കണ്ണൂര്‍: കൊമ്മേരി സര്‍ക്കാര്‍ ആടുവളര്‍ത്തല്‍ കേന്ദ്രം ആധുനിക സൗകര്യങ്ങളോടുകൂടി ആയിരം ആടുകളുടെ കേന്ദ്രമാക്കുമെന്ന് കൃഷി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹനന് പറഞ്ഞു. ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഫാമിനോടനുബന്ധിച്ച് ആധുനിക ലബോറട്ടറി, ചികിത്സാ സൗകര്യം, പരിശീലന കേന്ദ്രം, ബീജസംഭരണ കേന്ദ്രം എന്നിവ നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ 4.33 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി നടത്തുന്നത്.
ചടങ്ങില്‍ ഇ.പി.ജയരാജന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രത്യേക ഘടക പദ്ധതി പ്രകാരമുള്ള ആടുവിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ നിര്‍വഹിച്ചു. ശാസ്ത്രീയമായ ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ മൃഗസംരക്ഷണ വകുപ്പ് അസി.ഡയരക്ടര്‍ ഡോ.പി.വി.മോഹനന് സംസാരിച്ചു. ഡോ.ഖലീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: