തിരുവാര്‍പ്പ് സ്വാമിയാര്‍ മഠം

Wednesday 27 January 2016 9:55 pm IST

തെക്കേമഠം സ്വാമിയാര്‍ക്ക് തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍  നിത്യപുഷ്പാഞ്ജലി വേണ്ടിവന്നതിനാല്‍ ക്ഷേത്രത്തിനു സമീപം ഒരു മഠം സ്ഥാപിക്കപ്പെട്ടു. കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് ഗ്രാമത്തിലാണ് ഈ മഠം. പത്മപാദാചാര്യര്‍ ഈ മഠത്തില്‍ വെച്ചാണ് സമാധിയായതെന്നും ആ സമാധി സ്ഥലത്താണ് മഠത്തിന്റെ വടക്കുവശത്തുള്ള ശിവക്ഷേത്രം നിര്‍മിച്ചതെന്നുമാണ് ഐതിഹ്യം. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഇതരരാജ്യങ്ങളെ വെട്ടിപ്പിടിച്ച് വിസ്തൃതി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കാലം. വേണാടിനേക്കാള്‍ ചെറുതായ ഓണാട്ടുകര (കായംകുളം) രാജ്യത്തെ കീഴടക്കാന്‍ കഴിയുന്നില്ല. ഓണാട്ടുകര രാജാവ് നിത്യവും പൂജിച്ചുവരുന്ന സാളഗ്രാമമാണ് ആ നാടിന്റെ ഐശ്വര്യത്തിന് പ്രധാന കാരണമെന്ന് ദിവാന്‍ രാമയ്യനിലൂടെ മനസ്സിലാക്കിയ മഹാരാജാവ് തെക്കേമഠം സ്വാമിയാരിലൂടെ ആ സാളഗ്രാമം കരസ്ഥമാക്കി. ലക്ഷ്മീനരസിംഹ സാളഗ്രാമം അനന്തപുരിയില്‍ എത്തിച്ചുവെങ്കിലും വിധിപ്രകാരം വെച്ച് പൂജിക്കുവാന്‍ പറ്റിയസ്ഥലം അന്വേഷിക്കുകയായിരുന്നു. പ്രശ്‌നവിധിയില്‍ കണ്ടതിനെത്തുടര്‍ന്നാണ് ഇതിന് അനുയോജ്യമായ തിരുവാര്‍പ്പ് ഗ്രാമത്തില്‍ സാളഗ്രാമ പ്രതിഷ്ഠ നടത്തിയത്. നന്ദിസൂചകമായി മഹാരാജാവ് തെക്കേമഠം സ്വാമിയാരുടെ മഠം പുതുക്കിപ്പണിതു. കോവിലകങ്ങളുടെ മാതൃകയില്‍ മുപ്പത്തെട്ടുകെട്ടും തേവാരപ്പുറ, തിടപ്പള്ളി, ഊട്ടുപുര ആദിയായ എടുപ്പുകളും നിര്‍മിച്ചുകൊടുത്തു. സ്വാമിയാര്‍ക്ക് യാത്ര ചെയ്യാന്‍ ഒന്‍പത് തണ്ടുകാരും മൂന്ന് അമരക്കാരും ഏര്‍പ്പാടാക്കി. ശില്‍പ്പചാതുരിയില്‍ പണിതീര്‍ത്ത അടച്ചുകെട്ടി കിളിവാതിലുകളോടുകൂടിയ വഞ്ചിയും പണിതുകൊടുത്തു. പത്മപാദാചാര്യരുടെ കാലം മുതല്‍ തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്ന നിത്യപുഷ്പാഞ്ജലി ഇന്നും തുടര്‍ന്നുപോകുന്നുവെന്നതു മാത്രം ആശ്വാസകരമായൊരു കാര്യം. തിരുവാര്‍പ്പുമഠത്തിനു പുറമെ തെക്കേമഠത്തിന് തൃശിവപേരൂര്‍ ജില്ലയിലെ കൈക്കുളങ്ങരയിലും ആറ്റൂരും വേലൂരും ഗുരുവായൂരും കീഴ്മഠങ്ങളുണ്ട്. വൈറ്റിലയില്‍ ഉണ്ടായിരുന്ന കീഴ്മഠവും ദേവസ്വവും കൊച്ചിരാജാവ് ഏറ്റെടുത്തു. തെക്കേമഠത്തിലെ സ്വാമിയാര്‍ വൈറ്റില മഠത്തില്‍ എഴുന്നള്ളുന്ന അവസരത്തില്‍ കൊച്ചി രാജാവിന് ആ പ്രദേശത്തിലൂടെ കടന്നുപോകണമെങ്കില്‍ സ്വാമിയാരെ കണ്ട് വന്ദിക്കണമെന്ന ചടങ്ങ് അനിവാര്യമായിരുന്നു. ഈ നിഷ്‌കര്‍ഷ രാജാവിന്റെ യാത്രകള്‍ക്ക് വിഘാതമായി വന്നു. അതിന്റെ അടിസ്ഥാനത്തില്‍ രാജാവിന്റെ അധീനതയിലുള്ള ആറ്റൂര്‍ ദേവസ്വം തെക്കേ മഠത്തിനു നല്‍കി, പകരം വൈറ്റില ക്ഷേത്രവും മഠവും കൊച്ചി തമ്പുരാന് കൈമാറി. ഇപ്പോള്‍ വൈറ്റില ക്ഷേത്രവും മഠവും കൊച്ചി ദേവസ്വത്തിന്റെ കീഴിലാണെങ്കിലും തെക്കേ മഠം സ്വാമിയാര്‍ കൊല്ലത്തില്‍ ഒരിക്കല്‍ ഈ ക്ഷേത്രത്തില്‍ പോയി പുഷ്പാഞ്ജലി നടത്തിവരുന്നുണ്ട്. തെക്കേമഠത്തിന്റെ കീഴില്‍ പതിനെട്ടോളം ക്ഷേത്രങ്ങളുണ്ട്. തിരുവാര്‍പ്പ്, അരീപ്പറമ്പി, അമയന്നൂര്‍, പൂവരണി, ആവോലി, എളന്തിക്കര, വേലൂര്‍, കൈക്കുളങ്ങര ഭഗവതിക്ഷേത്രം, ആറ്റൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം, മണലാടി മഹാവിഷ്ണുക്ഷേത്രം, കിഴക്കുംപാട്ടുകരപനമുക്കുംപ്പിള്ളി അയ്യപ്പിള്ളി അയ്യപ്പക്ഷേത്രം, കലങ്ങണ്ടത്തൂര്‍ നരസിംഹ ക്ഷേത്രം, മങ്ങാട്ടൂര്‍ കിരാതമൂര്‍ത്തി ക്ഷേത്രം, ദേശമംഗലം മണിക്കുറ്റി ക്ഷേത്രം തുടങ്ങിയവയാണ് ഈ ക്ഷേത്രങ്ങള്‍. ഇടക്കാലത്ത് ഈ ക്ഷേത്രങ്ങളില്‍ ഒരു വിളക്കു തെളിയിക്കാന്‍ പോലും ബുദ്ധിമുട്ടായ സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ക്ഷേത്രങ്ങള്‍ അഭിവൃദ്ധിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.