കേരളത്തനിമയുള്ള സാംസ്‌കാരിക നയം രൂപീകരിക്കണം: തപസ്യ

Monday 25 January 2016 8:25 pm IST

കൊച്ചി: കേരളത്തനിമയിലധിഷ്ഠിതമായ സാംസ്‌കാരിക നയത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കണമെന്ന് എറണാകുളം മാധവനിവാസില്‍ ചേര്‍ന്ന തപസ്യ കലാസാഹിത്യവേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. മണ്‍മറഞ്ഞ സാംസ്‌കാരികനായകന്മാരുടെ സ്മരണകള്‍ അവഗണിക്കപ്പെടുന്ന സാഹചര്യം അപമാനകരമാണ്. ലോകാരാധ്യനായ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥാനമായ കണ്ണമ്മൂലയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പോലും ചവിട്ടിമെതിക്കപ്പെടുന്ന ഇപ്പോഴത്തെ സാഹചര്യം അനുവദിക്കാനാകില്ല. അവിടെ അദ്ദേഹത്തിന് ഉചിതമായ സ്മാരകം ഉണ്ടാവുക തന്നെ വേണം. അരയവംശപരിപാലനയോഗത്തിലൂടെയും അരയന്‍ എന്ന പത്രത്തിലൂടെയും അരയജനസമുദ്ധാരകനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായി ജനമനസ്സിലിടം പിടിച്ച ഡോ.വി.വി. വേലുക്കുട്ടി അരയന്റെ ജന്മസ്ഥാനമായ കരുനാഗപ്പള്ളി അഴീക്കലിലും അദ്ദേഹത്തിന്റെ സ്മൃതി കേന്ദ്രം അവഗണനയിലാണ്. പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് നാരായണമേനോന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന നാഗത്തറയും കാവും തകര്‍ത്ത് കമലസുറയ്യ സ്മാരകം നിര്‍മ്മിക്കാനുള്ള അധികൃതരുടെ നീക്കം അപലപനീയമാണ്. നാലപ്പാട്ട് നാരായണമേനോന്റെയും ബാലാമണിയമ്മയുടെയും മാധവിക്കുട്ടിയുടെയും സ്മരണകള്‍ നിലനിര്‍ത്തത്തക്കവിധം ആ നാഗത്തറയും നീര്‍മാതളവും സംരക്ഷിച്ച് ഭാവിയില്‍ സാംസ്‌കാരിക തീര്‍ത്ഥാടകരുടെ പഠനകേന്ദ്രമായി മാറ്റുകയാണ് വേണ്ടത്. കുട്ടികളുടെ സാന്ദീപനിയായിരുന്ന കുഞ്ഞുണ്ണിമാഷിന്റെ സ്മരണകളോടും സര്‍ക്കാരും സാഹിത്യ അക്കാദമിയും കാട്ടിയത് നന്ദികേടാണെന്ന് തപസ്യ കുറ്റപ്പെടുത്തി. കുഞ്ഞുണ്ണിമാഷിന് സ്മാരകം നിര്‍മ്മിക്കുന്നതിന് ബന്ധുക്കള്‍ സാഹിത്യ അക്കാദമിക്ക് നല്‍കിയ അഞ്ച് സെന്റ് സ്ഥലം ഇപ്പോള്‍ അനാഥാവസ്ഥയിലാണ്. ഇതിനായി അനുവദിക്കപ്പെട്ടുവെന്ന് പറയുന്ന തുകയുടെ അവസ്ഥയും സംശയാസ്പദമാണ്. കേരളത്തിലെ കലാ സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രിത അക്കാദമികൾ അമിതമായി രാഷ്ട്രീയ വൽക്കരിക്കപ്പെട്ടിരിക്കുകയാണ്. ലൈബ്രറി കൗൺസിൽ പോലുള്ള സ്ഥാപനങ്ങളും ചില പ്രത്യേക രാഷ്ട്രീയ പാർട്ടികളുടെ റിക്രൂട്ടിങ് ഏജൻസികളെപ്പോലെയാണ് പ്രവർത്തിക്കുന്നത്. നാടിന്റെ തനിമയും സംസ്‌കാരവും നിലനിർത്തുന്നതിന് വേണ്ടി മുന്നോട്ടുപോകേണ്ട ഇത്തരം സ്ഥാപനങ്ങൾ അതിന്റെ ലക്ഷ്യം നിറവേറ്റണമെങ്കിൽ സമഗ്രമായ സാംസ്‌കാരികനയം ഉരുത്തിരിയേണ്ടതുണ്ട്. എഴുത്തിലും കലയിലും മാത്രമില്ല ജീവിതത്തിൽ നിന്നുപോലും സദാചാരവും സംസ്‌കാരവും പടിയിറങ്ങുകയാണോ എന്ന ഭയം ജനിപ്പിക്കുന്ന കാലഘട്ടമാണിത്. കേരളീയ സംസ്‌കൃതിക്കെതിരായ സമരാഭാസങ്ങൾ പുരോഗമനമെന്ന പേരിൽ ആഘോഷിക്കുന്ന പ്രവണത അപകടകരമാണ്. കുടുംബാന്തരീക്ഷങ്ങളെപ്പോലും മലീമസമാക്കുന്ന തരത്തിലാണ് ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റം. വാർത്താമാധ്യമങ്ങളിലടക്കം യാതൊരു നിയന്ത്രണവുമില്ലാതെ സംസ്‌കൃതിക്കെതിരെ നടക്കുന്ന പ്രചാരവേലയ്‌ക്കെതിരെ ജാഗ്രത അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഭാഷയും ഭൂമിയും സംസ്‌കാരവും സംരക്ഷിക്കാനുള്ള ആഹ്വാനവുമായി കന്യാകുമാരിയിൽ നിന്ന് ജനുവരി3ന് തപസ്യ ആരംഭിച്ച സാഗരതീര സാംസ്‌കാരിക തീർത്ഥയാത്ര ജനുവരി 17ന് ഗോകർണത്ത് സമാപിച്ചു. തീർത്ഥയാത്രയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ മലയോര ജില്ലകൾ കേന്ദ്രമാക്കി നടത്തുന്ന സഹ്യസാനു യാത്രയ്ക്ക് ജനുവരി 31ന് കൊല്ലൂരിൽ തുടക്കമാകും. യാത്ര ഫെബ്രുവരി 17ന് നാഗർകോവിലിൽ സമാപിക്കും. കേരളം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന സഹ്യസാനുയാത്രയിൽ മഹാകവി എസ്. രമേശൻ നായരുടെ നേതൃത്വത്തിൽ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഘം അണിനിരക്കും. സംസ്ഥാന സമിതി യോഗത്തിൽ തപസ്യ അദ്ധ്യക്ഷൻ എസ്. രമേശൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. രാമചന്ദ്രൻ, എം.എ. കൃഷ്ണൻ, സംഘടനാസെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ, സഹസംഘടനാ സെക്രട്ടറിമാരായ സി.സി. സുരേഷ്, അഡ്വ.കെ.പി. വേണുഗോപാൽ, ജോയിന്റ് ജനറൽ സെക്രട്ടറി മണി എടപ്പാൾ, സി. രജിത്കുമാർ, അനൂപ് കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു. അഭിനയത്തിന്റെ നേർവഴിയിൽ സഞ്ചരിച്ച കലാകാരി: തപസ്യ കൊച്ചി: അഭിനയത്തിന്റെ നേർവഴിയിൽ സഞ്ചരിച്ച കലാകാരിയാണ് കല്പനയെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന അദ്ധ്യക്ഷൻ എസ്. രമേശൻ നായർ അനുസ്മരിച്ചു. അഭിനയത്തിലും ജീവിതത്തിലും ഉറച്ച മൂല്യബോധം പുലർത്താൻ എക്കാലവും ശ്രദ്ധിച്ച വ്യക്തിത്വമാണ് അവരുടേത്. അഭിനയജീവിതത്തിൽ ഇനിയുമേറെ ഉയരങ്ങൾ കാത്തിരിക്കെയാണ് വിധി കല്പനയെ പ്രേക്ഷകരിൽ തട്ടിയെടുത്ത് സ്വന്തമാക്കിയത്. ഈ വിയോഗം മലയാളസിനിമയ്ക്ക് ദുഃഖകരമാണെന്ന് അദ്ദേഹം അനുസ്മരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. വിനോദ് തിരുവല്ലയെ അനുസ്മരിച്ചു കൊച്ചി: തപസ്യ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയും പ്രശസ്ത സോപാനസംഗീതജ്ഞനുമായ വിനോദ് തിരുവല്ലയുടെ നിര്യാണത്തിൽ എറണാകുളം മാധവനിവാസിൽ ചേർന്ന തപസ്യ സംസ്ഥാന സമിതിയോഗം ദുഃഖം രേഖപ്പെടുത്തി. ക്ഷേത്രകലകളെ ജനപ്രിയമാക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിയാണ് വിനോദ് തിരുവല്ലയെന്ന് തപസ്യ സംസ്ഥാന അദ്ധ്യക്ഷൻ മഹാകവി എസ്. രമേശൻ നായർ അനുസ്മരിച്ചു. പത്തനംതിട്ട ജില്ലയിൽ തപസ്യയുടെ പ്രവർത്തനങ്ങൾ ഊടുംപാവും പകർന്ന മികച്ച സംഘാടകൻ കൂടിയായിരുന്നു അദ്ദേഹം. സംഗീതവും അഭിനയവുമെല്ലാം ആ പ്രതിഭയുടെ മാറ്റ് തെളിയിച്ചവയാണ്. തികഞ്ഞ കലോപാസകനും സംഘാടകനുമായിരുന്ന വിനോദ് തിരുവല്ലയുടെ വിയോഗം തപസ്യക്ക് കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.