മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Monday 25 January 2016 11:05 pm IST

രാമപുരം: അമനകര ആനിച്ചുവട്ടിലെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പുഴ പരേതനായ കുട്ടായിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളില്‍ ഒരാളുടേതാണ് മൃതദേഹം എന്ന് സംശയിക്കുന്നു. തമിഴ്‌നാട്ടിലെ മധുര പൊത്തക്കുള സ്വദേശികളായ കാളി, രാമര്‍, എസക്കി എന്നിവരാണ് ഈ വീട്ടില്‍ കഴിഞ്ഞ മൂന്ന് മാസമായി താമസിക്കുന്നത്. ഇന്നലെ മൂവരെയും പണി സ്ഥലത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് കരാറുകാരന്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ അനേഷിച്ചപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീടിന്റെ പിന്‍ഭാഗത്ത് നിന്നും പുക ഉയരുന്നതും കണ്ടു. ഇവിടെ പരിശോധിച്ചപ്പോഴാണ് മുറ്റത്തിന്റെ കോണിലായി മൃതദേഹം കത്തിക്കൊണ്ടിരിക്കുന്നതായി കണ്ടെത്തിയത്. മറ്റ് രണ്ടു പേരും സംഭവത്തെ തുടര്‍ന്ന് സ്ഥലം വിട്ടിരുന്നു. കാളി ഞായറാഴ്ച രാവിലെ പുറത്തേക്ക് പോകുന്നത് കണ്ടതായി സമീപവാസികള്‍ പറയുന്നു. രാമര്‍, എസക്കി എന്നിവരില്‍ ഒരാളുടേതാണ് മൃതദേഹമെന്ന് പോലീസ് സംശയിക്കുന്നു. മൂവരും അല്ലാതെ മറ്റാരെങ്കിലുമാണോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. തമിഴ്‌നാട് സ്വദേശികളായതിനാല്‍ നാട്ടുകാരുമായി ഇവര്‍ക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പാലാ ഡിവൈഎസ്പി സുനീഷ് ബാബു, രാമപുരം സിഐ ഇമ്മാനുവല്‍ പോള്‍, എസ്‌ഐ കെ.ജെ. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.