മല്ലികാസാരാഭായും ചില അശുഭ ചിന്തകളും

Sunday 24 January 2016 10:57 pm IST

ഔദ്ധത്യം ഹൃദയത്തിലെ കുഷ്ഠരോഗമാണ് എന്ന് പറഞ്ഞത് മഹാകവി ഉള്ളൂരാണ്. നാട്ടിലെ ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരുടെ, നരേന്ദ്രമോദിയോടുള്ള വെറുപ്പും വിദ്വേഷവും കാണുമ്പോള്‍ ഉള്ളൂരിന്റെ വാക്കുകളാണ് പെട്ടെന്ന് സ്മൃതിപഥത്തിലേക്ക് ഓടിയെത്തുക. ഭാരത ചരിത്രത്തില്‍ സമാനതകളില്ലാത്തവിധം ഒരു വ്യാഴവട്ടക്കാലം വേട്ടയാടപ്പെട്ട ദേശീയ നേതാവാണ് നരേന്ദ്രമോദി. വംശഹത്യക്കാരനും ഫാസിസ്റ്റും മരണത്തിന്റെ വ്യാപാരിയുമൊക്കെയായിട്ടാണ് അദ്ദേഹത്തെ വലിയൊരു വിഭാഗം മാധ്യമങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. ഗുജറാത്തിലെ ജനങ്ങളും നീതിപീഠങ്ങളും ഒരവസരത്തിലും അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടിട്ടുമില്ല. ഇപ്പോഴും മാധ്യമങ്ങള്‍ മോദിയെ വേട്ടയാടുകയാണ്. എന്നാല്‍ അദ്ദേഹം മാധ്യമങ്ങളോട് പകയോ വിദ്വേഷമോ പ്രതികാരചിന്തയോ വെച്ചുപുലര്‍ത്തിയതായി ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല. ജനമനസ്സുകളില്‍ അത്തരമൊരു മോശപ്പെട്ട പ്രതിഛായ സൃഷ്ടിക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ഇപ്പോഴും കിണഞ്ഞു ശ്രമിക്കുന്നത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ഭാരത ജനത, ഭരിക്കാനുള്ള മാന്‍ഡേറ്റ് മോദിക്ക് നല്‍കിയതോടെ ചില മാധ്യമങ്ങള്‍ കൂടുതല്‍ ശക്തിയോടെ കുപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കയാണ്. ആരെന്ത് പറഞ്ഞാലും ഞങ്ങള്‍ മോദിയെ വെച്ചുപൊറുപ്പിക്കില്ലെന്ന് വൈര്യനിര്യാതന ബുദ്ധ്യാ ഇവര്‍ ശഠിക്കയാണ്. നരേന്ദ്രമോദിയുടെ രക്തത്തിനു ദാഹിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ കുത്സിത ശ്രമങ്ങള്‍ ആപത്കരമാണ്. ഇത്തരം ആസൂത്രിതമായ കുപ്രചാരണങ്ങളെ അതിജീവിക്കാനുള്ള കരുത്തും ആത്മവീര്യവും നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുണ്ടെങ്കിലും അത് രാജ്യത്തിനേല്‍പ്പിക്കുന്ന ആഘാതം കനത്തതാണ്. മൂല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം മരവിച്ച ഒരവസ്ഥ രാജ്യത്ത് സംജാതമായിരിക്കയാണ്. അടുത്തിടെ ഹൈദരാബാദില്‍നിന്നും രോഹിത് എന്ന ഗവേഷണ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ സംബന്ധിച്ച് മാധ്യമങ്ങള്‍വഴി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ശുഭസൂചകങ്ങളല്ല. യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന മാധ്യമധര്‍മ്മം ബോധപൂര്‍വ്വം രോഹിത് സംഭവത്തില്‍ ചിലര്‍ തല്ലിക്കെടുത്തുകയായിരുന്നു. രോഹിതിന്റെ മരണം വേദനാജനകവും അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും നിലപാടതാണ്. യുപിഎ ഭരണസമയത്ത് എട്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലമുള്ള കാമ്പസുകളാണ് ഹൈദരബാദിലുള്ളത്. രോഹിതിന്റെ ആത്മഹത്യാക്കുറിപ്പില്‍ കേന്ദ്ര ഭരണകൂടത്തിനോ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കോ എതിരായി ഒരു സൂചനയുമില്ല. ബന്ധപ്പെട്ട