പിണറായിയുടെ നിര്‍ദ്ദേശം തള്ളി ലോക്കല്‍കമ്മറ്റി

Wednesday 27 January 2016 9:16 pm IST

ചേര്‍ത്തല: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ നിര്‍ദ്ദേശം തള്ളി വെട്ടയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി, പാര്‍ട്ടിയില്‍ പൊട്ടിത്തെറി. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ വെട്ടയ്ക്കല്‍ ലോക്കല്‍ സമ്മേളനത്തില്‍ തുല്യ വോട്ടുകള്‍ ലഭിച്ച മത്‌സ്യ തൊഴിലാളി ഫെഡറേഷന്‍ ട്രഷറര്‍ കെ.കെ.ദിനേശന്‍, ജില്ലാ കമ്മിറ്റിയംഗം പി.എസ്. മാമച്ചന്‍ എന്നിവരിലൊരാളെ നറുക്കെടുപ്പിലൂടെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെങ്കിലും ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതാണ് അണികളെ ക്ഷുഭിതരാക്കിയത്. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയെങ്കിലും അരൂര്‍ ഏരിയാ കമ്മിറ്റിയും, വെട്ടയ്ക്കല്‍ ലോക്കല്‍ നേതൃത്വവും തീരുമാനം നടപ്പാക്കാതെ നീട്ടിക്കൊുപോകുന്നതായാണ് വിമര്‍ശനം ഉയരുന്നത്. പ്രാദേശിക നേതൃത്വത്തിന് അനഭിമതരായതിനാലാണ് തീരുമാനം വൈകിക്കുന്നതെന്നാണ് സൂചന. ലോക്കല്‍ സമ്മേളനത്തില്‍ 13 അംഗ കമ്മിറ്റി രൂപീകരിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇപ്പോഴും പന്ത്രണ്ട് പേരാണ് കമ്മിറ്റിയിലുള്ളത്. ഒരാളുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഔദ്യോഗീക പാനലില്‍ ഉള്‍പ്പെട്ട് പരാജയപ്പെട്ടവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. അവധികഴിഞ്ഞിട്ടും സഹകരണ ബാങ്ക് പ്രസിഡന്റിന് ചുമതല കൈമാറാത്തതും വിമര്‍ശന വിധേയമായിട്ടുണ്ട്. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ പിണറായി നയിക്കുന്ന നവകേരളാ മാര്‍ച്ച് ബഹിഷ്‌ക്കരിക്കുവാനും പാര്‍ട്ടി വിടാനുമുള്ള ആലോചനയും പ്രവര്‍ത്തകരില്‍ ശക്തമായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ വെട്ടയ്ക്കലിലെ വിഭാഗീയത പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.