കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധി തുടരുന്നു

Saturday 23 January 2016 10:34 pm IST

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധി തുടരരുന്നു. സര്‍ക്കാര്‍ നയം തിരുത്തണമെന്നും ജീവനക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നു കൗണ്‍സില്‍ യോഗം ഒറ്റകെട്ടായി ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ രൂപീകരിച്ചത് തന്നെ ഭൗതിക സാഹചര്യം വിലയിരുത്താതെയാണ്. താല്‍ക്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ 1 കോടി രൂപ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പായിട്ടില്ല. ഈ ഫണ്ട് അടിയന്തരമായും കൈമാറണമെന്ന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കൗണ്‍സില്‍ അധികാരമേറ്റിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ജനങ്ങള്‍ക്കാവശ്യമായ സേവനം നല്‍കുന്നതില്‍ ഓഫീസ് സംവിധാനം കാര്യക്ഷമമല്ല. നഗരസഭയും അഞ്ച് പഞ്ചായത്തകളും കൂട്ടി ചേര്‍ത്ത് രീപീകരിച്ച കോര്‍പ്പറേഷനില്‍ സ്വന്തം അധികാരമുള്ള സെക്രട്ടറിയും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പഞ്ചായത്ത് ഓഫീസുകള്‍ ഇപ്പോള്‍ മേഖലാ ഓഫീസുകളായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇവിടുത്തെ ജീവനക്കാരെ പല സ്ഥലത്തേക്കും മാറ്റിയതോടെ ഇവിടെയും ഭരണ പ്രതിസന്ധി തുടങ്ങി. വിഇഒമാര്‍ മുഖേന ലഭിക്കേണ്ട ആനുകൂല്യങ്ങളും ഇപ്പോള്‍ വിതരണം ചെയ്യുന്നില്ല. ട്രഷറി കോഡ് ലഭിക്കാത്തതിനാല്‍ വികസന ഫണ്ട് കൈമാറുന്നതിലും തടസ്സം നേരിടുന്നു. മേയറുടെ നേതൃത്വത്തില്‍ രണ്ട് തവണ മുഖ്യമന്ത്രിയെയും വിവിധ വകുപ്പ് മന്ത്രിമാരെയും കണ്ട് ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായ തീരുമാനം നടപ്പിലാക്കുന്നില്ല. പ്രഥമ കോര്‍പ്പറേഷനെ ഭരണ പ്രതിസന്ധിയിലാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇവിടെ മറ നീക്കുകയാണ്. കൂടാതെ മരാമത്ത് പ്രവൃത്തികളില്‍ അഞ്ച് ലക്ഷത്തിന് മുകളിലുള്ളത് ഇ ടെണ്ടര്‍ നടത്തണം. കോര്‍പ്പറേഷനില്‍ അതിനുള്ള സംവിധാനമോ ഉദ്യോഗസ്ഥരോ ഇല്ല. ഇത് കാരണം പല പദ്ധതികളും ഒഴിവാക്കുകയോ ഫണ്ട് കുറക്കുകയോ വേണ്ടി വരുന്നു. കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയര്‍ സി.സമീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.ഒ.മോഹനന്‍, വെള്ളോറ രാജന്‍, പി.ഇന്ദിര, സി.കെ.വിനോദ് കൗണ്‍സിലര്‍മാരായ എന്‍.ബാലകൃഷ്ണന്‍, ടി.രവീന്ദ്രന്‍, കെ.പ്രമോദ്, മുരളീധരന്‍ തൈക്കണ്ടി, എം.വി.സഹദേവന്‍, പി.കെ.രാഗേഷ്, എന്‍.പ്രകാശന്‍, എം.പി.മുഹമ്മദാലി, സി.എറമ്മുള്ളാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.