വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടി; 6 പേര്‍ പിടിയില്‍

Wednesday 27 January 2016 10:06 pm IST

കമ്പംമെട്ട്: വാഹനപരിശോധനയ്ക്കിടെ കഞ്ചാവുമായി ആറംഗസംഘം പിടിയില്‍. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് സിനിമാ സ്റ്റൈലില്‍. എറാണാകുളം കുന്നത്ത്‌നാട് കുമാരപുരം പള്ളിക്കര വഴക്കനാല്‍ ബെന്‍സണ്‍(21), ആപ്പാന്‍ച്ചിറ വീട്ടില്‍ റ്റിബിന്‍(22), കളപ്പുരയില്‍ വിഷ്ണുദാസ്(22), മഠത്തില്‍പറമ്പില്‍ അരുണ്‍(24), പാറയ്ക്കാമുകള്‍ സിദ്ദിക്ക്(21), പുലിയന്നൂര്‍ ചേര്‍പ്പുങ്കല്‍ ചാവേലില്‍ വീട്ടില്‍ മാര്‍ട്ടിന്‍(21) എന്നിവരാണ് പിടിയിലായത്. സംഭവം ഇങ്ങനെ: റിപ്പബ്ലിക്ക് ഡേ ദിനത്തില്‍ കമ്പംമെട്ട് എസ്‌ഐ യുടെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ആറംഗസംഘം ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാറില്‍ ചെക്ക്‌പോസ്റ്റിലെത്തുന്നത്. കാറിന്റെ ബോണറ്റ് പരിശോധനയ്ക്കായി തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ കമ്പംമെട്ട് സ്റ്റേഷനിലെ എസ്‌ഐ ഗ്രേഡ് ഉദ്യോഗസ്ഥനായ കെ ആര്‍ റഹിമിനെ കാറിന് ഇടിച്ച് വീഴ്ത്താന്‍ ശ്രമം നടത്തി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ പുളിയന്‍മല പെട്രോള്‍ പമ്പിന് സമീപത്തുനിന്നുമാണ് കാര്‍ പിടികൂടുന്നത്. ഈ സമയം ചേറ്റുകുഴി കള്ള്ഷാപ്പിന് സമീപം ഇവര്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിലാണ് ഇത് കണ്ടെടുത്തത്. കമ്പംമെട്ട് എസ്‌ഐ കെ എ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും 840 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പോലിസ് ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്താന്‍ ശ്രമിച്ചതിനും ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതികളെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.