കുട്ടനാട് വികസന ഏജന്‍സി ഫണ്ട് സര്‍ക്കാര്‍ വകമാറ്റി

Monday 25 January 2016 7:55 pm IST

ആലപ്പുഴ: കുട്ടനാട് നെല്‍കര്‍ഷകര്‍ ഏറെ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ കുട്ടനാട് വികസന ഏജന്‍സിയുടെ ഫണ്ട് സര്‍ക്കാര്‍ വകമാറ്റിയത് വിവാദമാകുന്നു. കഴിഞ്ഞ സപ്തംബര്‍ മാസത്തിലാണ് 53 ലക്ഷം രൂപ വികസന ഏജന്‍സിയുടെ ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ വകമാറ്റിയത്. ഒരു മാസത്തിനകം മടക്കി നല്‍കാമെന്നു പറഞ്ഞാണ് ഫണ്ടു വകമാറ്റിയതെങ്കിലും നാലുമാസമായിട്ടും യാതൊരു നടപടിയുമില്ല. വികസന ഏജന്‍സി അധികൃതര്‍ പലതവണ സര്‍ക്കാരുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് ഏജന്‍സി വൈസ് ചെയര്‍മാന്‍ വെളിയനാട് മാത്തച്ചന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫണ്ടു വകമാറ്റിയതുമൂലം ടെണ്ടര്‍ ചെയ്ത പത്ത് പ്രവര്‍ത്തികള്‍ സ്തംഭിച്ച നിലയിലാണ്. ഇതിനാല്‍ പല പാടശേഖര സമിതികളും ദുരിതം അനുഭവിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും നഷ്ടവും മൂലം കുട്ടനാട്ടിലെ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലാണ് അനുവദിച്ച ഫണ്ടുപോലും സര്‍ക്കാര്‍ വകമാറ്റി കര്‍ഷകരെ ദ്രോഹിക്കുന്നത്. വര്‍ദ്ധിപ്പിച്ച നെല്ലുവില പോലും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. 2.50 രൂപ പ്രകാരം വര്‍ദ്ധിപ്പിച്ച തുകയിനത്തില്‍ പത്തുകോടിയിലേറെ രൂപയാണ് ജില്ലയിലെ കര്‍ഷകര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത്. പമ്പിങ് സബ്‌സിഡി പൂര്‍ണമായും സൗജന്യമാക്കുമെന്ന് ഈ സര്‍ക്കാര്‍ അധികാരമേറ്റ കാലയളവില്‍ മന്ത്രി കെ.എം. മാണി കുട്ടനാട്ടിലെത്തി പ്രഖ്യാപിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായിട്ടും നടപ്പായില്ല. ഇത്തരത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു വകമാറ്റുന്നതില്‍ കര്‍ഷകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കുട്ടന്‍കുത്ത്, കുഴല്‍, അവിച്ചില്‍, തുടങ്ങിയ കീടപ്രാണികള്‍ നെല്‍ച്ചെടികളെ അക്രമിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന ആവശ്യമുയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.