കേന്ദ്രമന്ത്രിക്ക് കിട്ടിയ ചിലപരാതികള്‍ ഉചിതമായ നടപടികള്‍ക്കുവേണ്ടി അയച്ചുകൊടുക്കുക എന്ന സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണ് ദല്‍ഹിയില്‍നിന്നും ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്. രോഹിതിന്റെ ആത്മഹത്യ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍, പിന്നാക്ക-ദളിത് വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കാനും മുന്നിട്ടിറങ്ങിയിരിക്കയാണ്. രോഹിതിന്റെ അമ്മയുടെയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ദല്‍ഹിയിലെ മാധ്യമ തമ്പുരാക്കന്മാര്‍ക്ക് വാര്‍ത്തയേയാകുന്നില്ല എന്താണ് ദുഃഖസത്യം. ദാദ്രിയിലെ ബീഫ് പ്രശ്‌നവും ഒരു നിരപരാധിയായ മുസ്ലിം മദ്ധ്യവയസ്‌കന്‍ കൊല്ലപ്പെട്ടതുമൊക്കെ സംഘപരവാറിന്റെ ഗൂഢാലോചനയും അസഹിഷ്ണുതയും ആണെന്ന് കൊട്ടിഗ്‌ഘോഷിച്ച് ആഴ്ചകളോളവും വാര്‍ത്താരംഗത്തുടനീളം ആഘോഷിച്ചവരാണ് കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കക്ഷികളും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും. ഇത്തരം വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ലോകമെമ്പാടും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം നടത്തി ഫാസിസം അടിച്ചേല്‍പ്പിക്കുന്നുവെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ ബിജെപി വിരുദ്ധ സര്‍ക്കാര്‍ നടത്തിയ കേസന്വേഷണത്തിന്റെ ഫലമായി കോടതിയില്‍ കൊടുത്ത കുറ്റപത്രം ദാദ്രി സംഭവത്തോട് ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെട്ട വാര്‍ത്തകള്‍ പൂര്‍ണ്ണമായും കളവാമെന്ന് തെളിയിച്ചിട്ടുണ്ട്. കോടതിയില്‍ പ്രോസിക്യൂഷന്‍ ഫയലാക്കിയ കുറ്റപത്രത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരായ ഒരാള്‍പോലും പ്രതിയല്ല. വ്യാപകമായി ആരോപിക്കപ്പെട്ട ഗൂഢാലോചന ശരിയല്ലെന്നും ഒരാളിനെപ്പോലും മുഖ്യപ്രതിയായി കാട്ടാനായില്ലെന്നും അന്തിമ റിപ്പോര്‍ട്ടില്‍ കുറ്റാന്വേഷണവിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പെട്ടെന്ന് രൂപപ്പെട്ട ജനക്കൂട്ടം തെറ്റിദ്ധാരണയുടെപേരില്‍ ആ സാധുമനുഷ്യനെ അപായപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ ചാര്‍ജ്ഷീറ്റില്‍ പറയുന്നത്. മരിച്ച ആളിന്റെ മക്കളും മറ്റും ചൂണ്ടിക്കാട്ടി തിരിച്ചറിഞ്ഞ ആളുകളെയാണ് കേസില്‍ പ്രതികളാക്കിയിട്ടുള്ളത്. ഭാരതത്തിലെ പല പ്രമുഖ പത്രങ്ങളും ചാനലുകളും ഈ അന്തിമ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മലയാളമണ്ണിലെ മാധ്യമങ്ങളുടെ സ്ഥിതിയും മറിച്ചല്ല. തെറ്റായ ആരോപണം അരങ്ങുതകര്‍ത്ത് ബിജെപിയേയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളേയും ചെയ്യാത്ത കുറ്റത്തിന്റെപേരില്‍ കുരിശ്ശിലേറ്റിയ അനുഭവമാണ് ബീഫ് വിവാദത്തിലൂടുണ്ടായത്. എന്നാല്‍ കുറ്റപത്രം പുറത്തുവന്നപ്പോള്‍ ആരോപണങ്ങളെല്ലാം ശുദ്ധ അസംബന്ധങ്ങളായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. അസഹിഷ്ണുത ആരോപിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ദാദ്രി