വീട് കുത്തിതുറന്ന് മോഷണം; പ്രതികള്‍ അറസ്റ്റില്‍

Saturday 23 January 2016 9:41 pm IST

മുട്ടം: തുടങ്ങനാട് വിച്ചാട്ട് കവലയില്‍ വീട് കുത്തിതുറന്ന് മോഷണം നടത്തിയ മൂന്നു പേര്‍ പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശി നറുക്കില്‍ നൗഷീര്‍(26) കൊയിലാണ്ടി കെടവൂര്‍ കൂരപ്പോയില്‍ മുഹമ്മദ് നിസ്സാര്‍(24) കൊല്ലം പാരിപ്പറമ്പ് സ്വദേശി വിളകില്‍ രാഹുല്‍( 20) എന്നിവരാണ് അറസ്റ്റിലായത്. വാടകക്കെടുത്ത കാറില്‍ കറങ്ങി നടന്നാണ് പ്രതികള്‍ മോഷണം നടത്തിവന്നിരുന്നത്. അറസ്റ്റിലായവര്‍ നിരവധി കേസ്സുകളില്‍ പ്രതിയാണ്. മോഷണം നടന്ന സമയത്ത് വീടിനു സമീപം ഒരു കാര്‍ പാര്‍ക്ക് ചെയ്തിരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ കാറിനെക്കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്.തുടങ്ങനാട് വിച്ചാട്ട് കവല പനച്ചി നാനിക്കല്‍ ടോമി ജയിംസിന്റെ വീട്ടില്‍ നിന്ന് 9 പവര്‍ സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് പ്രതികള്‍ അപഹരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. കേസില്‍ അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തി വരുന്നു. പ്രതി നൗഷീര്‍ കൊടുവള്ളിയിലുള്ള ജൂവലറിയില്‍ വിറ്റ സ്വര്‍ണ്ണവും കണ്ടെടുത്തു. തൊടുപുഴ വള്ളിയാനിക്കാവ് ക്ഷേത്രത്തിലെ മോഷണത്തെപ്പറ്റി പ്രതികളില്‍ നിന്നും സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ് തയ്യാറെടുക്കുകയാണ്. തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലീസ്, കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പയസ് ജോര്‍ജ് എസ്‌ഐ മാരായ ബിജു കെആര്‍, പിഎസ് നാസര്‍, ടി കെ സുകു, പോലീസ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, സാമുവല്‍ ജോസഫ് വി എസ് സുനില്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.