നിങ്ങള്‍ ഞങ്ങളോടൊപ്പമുണ്ടാവുക

Thursday 28 January 2016 3:34 pm IST

ജനുവരിയിലെ എല്ലു തുളയ്ക്കുന്ന തണുപ്പില്‍ ഊറിയിറങ്ങുന്ന കുതിരക്കുളമ്പടിയും ബൂട്ട്‌സിന്റെ 'റിഥമിക് ബീറ്റ്‌സും' ഓരോ ഭാരതീയന്റേയും ചോര തിളപ്പിക്കും. കനത്ത മൂടല്‍ മഞ്ഞ് തളംകെട്ടിയ ഇന്ദ്രപ്രസ്ഥത്തിന്റെ ഹൃദയഭാഗമായ വിജയ് ചൗക്കില്‍ സൈനിക പരിവാരങ്ങളുടെ വിരുന്ന് വ്യക്തതയോടെ കാണാന്‍ കഴിയില്ലെങ്കിലും ചുണക്കുട്ടന്‍മാരുടെ താളം, വിരുന്നിനെത്തിയവരെ കോരിത്തരിപ്പിക്കും. പറയുന്നത്, ഇന്ദ്രപ്രസ്ഥത്തിലെ 'ബീറ്റിങ് റിട്രീറ്റ്' നെ പറ്റി... മൂന്ന് ദിവസം നീണ്ട റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിന്റെ പരിസമാപ്തി കുറിച്ചുള്ള ഭാരതത്തിന്റെ കര-നാവിക-വ്യോമസേനകളുടെ ബാന്‍ഡ് മേളങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന സൈനികാഘോഷത്തെ പറ്റി... അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായ ഭാരതത്തിന്റെ ബീറ്റിങ് റിട്രീറ്റ്.... ഉത്ഭവം ഇംഗ്ലണ്ടിലാണെങ്കിലും ആശയം ഭാരത ചരിത്രവുമായി ബന്ധപ്പെട്ടതാണെന്നത് പറയാതെ വയ്യ. സൈനിക വിഭാഗങ്ങളുടെ ബാന്‍ഡ് മേളങ്ങളും ഇമ്പമാര്‍ന്ന വാദ്യോപകരണ സംഗീതങ്ങളുമാണ് ചടങ്ങിന്റെ പ്രധാന ആകര്‍ഷണം. രാജ്യസ്‌നേഹം തുളുമ്പുന്ന വരികള്‍ക്ക് ഇമ്പമാര്‍ന്ന ഈണവും താളവും നല്‍കി കൊമ്പുവാദ്യവും ബ്യൂഗിളും ഡ്രംസും ബ്രാസ്സും മറ്റു സംഗീതോപകരണങ്ങളും ജീവനേകുന്നു. മൂന്ന് സൈനിക വിഭാഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ചടങ്ങാണിത്. രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന റെയ്‌സീന ഹില്ലിനു സമീപത്തുള്ള വിജയ് ചൗക്കില്‍ പ്രൗഢഗംഭീരമായ ചടങ്ങ് അരങ്ങേറുമ്പോള്‍ കാണികളായുള്ള ഓരോ ഭാരതീയനും അഭിമാനപുരസ്സരം എഴുന്നേറ്റു നിന്നു പോകും. സൈനിക വിഭാഗങ്ങളുടെ പരേഡോടെയാണ് തുടക്കം. സുരക്ഷാ അകമ്പടിയോടെയെത്തുന്ന രാഷ്ട്രപതിയെ സ്വീകരിക്കുകയാണ് ആദ്യം. പരേഡ് നടക്കുമ്പോള്‍, ഓരോ തവണയും നൂറോളം പട്ടാള ബൂട്ടുകള്‍ ഒരുമിച്ച് ഭൂമിയെ സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന കാതടിപ്പിക്കുന്ന ശബ്ദത്തിന്, കണ്ണിമ ചിമ്മാതെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുടെ ഹൃദയമിടിപ്പിന്റെ തീവ്രത അനുഭവപ്പെടുമെന്ന് സാക്ഷ്യം. രാജ്യത്തിനും സര്‍വ്വസൈന്യാധിപനും സമര്‍പ്പിക്കുന്ന ബിഗ് സല്യൂട്ടില്‍ അവരും മനസ്സുകൊണ്ട് പങ്കാളികളാവുകയാണ്. പട്ടാളക്കാരുടെ പരേഡിന് ശേഷമാണ് വിവിധ വിഭാഗങ്ങളുടെ ബാന്‍ഡ് മേളങ്ങള്‍ അരങ്ങേറുക. കര-നാവിക-വ്യോമസേനാധിപന്മാര്‍ തമ്മില്‍ കാണുന്ന അത്യപൂര്‍വ്വ സന്ദര്‍ഭങ്ങളിലൊന്നു