ജനമനസ്സിലേക്ക് സ്വീകരിച്ചു

Monday 25 January 2016 11:12 pm IST

കൊണ്ടോട്ടി/ചേളാരി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര ജില്ലയില്‍ പര്യടനം ആരംഭിച്ചു. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ജാഥക്യാപ്റ്റനെ മാലയിട്ട് സ്വീകരിച്ചു. ബൈക്ക് റാലിയുടെയും വാദ്യമേളങ്ങളുടെയും ആയിരകണക്കിന് പ്രവര്‍ത്തകരുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ച യാത്രക്ക് കൊണ്ടോട്ടി മണ്ഡലത്തിലെ പുളിക്കലില്‍ സ്വീകരണം നല്‍കി. പുളിക്കലില്‍ നടന്ന പൊതുസമ്മേളനം സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി.ശ്രീശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചമ്മിനി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍.മുരളീധരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടകളുടെ പ്രതിനിധികള്‍ ജാഥ ക്യാപ്റ്റനെ ഹാരാര്‍പ്പണം ചെയ്തു. തുടര്‍ന്ന് കുമ്മനം രാജശേഖരന്‍ മറുപടി പ്രസംഗം നടത്തി. സി.വാസുദേവന്‍ മാസ്റ്റര്‍, ജനചന്ദ്രന്‍ മാസ്റ്റര്‍, കെ.നാരായണന്‍ മാസ്റ്റര്‍, എം.പ്രേമന്‍ മാസ്റ്റര്‍, വനജ, രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ്, പി.ടി.ആലിഹാജി, അഡ്വ.അരവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി സജീഷ് സ്വാഗതം ആശംസിച്ചു. ആയിരങ്ങളാണ് പുളിക്കലിലേക്ക് ഒഴുകിയെത്തിയത്. ഇടത് വലത് മുന്നണികളുടെ താവളമായിരുന്ന കൊണ്ടോട്ടി മണ്ഡലം ഇന്നലെ കുങ്കുമഹരിത വര്‍ണ്ണത്താല്‍ നിറഞ്ഞു. വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ കുമ്മനം രാജശേഖരനെയേയും വിമോചനയാത്രയേയും വരവേറ്റത്. തുടര്‍ന്ന് വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയിലായിരുന്നു രണ്ടാമത്തെ സ്വീകരണം. ആദ്യദിവസത്തെ സമാപന പരിപാടി മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പീതാംബരന്‍ പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.രാധാകൃഷ്ണ്‍, സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍, സംസ്ഥാനസമിതിയംഗം രാധാകൃഷ്ണമേനോന്‍, പി.രാഘവന്‍, എം.പ്രേമന്‍ മാസ്റ്റര്‍, രാജീവ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് രാവിലെ 10ന് വേങ്ങരയില്‍ നിന്നും ജാഥ പര്യടനം ആരംഭിക്കും. പരപ്പനങ്ങാടി, താനൂര്‍, പൊന്നാനി, ചമ്രവട്ടം ജംഗ്ഷന്‍, തിരൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് ആറിന് കോട്ടക്കലില്‍ സമാപിപും.സമാപന പൊതുയോഗം ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. നാളെ റിപ്പപ്ലിക്ക് ദിനമായതിനാല്‍ യാത്ര ഉണ്ടാകില്ല. അന്ന് കുമ്മനം രാജശേഖരന്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ചയും നടത്തും 27ന് രാവിലെ 10ന് അങ്ങാടിപ്പുറത്ത് നിന്നും യാത്ര ആരംഭിക്കും. മലപ്പുറം, മഞ്ചേരി, എടവണ്ണ, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പെരിന്തല്‍മണ്ണയില്‍ സമാപിക്കും. പെരിന്തല്‍മണ്ണയിലെ സമാപനസമ്മേളനം സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. ജാഥയില്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പി.കെകൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേഷ്, കെ.സുരേന്ദ്രന്‍, ശോഭാസുരേന്ദ്രന്‍, പി.എം.വേലായുധന്‍, എ.കെ.നസീര്‍ തുടങ്ങിയ സംസ്ഥാന നേതാക്കളും സംസാരിക്കും. 26ന് പര്യടനം ഉണ്ടാകുകയില്ല. ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുന്നുണ്ട്. യാത്രയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും യുഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ വിലയിരുത്തികൊണ്ടുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും. ഭാരതീയ ജനതാപാര്‍ട്ടി പ്രവര്‍ത്തകര്‍ നയിക്കുന്ന തെരുവ് നാടകം യാത്രയുടെ മുഖ്യ ആകര്‍ഷണമാകും. ഭാരതീയ ജനതാപാര്‍ട്ടിയെ പ്രതീക്ഷയോടെ കാണുന്ന ആര്‍ക്കും എന്റെ നാട് എന്റെ പ്രതീക്ഷ എന്ന വിഷയത്തില്‍ അഭിപ്രായ കുറിപ്പുകള്‍ എഴുതി പെട്ടിയിലിടാനുള്ള സൗകര്യവും യാത്രയിലുടനീളം ഒരുക്കിയിട്ടുണ്ട്. കേരളം ഇന്നൊരു പരിവര്‍ത്തനത്തിന്റെ പാതയിലാണ്. കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം ഭരിച്ച ഇരുമുന്നണികളും വരുത്തിവെച്ച വികസനമുരടിപ്പിന്റെ ആഴകയങ്ങളില്‍ നിന്നും കരകയറണമെങ്കില്‍ സുപ്രധാനമായ ഒരു രാഷ്ട്രീയ മാറ്റം വേണമെന്ന തിരിച്ചറിവിലാണ് കേരളം. എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഎഫ് എന്ന പതിവുരീതികള്‍ വരുത്തിവെച്ച ദുരന്തത്തില്‍ നിന്നും കേരളജനത പഠിച്ച പാഠത്തില്‍ നിന്നാണ് പരിവര്‍ത്തനം രൂപമെടുക്കുന്നത്. മുന്നണി ഭരണത്തിന്റെ കെടുതികളില്‍ നിന്ന് മറ്റൊരു പോംവഴിയില്ലെന്ന സാഹചര്യമാണ്. ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഇരുമുന്നണികളില്‍ നിന്നും വിടുതല്‍ തേടി വികസന മുന്നേറ്റത്തിന്റെ മറ്റൊരു കേരളം സാധ്യമാണെന്ന സുപ്രധാനമായ തിരിച്ചറിവാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്. അവഗണിക്കപ്പെട്ട ദരിദ്രപക്ഷത്തിന്റെ മുന്നേറ്റമാണ് അത്. അന്നം. വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ രാഷ്ട്രീയമാണത്. തകര്‍ന്ന കേരളാ മോഡലിന്റെ ചാരകൂമ്പാരത്തില്‍ നിന്നും ഉയര്‍ന്നുപൊങ്ങാനുള്ള നവകേരളത്തിന്റെ പുതിയ മുദ്രാവാക്യം. ജനപക്ഷ വികസനത്തിന്റെയും പരിസ്ഥിതിരഞ്ജകമായ സ്ഥായിയായ വികസനത്തിന്റെയും സുസ്ഥിര സമീപനമാണത്. അടിച്ചമര്‍ത്തപ്പെട്ട വനവാസി സമൂഹത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പിന്നോക്ക വിഭാഗത്തിന്റെയും മോചനത്തിനുള്ള പുതിയ മാര്‍ഗ്ഗമാണത്. കേരളത്തെ കയ്യടക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റ് മൂലധനത്തിനെതിരായ മുന്നേറ്റമാണത്. കേരളത്തിന്റെ മനസാക്ഷിെ യ തൊട്ടറിഞ്ഞ പാവങ്ങളുടെ പടത്തലവന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി നവകേരളത്തെ സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിലാണ്. കേരളത്തെ പുറകോട്ട് നയിച്ച ഇരുമുന്നണികളില്‍ നിന്നും മാത്രമല്ല നാടിന്റെ ഭദ്രതയെ തകര്‍ക്കുന്ന എല്ലാവിധ ശക്തികളില്‍ നിന്നുമുള്ള സ്ഥിരമോചനമാണ് വിമോചനയാത്രയുടെ ലക്ഷ്യവും ഉള്ളടക്കവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.