കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍

Sunday 24 January 2016 9:48 pm IST

ഇടുക്കി: തന്ത്രപ്പരമായ നീക്കത്തിലൂടെ കഞ്ചാവ് വില്‍പ്പന സംഘത്തിലെ ഒരാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ആനച്ചാല്‍ കേച്ചേരിയില്‍ എല്‍ദോസ്(28) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം കഞ്ചാവ് വില്‍പ്പനയ്‌ക്കെത്തിയ ആനച്ചാല്‍ സ്വദേശികളായ രണ്ട് പ്രതികളാണ് ഓടി രക്ഷപ്പെട്ടത്. എക്‌സൈസ് രഹസ്യ ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ സഹാത്തോടെ നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങുന്നത്. കവറില്‍ പൊതിഞ്ഞ നിലയില്‍ നൂറ് ഗ്രാം കഞ്ചാവും ഓട്ടോറിക്ഷയും പിടിച്ചെടുത്തു. എക്‌സൈസ് സംഘം മൂന്നാര്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥി എന്ന വ്യാജേന വില്‍പ്പനക്കാരുമായി ഒരു കിലോ കഞ്ചാവ് 12000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. പിന്നീട് ഇന്നലെ വൈകുന്നേരം ആനച്ചാലില്‍ വച്ച് ഇത് കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് പ്രതി കുടുങ്ങുന്നത്. എന്നാല്‍ ഭംഗിയായി പൊതിഞ്ഞ് കൊണ്ടുവന്ന കവറില്‍ നൂറ് ഗ്രാം കഞ്ചാവും ബാക്കി ഭാഗം പുല്ലുമായിരുന്നു. പൊതി കൈമാറി പണം വാങ്ങി മുങ്ങുകയാണ് ഇവരുടെ പതിവ്. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ സഹായത്തോടെയാണ് എക്‌സൈസ് സംഘം ഇത്തരമൊരു നീക്കം നടത്തിയത്. അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജെനീഷ് എം എസ്, രഹസ്യ അന്വേഷണ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ സുധീപ് കുമാര്‍ എന്‍ പി, ഉദ്യോഗസ്ഥരായ സജിമോന്‍ കെ ഡി, സുകു കെ വി, നെബു, സിജു മാത്യു, നെല്‍സണ്‍, ജയറാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.