സംഭവത്തിന്റെപേരില്‍ കുറ്റാരോപണത്തിന്റെ 'ക്ലൈമാക്‌സി'ലെത്തിച്ച മാധ്യമക്കാര്‍ അതില്‍ സംഘപരിവാറിന് പുലബന്ധംപോലുമില്ലെന്ന് തെളിയിക്കപ്പെട്ടപ്പോള്‍ കുറ്റകരമായ മൗനം പാലിക്കുകയും ആ വാര്‍ത്ത തമസ്‌കരിക്കുകയുമായിരുന്നു. വിദ്വേഷത്തിന്റെ ഈ വിളവെടുപ്പില്‍ തിമിര്‍ത്താടിയ ഇത്തരം മാധ്യമങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ അഭിനന്ദിക്കയാണുവേണ്ടത്. ഏറ്റവും ഒടുവിലായി, നര്‍ത്തകി മൃണാളിനി സാരാഭായിയുടെ മരണത്തെ തുടര്‍ന്നുള്ള അന്ത്യോപചാരമര്‍പ്പിക്കല്‍ പ്രക്രിയയും വിവാദമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സംഘപരിവാറിനെയും കെണിയില്‍ വീഴ്ത്താനുള്ള സംഘടിതശ്രമം നടന്നിരിക്കുന്നു. വ്യഴാഴ്ച രാവിലെ (2016 ജനുവരി 21) 10.15 ന് അന്തരിച്ച മൃണാളിനിയുടെ ചരമത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിട്ടില്ലെന്നും ശവസംസ്‌കാര ചടങ്ങില്‍ അവരാരുംതന്നെ പങ്കെടുത്തിട്ടില്ലെന്നുമുള്ള ആക്ഷേപമാണ് വ്യാപകമായി മാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കപ്പെട്ടത്. മൃണാളിനി സാരാഭായിയുടെയും കുടുംബത്തിന്റെയും നാടിനുവേണ്ടിയുള്ള സംഭാവനകളെയും കലയ്ക്കുവേണ്ടിയുള്ള സമര്‍പ്പണത്തേയും ആദരിക്കുകയും സാംശീകരിക്കുകയും ചെയ്യുന്നതില്‍ ബിജെപിക്കും നരേന്ദ്രമോദിക്കും സന്തോഷമാണുള്ളത്. എന്നാല്‍ മകള്‍ മല്ലികാസാരാഭായിയുടെയും മറ്റുമുള്ള വിഷലിപ്തമായ രാഷ്ട്രീയ നിലപാടുകള്‍ ജനാധിപത്യവിരുദ്ധമാണ്. എന്നാല്‍, അന്ധമായ ബിജെപി-മോദി വിരോധം തലയ്ക്കുപിടിച്ച അവരുടെ മകള്‍ മല്ലികയും ചില മാധ്യമങ്ങളും ചേര്‍ന്ന് നരേന്ദ്രമോദി അനുശോചനമറിയിച്ചില്ല എന്ന കൃത്രിമ വാര്‍ത്ത സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിക്കയായിരുന്നു. യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി മൃണാളിനിയുടെ മകന്‍ കാര്‍ത്തികേയയ്ക്ക് അന്നുതന്നെ അനുശോചന സന്ദേശം അയച്ചിരുന്നു. ഇതൊന്നും അന്വേഷിക്കുകയോ യഥാര്‍ത്ഥ വസ്തുതകള്‍ക്കായി ശ്രമിക്കുകയോ ചെയ്യാതെയാണ് രാജ്യമാസകലം ഒരു വിഭാഗം ചാനലുകളും പത്രങ്ങളും നരേന്ദ്രമോദിയെ അടിക്കാനുള്ള വടിയായി മൃണാളിനിയുടെ മരണത്തെ ഇന്ധനമാക്കിയത്. അത്യന്തം വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന വിധത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചാനലുകള്‍വഴി പ്രസരിപ്പിക്കപ്പെട്ടത്. ഇത് ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. മൃണാളിനിയുടെ മകള്‍ മല്ലികാ സാരാഭായി എക്കാലത്തും നരേന്ദ്രമോദിയെ ക്രൂശിക്കാനായി ഏത് ഹീനമായ പ്രവര്‍ത്തിയും ചെയ്യാന്‍ മുന്നിട്ടിറങ്ങിയ ചരിത്രമുള്ള രാഷ്ട്രീയ നേതാവാണ്. ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധരാഷ്ട്രീയം കൈയാളിക്കൊണ്ട് അവര്‍ സ്ഥാനാര്‍ത്ഥിയാവുകയും തോറ്റമ്പുകയും ചെയ്തിരുന്നു. നരേന്ദ്രമോദിക്കെതിരെ തെളിവില്ലാതെ കേസുകള്‍ നല്‍കി അദ്ദേഹത്തെ നശിപ്പിക്കാന്‍ ശ്രമിച്ച ചരിത്രമുള്ള കലാകാരിയാണിവര്‍. സ്വന്തം മാതാവിന്റെ മരണം രാഷ്ട്രീയ പകപോക്കലിനും തന്റെ പ്രശസ്തിക്കുമായി അവര്‍ ഉപയോഗപ്പെടുത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൃത്തചുവടുകളുമായി ഇറങ്ങിപ്പുറപ്പെട്ടത് അവരുടെ കലയോടുള്ള സമര്‍പ്പണം കൊണ്ടാണെന്ന് വ്യാഖ്യാനിക്കുന്നവരെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അമ്മ മരിച്ചു കിടക്കുമ്പോള്‍ വിലകൂടിയ വസ്ത്രങ്ങളും ധരിച്ച് സകലവിധ വേഷഭൂഷ വിതാനങ്ങളോടുമായി സിനിമാസ്റ്റൈലില്‍ നൃത്തചുവട് ചവുട്ടി വാര്‍ത്ത സൃഷ്ടിക്കുന്നത് ഭാരതീയ സങ്കല്‍പ്പത്തിന്റെ എതിര്‍ദിശയിലുള്ളതാണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. സ്വന്തം മാതാവ് മരിച്ചുകിടക്കുമ്പോള്‍ ദുഃഖത്തിന്റെ ശോകമൂകമായ അന്തരീക്ഷത്തില്‍ ഫേയ്‌സ്ബുക്കും ട്വിറ്ററും തേടിപോകുന്ന മകളുടെ ഉദ്ദേശ്യശുദ്ധിയെ ആര്‍ക്കും അംഗീകരിക്കാനാവില്ല. അമ്മയുടെ മരണത്തിന്റെ ദുഃഖ സാന്ദ്ര അന്തരീക്ഷത്തെപ്പോലും മറന്നുകൊണ്ട് പ്രധാനമന്ത്രിയുടെ രാഷ്ട്രീയത്തെ വെറുക്കുന്നുവെന്ന് എഴുതിപ്പിടിപ്പിക്കാനാണ് അവര്‍ ഫേസ് ബുക്കിലെ ആദ്യവാചകത്തില്‍തന്നെ ശ്രമിച്ചത്. ജനാധിപത്യത്തില്‍ നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും ആശയപരമായും എതിര്‍ക്കുന്നുവെന്ന് പറയാനുള്ള എല്ലാ അവകാശം മറ്റുള്ളവരെപ്പോലെ മല്ലികാ സാരാഭായിക്കുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയാ പരാമര്‍ശത്തില്‍ ആദ്യവാക്യത്തില്‍തന്നെ നരേന്ദ്രമോദിയുടെ ആശയത്തെ വെറുക്കുന്നു എന്നാണ് അവര്‍ എഴുതിയത്. ''ഞാന്‍ നിങ്ങളുടെ രാഷ്ട്രീയത്തെ വെറുക്കുന്നു (ഹേറ്റ്) എന്നാണ്'' പ്രധാനമന്ത്രിക്ക് ഇവര്‍ എഴുതിയത്. ഈ മനസ്ഥിതിയാണ് നമ്മുടെ സംസ്‌കാരത്തിനും ജനാധിപത്യ സങ്കല്‍പ്പത്തിനും ക്ഷതമേല്‍പ്പിക്കുന്നത്. രാഷ്ട്രീയ എതിരാളി വെറുക്കപ്പെടേണ്ടവനല്ല എതിരാളി ശത്രുവല്ല. എതിരാളിയുടെ ആശയത്തെ വെച്ചുപൊറുപ്പിക്കില്ല എന്ന മല്ലികയുടെ കാഴ്ചപ്പാടാണ് മാറേണ്ടതായിട്ടുള്ളത്. നരേന്ദ്രമോദിക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ കേരളത്തിലെ ഒട്ടു മിക്ക ചാനലുകളും ചര്‍ച്ചകളും വാര്‍ത്തകളുംവഴി മൃണാളിനിയുടെ മരണത്തെ ഉപയോഗിക്കുകയുണ്ടായി. ഭാരതരാഷ്ട്രീയത്തില്‍ വിഷവേരുപോലെ പടര്‍ന്നു പിടിക്കുന്ന ദുഷ്പ്രവണതയാണ് ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഒരു മരണമുണ്ടായാല്‍ ഹൃദയത്തില്‍ തട്ടിയുണ്ടാകുന്ന ദുഃഖ വികാരത്തിനു മഷിയിടുകയാണ് അനുശോചനംവഴി ലക്ഷ്യമാക്കപ്പെടുന്നത്. നിശ്ചിത നിയമവും ചട്ടവുമൊക്കെയുണ്ടാക്കി ഇന്ന ഇന്ന കാര്യങ്ങളില്‍ അനുശോചിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ചാനല്‍ ചര്‍ച്ചയില്‍ കണക്കുകള്‍വെച്ച് ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയവുമല്ലിത്. അനുശോചനം ആരും ചോദിച്ചുവാങ്ങാറുമില്ല. മൃണാളിനിയെന്ന പ്രശസ്ത കലാകാരിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അനാവശ്യവും ദൗര്‍ഭാഗ്യകരവുമാണ്. അത്തരം വിവാദങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. .  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.