കൂടിയാണ് ബീറ്റിങ് റിട്രീറ്റ്. വിക്ടോറിയന്‍ ട്യൂണുകളും ബ്രിട്ടീഷ് മിലിട്ടറി ട്യൂണുകളും താളങ്ങളുമാണ് കഴിഞ്ഞ വര്‍ഷം വരെ ബാന്‍ഡില്‍ കേട്ടിരുന്നത്. എന്നാല്‍ വലിയൊരു മാറ്റം കഴിഞ്ഞ വര്‍ഷം മുതല്‍ ബീറ്റിങ് റിട്രീറ്റിലുണ്ടായി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ബീറ്റിങ് റിട്രീറ്റില്‍ വിക്ടോറിയന്‍ ട്യൂണുകള്‍ക്കും ബാന്‍ഡുകള്‍ക്കും പകരമെത്തിയത് സ്വദേശി ട്യൂണുകളും ബീറ്റുകളുമാണ്. ദേശീയ ഗാനത്തിനു പിന്നാലെ, സൈനികര്‍ അവതരിപ്പിച്ച 23 ബാന്‍ഡുകളില്‍ 20 എണ്ണം ഭാരതീയ സംഗീത സംവിധായകരുടേയും സൈന്യത്തില്‍ സേവനമനുഷ്ഠിച്ച സുബേദാര്‍മാരുടേയും ലാന്‍സ്‌നായക്മാരുടേയും ഈണങ്ങളായിരുന്നു. നാളിതുവരെ തുടരുന്ന രീതിക്ക് പെട്ടെന്നുണ്ടായ മാറ്റമായിരുന്നു അത്. 15 മിലിട്ടറി ബാന്‍ഡുകളും 18 പൈപ്പുകളും ഡ്രം ബാന്‍ഡുകളുമടങ്ങിയ ബറ്റാലിയനുകളുടേയും റെജിമെന്റുകളുടേയും മികവുറ്റ പ്രകടനങ്ങളും ഇമ്പമാര്‍ന്ന വാദ്യോപകരണ മേളങ്ങളും സായാഹ്ന മഞ്ഞിനെ ഉരുക്കിക്കളയും വിധമാണ്. ബാന്‍ഡ് മേളം അവസാനിക്കുമ്പോള്‍ കൊമ്പുവാദ്യവുമായെത്തുന്ന സൈനിക സംഘം 'സിക്കി എ മോള്‍' എന്ന ഗാനം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മറ്റു കാണികള്‍ക്കും മുമ്പില്‍ അവതരിപ്പിക്കും. ശേഷമാണ് 'ഞങ്ങളോടൊപ്പമുണ്ടാവുക' എന്ന തീമിനെ അന്വര്‍ത്ഥമാക്കുന്ന വിശ്വവിഖ്യാതമായ സ്‌കോട്ടിഷ് കവി ഹെന്റി ഫ്രാന്‍സിസ് ലൈറ്റിന്റെ 'അബൈഡ് വിത്ത് മി' ക്ക് പട്ടാള ബാന്‍ഡ് മേളക്കാര്‍ ജീവനേകുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഗാനം കൂടിയാണിത്. അതുകൊണ്ടു തന്നെ ബീറ്റിങ് റിട്രീറ്റിലെ സ്ഥിരഗാനങ്ങളില്‍ പ്രധാനിയായി 'അബൈഡ് വിത്ത് മി' തിളങ്ങുന്നു. ഇതൊക്കെ നടക്കുമ്പോഴും കുതിരപ്പട്ടാളവും സൈനികരും ദൃശ്യത്തില്‍ സ്ഥിര സാന്നിദ്ധ്യമായിരിക്കും. ബാന്‍ഡ് മേളവും സൈന്യത്തിന്റെ പ്രകടനങ്ങള്‍ക്കും ശേഷം ആറുമണിയോടടുത്ത് ഇവര്‍ പശ്ചാത്തലത്തില്‍ നിന്നു പതുക്കെ പിന്‍വാങ്ങും. ഇതോടെ റിട്രീറ്റിന്റെ അവസാന ഘട്ടമെത്തിയെന്ന് അനുമാനിക്കാം. ഒരു മണിക്കൂര്‍ നീളുന്ന പ്രകടനങ്ങള്‍ക്കൊടുവില്‍ സൂര്യാസ്തമയം കണക്കിലെടുത്ത് കൃത്യം ആറിന് കര-നാവിക-വ്യോമസേന വിഭാഗങ്ങള്‍ ബ്യൂഗിള്‍ വായിക്കുന്നത്തോടെ ആ വര്‍ഷത്തെ റിപ്പബ്ലിക് ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴും. 'സാരേ ജഹാം സെ അച്ഛാ' എന്ന ദേശഭക്തി ഗാനമാണ് അവസാനമായി അവതരിപ്പിക്കുക. ശേഷം, 'ജനഗണമന' - ദേശീയ ഗാനം ബ്യൂഗിളിലൂടെ ഒഴുകിയെത്തുന്നത്തോടെ ദേശീയ പതാകയും താഴുകയായി. കര-നാവിക-വ്യോമസേന വിഭാഗങ്ങളുടെ സര്‍വ്വസൈന്യാധിപനും രാഷ്ട്രത്തലവനുമായ രാഷ്ട്രപതിക്ക് രാജ്യത്തെ പട്ടാളം നല്‍കുന്ന ആദരം. ഭാരത യുദ്ധ ചരിത്രങ്ങളില്‍ നിന്നടര്‍ത്തിയ ഒരേടാണ് പില്‍ക്കാലത്ത് ഇംഗ്ലണ്ടില്‍ ബീറ്റിങ് റിട്രീറ്റായി എത്തിയത്. യുദ്ധ നാളുകളില്‍ സുര്യാസ്തമയത്തിന് തൊട്ടു മുന്നേ യുദ്ധം അവസാനിപ്പിക്കാന്‍ മുഴങ്ങുന്ന ശംഖൊലിയെ അനുസ്മരിപ്പിക്കുന്നതാണ് ഈ സൈനിക ചടങ്ങ്. യുദ്ധക്കളത്തില്‍ നിന്ന് യോദ്ധാക്കളേയും സൈനികരേയും പിന്‍വലിക്കാനുള്ള കാഹളം. 1950 ല്‍ റിപ്പബ്ലിക്കായ ഭാരതവും പിന്നെ ഇതേ സൈനികാചാരം ആവര്‍ത്തിച്ചു പോന്നു. ആദ്യ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങു മുതല്‍ ഇതുവരെ മൂന്നു ദിവസം നീണ്ടനില്‍ക്കുന്ന ആഘോഷങ്ങള്‍ ഭാരതം അവസാനിപ്പിക്കുന്നത് ബീറ്റിങ് റിട്രീറ്റ് എന്ന പ്രൗഢഗംഭീരമായ ചടങ്ങോടെയാണ്. രാഷ്ട്രപതി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ജനുവരി 29 ന് വൈകിട്ടാണ് നടക്കുക. സൈനിക നടപടികളില്‍ ഏറ്റവും ഉയര്‍ന്നതും പ്രധാനപ്പെട്ടതുമായ ബീറ്റിങ് റിട്രീറ്റ്...മൂന്ന് സൈനിക വിഭാഗങ്ങളുടേയും രാജ്യത്തിനുള്ള ആദരവായി കണക്കാക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയ്ക്കുള്ള, പട്ടാളത്തിന്റെ അഞ്ജലിയായി കൂടി ഇതിനെ വ്യാഖ്യാനിക്കാം. 1950ല്‍ മേജര്‍ റോബോര്‍ട്ട്‌സ് ആണ് ഇത്തരത്തിലുള്ളൊരു ഡിസ്‌പ്ലേയ്ക്ക് രൂപം കൊടുത്തത്. ചടങ്ങിനൊടുവില്‍ മൂന്ന് സൈനിക വിഭാഗങ്ങളും ചേര്‍ന്ന് അവതരിപ്പിക്കുന്ന ബാന്‍ഡുകളുടെ സ്വരമേളം ഭാരതസേനയുടെ ആത്മവീര്യവും നിശ്ചയദാര്‍ഢ്യവും വിളിച്ചോതുന്നതാണ്. ബ്യൂഗിളിലൂടെ ഒഴുകുന്ന ദേശീയഗാനത്തോടെ പതാക താഴുമ്പോഴേക്കും ഇരുട്ട് പതുക്കെ ദല്‍ഹിയെ വിഴുങ്ങുന്നുണ്ടാകും. അപ്പോഴേക്കും രാഷ്ട്രപതി ഭവനില്‍ നിന്നും കെട്ടിടത്തിനെ തൊട്ടുള്ള നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളില്‍ നിന്നും പ്രകാശം ഇരച്ചു കയറുകയായി...1,000 ത്തോളം ബള്‍ബുകളുടെ ഇല്യുമിനേഷന്‍ കാണികളുടെ മനം കവരും. പ്രകൃതിയുടെ സ്വാഭാവിക പരിണാമത്തില്‍ വെളിച്ചവും ഇരുട്ടും മാറിമാറി വരും. കര്‍മ്മത്തിന്റെ തുടര്‍ച്ചയ്ക്ക് രാവിനെ പകലാക്കാന്‍ മനുഷ്യന്റെ അധിക കര്‍മ്മം അനിവാര്യമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതുപോലെ. ഇരുട്ടു കീറുന്ന വെളിച്ചത്തിന്റെ ഒരുക്കത്തിന് അലങ്കാരംകൂടി അഴകുചേര്‍ക്കുമ്പോള്‍ കര്‍ണ്ണങ്ങളെ കുൡപ്പിച്ച സംഗീതത്തിനൊടുവില്‍ കണ്ണുകളെ ആനന്ദിപ്പിക്കുന്ന വെളിച്ചവും ചേരും... ആസ്വദിച്ചു മതിയാകാതെ കാണികള്‍ അടുത്ത റിപ്പബ്ലിക് ആഘോഷങ്ങള്‍ക്കായി കാതോര്‍ക്കാന്‍ തുടങ്ങും, കണ്ണു നീട്ടാന്‍ തുടങ്ങും...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.