കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യ കണ്ണി എക്‌സൈസ് പിടിയില്‍

Sunday 24 January 2016 9:51 pm IST

വണ്ടിപ്പെരിയാര്‍: കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യ കണ്ണി എക്‌സൈസ് പിടിയില്‍. കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റിന് സമാന്തരപാതയിലൂടെ തമിഴ്‌നാട്ടില്‍ നിന്നും കാല്‍ക്കിലോ കഞ്ചാവുമായി വന്ന തമിഴ്‌നാട് ഗൂഢലൂര്‍ എം.ജി.ആര്‍ കോളനി സ്വദേശി മുരുകേശന്‍(26) നാണ് പിടിയിലായത്. കുമളി കിഴക്കുംമേട് ബൈപ്പാസ് റോഡില്‍ വച്ചാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് ഗൂഡലൂരില്‍ എത്തി കഞ്ചാവ് ഓര്‍ഡര്‍ ചെയ്ത് രണ്ട് എറണാകുളം സ്വദേശികള്‍ക്ക് വേണ്ടി കഞ്ചാവുമായി വരുമ്പോഴാണ് പ്രതി കുടുങ്ങുന്നത്. കുമളിയിലെ തമിഴ്‌നാട് ബസ്സ്റ്റാന്‍ഡിന് പുറകുവശത്തുകൂടി വനത്തിലൂടെ നടന്ന് റോസാപ്പുകണ്ടം വഴി വരവെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്. ഇയാളെ പിടിക്കുന്നത് കണ്ട് കഞ്ചാവിനായി പണം നല്‍കി സമീപത്ത് കാത്ത് നിന്നിരുന്ന രണ്ട് പേര്‍ ഓടി രക്ഷപെട്ടു. കാല്‍ക്കിലോ കഞ്ചാവ് കടത്തികൊടുത്താല്‍ ഇയാള്‍ക്ക് ആയിരം രൂപാ പ്രതിഫലം ലഭിക്കും. എക്‌സൈസ് ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇതുപോലുളള സമാന്തര പാതകളിലൂടെയാണ് ഇപ്പോള്‍ കഞ്ചാവ് കടത്തുന്നത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജ് സി കെ, പ്രിവന്റീവ് ഓഫീസര്‍ ഹാപ്പിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍ ബി, രവി വി, അനീഷ് ടി. എ., സതീഷ്‌കുമാര്‍, ഷനേജ്, എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ട് പിടിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.