അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത് ശ്രീകൃഷ്ണഭഗവാന്റെ പ്രത്യക്ഷസാന്നിദ്ധ്യം ബോദ്ധ്യപ്പെട്ടസ്ഥാനത്താണ്. ചെമ്പകശ്ശേരി രാജാവ് തന്റെ ആദ്ധ്യാത്മിക ഉപദേഷ്ടാവായ വില്വമംഗലം സ്വാമിയുമൊത്ത് ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തുകൂടി സഞ്ചരിക്കുമ്പോള്‍ അതിമനോഹരമായ ഒരു വേണുദാനം ഒഴുകിവരുന്നത് ശ്രവിക്കുകയും അവിടെയുണ്ടായിരുന്ന ഒരു ആല്‍മരത്തിന്റെ കൊമ്പില്‍ പൊന്നോടക്കുഴലുമായി കാര്‍വര്‍ണനെ സ്വാമിയാര് കാണുകയും ചെയ്തു. കൃഷ്ണസാന്നിദ്ധ്യം പ്രകടമായി ബോദ്ധ്യപ്പെട്ട ആ സ്ഥലത്ത് ഒരു ക്ഷേത്രം പണികഴിപ്പിക്കണമെന്ന് വില്വമംഗലത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് അമ്പലപ്പുഴ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്. ഇപ്പോള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നതിന്റെ തൊട്ടടുത്ത് ഗണപതിയുടെയും ശിവന്റെയും വിഗ്രഹങ്ങള്‍ ഉള്ള ആല്‍ത്തറ മണ്ഡപത്തിലെ പടുകൂറ്റന്‍ ആലിനു മുകളിലായിരുന്നു ഭഗവാന് പ്രത്യക്ഷപ്പെട്ടത്. ആ മരം നാമാവശേഷമായിട്ട് പത്തുകൊല്ലമേ ആയിട്ടുള്ളൂവെങ്കിലും അതേ സ്ഥാനത്ത് പുതിയ ആല്‍വൃക്ഷം വളര്‍ന്നിട്ടുണ്ട്. ഇവിടെ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ആല്‍ത്തറ മണ്ഡപത്തിനും പ്രദക്ഷിണം ചെയ്താല്‍ മാത്രമേ ക്ഷേത്രദര്‍ശനം പൂര്‍ണമാകൂവെന്നാണ് വിശ്വാസം. എന്തായാലും ഇതുപോലുള്ള വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഒരു രംഗമണ്ഡപമാണ് അമ്പലപ്പുഴ ക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: