പെഷല്‍ ഓഫീസര്‍ ചന്ദ്രസേനന്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സ്്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുമ്പോള്‍ 18,240 സ്പിന്‍ഡലായിരിക്കും ഉത്പാദന ശേഷി. 19 നൂല്‍നൂല്പുയന്ത്രങ്ങളും 30 നെയ്ത്തു യന്ത്രങ്ങളും ഉപയോഗിക്കും. ആദ്യഘട്ടത്തില്‍ അഞ്ചു നൂല്‍നൂല്പു യന്ത്രങ്ങളാണ് ഉപയോഗിക്കുക. 4800 സ്പിന്‍ഡലാണ് ഉത്പാദന ശേഷി. 12 വിദഗ്ധ തൊഴിലാളികളും 103 അവിദഗ്ധ തൊഴിലാളികളും അടക്കമാണ് 115 തൊഴിലാളികളെ നിയോഗിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.