സിപിഎം കോര്‍പ്പറേറ്റുകളുടെ പിടിയില്‍: ശ്രീധരന്‍ പിള്ള

Saturday 8 April 2017 10:41 pm IST

വടകര: കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലാണ് സിപിഎം യാത്ര എന്നതിന്റെ തെളിവാണ് അതിന്റെ മുഖ്യധാരയില്‍ നിന്ന് ജയരാജന്മാരെ ഒഴിവാക്കിയതെന്ന് ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. വിമോചനയാത്രയുടെ ഭാഗമായി ഇന്നലെ വടകരയില്‍ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാര്‍ഷ്ട്യം കൈമുതലാക്കിയ ജയരാജന്മാരെ ജനങ്ങളുടെ മുമ്പില്‍ അണിനിരത്താന്‍ കോര്‍പ്പറേറ്റുകളുടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ അനുവാദം നിഷേധിച്ചിരിക്കുന്നു. സ്വന്തം പാര്‍ട്ടി സംവിധാനത്തെ മാറ്റിനിര്‍ത്തി കോര്‍പ്പറേറ്റുകളുടെ നടത്തിപ്പുകാര്‍ക്ക് പാര്‍ട്ടിയെ ഏല്‍പ്പിച്ച് കൊടുത്തത് സിപിഎമ്മിന്റെ ചുവടുമാറ്റത്തെയാണ് കാണിക്കുന്നത്. പാര്‍ട്ടി നേരിടുന്ന അപചയത്തിന്റെ ആഴമാണ് അത് വെളിവാക്കുന്നത്. ഇരിക്കുന്ന കൊമ്പു മുറിയ്ക്കുന്ന നേതാക്കളുടെ പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുന്നു. അര നൂറ്റാണ്ടു കാലം മുമ്പ് രാജ്യത്ത് മുഖ്യപ്രതിപക്ഷ കക്ഷിയായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് പത്താം സ്ഥാനത്തേക്ക് തള്ളപ്പെട്ട് പ്രാദേശിക കക്ഷികളുടെ താഴെയെത്തിയത് എങ്ങനെയെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. 69ലെ ഇന്ദിരാഗാന്ധി മന്ത്രിസഭയെ പിന്താങ്ങിയതോടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അധ:പതനം ആരംഭിക്കുന്നത്. 2004 ല്‍ 42 എംപിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇന്ന് 9 സീറ്റുകള്‍ മാത്രമായത് അന്ധമായ ബിജെപി വിരോധത്തിന്റെ മറവില്‍ കോണ്‍ഗ്രസിനെ പിന്താങ്ങിയതിന്റെ തിക്തഫലമാണ്. ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തുകയും കേരളത്തില്‍ എതിര്‍ക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് സിപിഎമ്മിന്. മണ്ഡലം പ്രസിഡണ്ട് അഡ്വ. എം. രാജേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, പി. എം. വേലായുധന്‍, വി. കെ. സജീവന്‍, മേഖല പ്രസിഡന്റ് വി. വി. രാജന്‍, മേഖല ജനറല്‍സെക്രട്ടറി പി. രഘുനാഥ്, മേഖല സെക്രട്ടറി എം. പി. രാജന്‍, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ടി.കെ. പ്രഭാകരന്‍, പി.എം. അശോകന്‍ എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം ജനറല്‍സെക്രട്ടറി അടിയേരി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. വടകര മണ്ഡലം അതിര്‍ത്തിയില്‍ കളിയാമ്പള്ളി പാലത്തിനടുത്തുവെച്ചു സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ. രാധാകൃഷ്ണന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. വ്യാസന്‍, പഞ്ചായത്ത് അംഗം ശ്യാംരാജ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വടകര അഞ്ചുവിളക്കിനടുത്തുവെച്ച് മുനിസിപ്പല്‍ കൗണ്‍സിലര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ കുമ്മനം രാജശേഖരനെ ആരതി ഉഴിഞ്ഞ് വാദ്യമേളങ്ങളുടെയും ആബാലവൃദ്ധം ജനങ്ങളുടെയും അകമ്പടിയോടെ സ്വീകരണ സ്ഥലമായ വടകര കോട്ടപ്പറമ്പിലേക്ക് ആനയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.